Districts

വയനാട്ടിലുള്ളത് 178 ഇനം പൂമ്പാറ്റകള്‍

മാനന്തവാടി: ചിത്രശലഭ സര്‍വേയില്‍ വയനാട്ടില്‍ പട്ട നീലാംബരിയെന്ന ചിത്രശലഭത്തെ കണ്ടത്തി. കേരള സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡും കേരള വനം- വന്യജീവി വകുപ്പും ചേര്‍ന്നു നടത്തിയ സര്‍വേയിലാണ് പട്ടനീലാംബരിയെ കണ്ടെത്തിയത്. 178 ഇനം ചിത്രശലഭങ്ങള്‍ സര്‍വേയില്‍ കണ്ടെത്തിയിട്ടുണ്ട്. ഇക്കഴിഞ്ഞ 13 മുതല്‍ 15 വരെ വടക്കേ വയനാട് വനം ഡിവിഷനിലെ പേര്യ, മാനന്തവാടി, ബേഗൂര്‍, റേഞ്ചുകളിലും തെക്കേ വയനാട് ചെതലയം റേഞ്ചിലും വയനാട് വന്യജീവി സങ്കേതത്തിലെ തോല്‍പ്പെട്ടി റേഞ്ചിലുമായി 15 സ്ഥലത്തു നടത്തിയ സര്‍വേയിലാണ് 178 ഇനം ചിത്രശലഭങ്ങളെ കണ്ടെത്തിയത്. കിളിവാലന്‍, ശ്വേത- പീത ശലഭങ്ങള്‍ , രോമപാദ ശലഭങ്ങള്‍ , നീലി ശലഭങ്ങള്‍, തുള്ളന്‍ ശലഭങ്ങള്‍ തുടങ്ങിയവെയാണ് കണ്ടെത്തിയിട്ടുള്ളത്. ഇതില്‍ പശ്ചിമഘട്ടത്തില്‍ മാത്രം കണ്ടുവരുന്ന ഒമ്പത് ഇനം ശലഭങ്ങളുമുണ്ട്. വന്യജീവി സംരക്ഷണ പട്ടികയിലെ ഒന്നാം വിഭാഗത്തില്‍ പെടുന്ന വന്‍ചൊട്ട ശലഭം, ചക്കര ശലഭം, പുള്ളിവാലന്‍ ശലഭം എന്നിവയും ഇതില്‍ പെടും. കാലാവസ്ഥയില്‍ വരുന്ന മാറ്റവും കീടനാശിനി പ്രയോഗവും ആവാസവ്യവസ്ഥയുടെ നാശവും ശലഭങ്ങളുടെ നിലനില്‍പ്പിനു ഭീഷണിയാവുന്നതായി സര്‍വേ സംഘം ചൂണ്ടിക്കാട്ടുന്നു. ചിത്രശലഭ നിരീക്ഷകരായ സുവോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയിലെ മുഹമ്മദ് ജാഫര്‍ പാലോട്ട്, ബാലകൃഷ്ണന്‍ വളപ്പില്‍ വി സി ബാലകൃഷ്ണന്‍, ചന്ദ്രശേഖരന്‍ കൊയിലാണ്ടി, ജില്ലയിലെ വിവിധ സ്‌കൂളുകളിലെ ബയോ ഡൈവേഴ്‌സിറ്റി ക്ലബ്ബുകളില്‍ നിന്നു തിരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ഥികള്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രശലഭങ്ങളുടെ കണക്കെടുപ്പു നടത്തിയത്.
Next Story

RELATED STORIES

Share it