വയനാട്ടില്‍ കാട്ടുവിരിച്ചിറകന്‍ തുമ്പിയെ കണ്ടെത്തി

കല്‍പ്പറ്റ: വയനാട്ടില്‍ ആദ്യമായി കാട്ടുവിരിച്ചിറകന്‍ തുമ്പിയെ കണ്ടെത്തി. മലബാര്‍ നാച്ചുറല്‍ ഹിസ്റ്ററി സൊസൈറ്റിയുടെ സഹകരണത്തോടെ സംസ്ഥാന വനം-വന്യജീവി വകുപ്പ് വയനാട് വന്യജീവി സങ്കേതത്തില്‍ മെയ് 27 മുതല്‍ 29 വരെ നടത്തിയ രണ്ടാമത് തുമ്പി സര്‍വേയിലാണ് കാട്ടുവിരിച്ചിറകന്റെ സാന്നിധ്യം സ്ഥിരീകരിച്ചത്. സങ്കേതത്തിലെ തോല്‍പ്പെട്ടി റേഞ്ചിലാണ് കാട്ടുവിരിച്ചിറകനെ കാണാനായതെന്ന് സര്‍വേ കോ-ഓഡിനേറ്ററും പരിസ്ഥിതി പ്രവര്‍ത്തകനുമായ ജാഫര്‍ പാലോട്ട് പറഞ്ഞു.
പശ്ചിമഘട്ടത്തില്‍ മലബാറിനു പുറത്ത് ഈയിനം തുമ്പിയുടെ സാന്നിധ്യം നേരത്തേ സ്ഥിരീകരിച്ചിരുന്നു. 75 ഇനം തുമ്പികളെയാണ് സര്‍വേയില്‍ കണ്ടത്. 2014 മെയില്‍ നടന്ന പ്രഥമ സര്‍വേയില്‍ 68 ഇനം തുമ്പികളുടെ സാന്നിധ്യമാണു സ്ഥിരീകരിച്ചത്. പരിസ്ഥിതി രംഗത്തെ വിദഗ്ധരും ഫോട്ടോഗ്രാഫര്‍മാരുമടക്കം ദക്ഷിണേന്ത്യയുടെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള 49 പേരാണ് ഇത്തവണ സര്‍വേയില്‍ പങ്കാളികളായത്. വയനാട് വന്യജീവി സങ്കേതത്തിന്റെ പല ഭാഗങ്ങളും. സങ്കേത പരിധിയിലെ മുത്തങ്ങ, മുതുമലക്കല്ല്, കല്ലുമുക്ക്, പല്‍പത്തൂര്‍, ഗോളൂര്‍വയല്‍, നരിമാന്തിക്കൊല്ലി, ഒട്ടിപ്പാറ, ചെതലയം, ദൊഡ്ഡാഡി, പുഞ്ചവയല്‍, ബേഗൂര്‍ പ്രദേശങ്ങളിലെ തണ്ണീര്‍ത്തടങ്ങള്‍, അരുവികള്‍, വയലുകള്‍ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു സര്‍വേ.
സര്‍വേയില്‍ കണ്ടതില്‍ 44 ഇനങ്ങള്‍ കല്ലന്‍തുമ്പികളുടെയും 31 ഇനങ്ങള്‍ സൂചിത്തുമ്പികളുടെയും ഗണത്തില്‍പ്പെടുന്നതാണ്. തുമ്പികളില്‍ 20 ഇനങ്ങള്‍ തദ്ദേശീയമാണ്. തോല്‍പ്പെട്ടി റേഞ്ചിലെ ബേഗൂര്‍ പുഞ്ചവയലിലാണ് കൂടുതല്‍ ഇനം തുമ്പികളെ കണ്ടെതെന്ന് സര്‍വേ അംഗങ്ങള്‍ പറഞ്ഞു. 50 ഇനങ്ങളുടെ സാന്നിധ്യമാണ് പുഞ്ചവയലില്‍ സ്ഥിരീകരിച്ചത്. മുത്തങ്ങ റേഞ്ചിലെ കല്ലുമുക്കില്‍ 41 ഇനങ്ങളെ കാണാനായി. വയനാടന്‍ മുളവാലന്‍, കൂട്ടുമുളവാലന്‍, പുള്ളിവാലന്‍, ചോലക്കടുവ, പെരുവാലന്‍ കടുവ, പുഴക്കടുവ, നീലനീര്‍തോഴന്‍ തുടങ്ങിയവയാണ് സര്‍വേയില്‍ കണ്ട തദ്ദേശീയ ഇനങ്ങള്‍.സി ജി കിരണ്‍, അബ്ദുല്‍ റിയാസ്, കെ ബാലചന്ദ്രന്‍, പി മനോജ്, ബാലകൃഷ്ണന്‍ വളപ്പില്‍, ഡോ. പി രാജന്‍ എന്നിവരാണ് സര്‍വേ സംഘത്തിലുണ്ടായിരുന്നത്.
Next Story

RELATED STORIES

Share it