wayanad local

വയനാട്ടില്‍ പോളിങ് ശതമാനം വര്‍ധിച്ചു

കല്‍പ്പറ്റ: കനത്ത സുരക്ഷാ സന്നാഹങ്ങളോടെ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ജില്ലയില്‍ 78.22 ശതമാനം വോട്ടുകള്‍ പോള്‍ ചെയ്‌തെന്ന് ഔദ്യോഗിക കണക്ക്. ഏറ്റവും ഉയര്‍ന്ന പോളിങ് കല്‍പ്പറ്റ മണ്ഡലത്തിലാണ്- 78.75 ശതമാനം.
സുല്‍ത്താന്‍ ബത്തേരി- 78.55, മാനന്തവാടി- 77.3 എന്നിങ്ങനെയാണ് മറ്റ് മണ്ഡലങ്ങളിലെ പോളിങ് നില. 2011ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ജില്ലയിലെ പോളിങ് ശതമാനം 73.8 ആയിരുന്നു.
മാനന്തവാടി-74.15, സുല്‍ത്താന്‍ ബത്തേരി-73.18, കല്‍പ്പറ്റ-74.19 എന്നിങ്ങനെയായിരുന്നു 2011ല്‍ വിവിധ മണ്ഡലങ്ങളിലെ പോളിങ് ശതമാനം. എല്ലാ മണ്ഡലത്തിലും ഇത്തവണ പോളിങ് ഉയര്‍ന്നിട്ടുണ്ട്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പോളിങ് കുറഞ്ഞ ബൂത്തുകള്‍ കേന്ദ്രീകരിച്ച് ജില്ലയിലാകെ നടപ്പാക്കിയ വിവിധ പദ്ധതികള്‍ പോളിങ് ശതമാനം ഉയര്‍ത്താന്‍ സഹായകമായെന്നാണ് വിലയിരുത്തല്‍.
ജില്ലയില്‍ സുല്‍ത്താന്‍ ബത്തേരി, മാനന്തവാടി, കല്‍പ്പറ്റ നിയമസഭാ മണ്ഡലങ്ങളിലായി 5,96,939 വോട്ടര്‍മാരാണുള്ളത്. 3,04,621 പുരുഷ വോട്ടര്‍മാരും 2,92,318 സ്ത്രീ വോട്ടര്‍മാരും. പൊതുവെ മഴ മാറിനിന്ന അന്തരീക്ഷത്തില്‍ നടന്ന തിരഞ്ഞെടുപ്പില്‍ ഒരു മണിയോടെ തന്നെ ജില്ലയില്‍ 50.71 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തി. രാവിലെ എട്ടിന് 9.2, ഒമ്പതിന് 15.9, 10ന് 25.6, 11ന് 32.8, 12ന് 37.13, ഒന്നിന് 50.71, രണ്ടിന് 53.14 എന്നിങ്ങനെയാണ് പോളിങ് ശതമാനം ഉയര്‍ന്നത്. വൈകീട്ട് അഞ്ചിന് ജില്ലയിലെ പോളിങ് ശതമാനം 70.32 ആയി.
സുല്‍ത്താന്‍ ബത്തേരി- എട്ട്, മാനന്തവാടി- 11, കല്‍പ്പറ്റ- 10 എന്നിങ്ങനെ 29 സ്ഥാര്‍ഥികളാണ് ജനവിധി തേടിയത്. ഒരു ഓക്‌സിലിയറി പോളിങ് സ്‌റ്റേഷന്‍ ഉള്‍പ്പെടെ 470 പോളിങ് സ്‌റ്റേഷനുകളായിരുന്നു ജില്ലയില്‍. സുല്‍ത്താന്‍ ബത്തേരി മണ്ഡലത്തില്‍ 184 പോളിങ് ബൂത്തുകളും കല്‍പ്പറ്റ മണ്ഡലത്തില്‍ 145 ബൂത്തുകളും മാനന്തവാടി മണ്ഡലത്തില്‍ 141 ബൂത്തുകളുമാണുണ്ടായിരുന്നത്.
Next Story

RELATED STORIES

Share it