വന്‍ ശക്തികളുമായുള്ള ഇറാന്‍ ആണവ ധാരണ നടപ്പാക്കല്‍; ഉപരോധം നീക്കിയ നടപടി സ്വാഗതം ചെയ്ത് യുഎന്‍

ന്യൂയോര്‍ക്ക്: ആണവ സമ്പുഷ്ടീകരണത്തിന്റെ പേരില്‍ ഇറാനെതിരേ ഏര്‍പ്പെടുത്തിയ ഉപരോധം വന്‍ ശക്തികള്‍ പിന്‍വലിച്ച നടപടി നാഴികക്കല്ലെന്നു യുഎന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍. ഇത് സമാധാന പ്രക്രിയയെ ത്വരിതപ്പെടുത്തുമെന്നും മേഖലയില്‍ സുരക്ഷയും സ്ഥിരതയും കൊണ്ടുവരുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.
ലോക വന്‍ശക്തി രാജ്യങ്ങളുമായി ഉണ്ടാക്കിയ ആണവകരാറിലെ വ്യവസ്ഥകള്‍ ഇറാന്‍ പാലിച്ചെന്ന അന്താരാഷ്ട്ര ആണവോര്‍ജ സംഘടനയുടെ (ഐഎഇഎ) റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഉപരോധം നീക്കിയത്. യുഎന്‍ രക്ഷാസമിതിയുടെ തീരുമാനങ്ങള്‍ക്കനുസൃതമായി ഉപരോധം എടുത്തുകളയുന്ന നടപടിക്ക് മുഴുവന്‍ പിന്തുണ വാഗ്ദാനം ചെയ്യുന്നതായും മൂണ്‍ കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ജൂലൈയിലാണ് ഇറാന്‍ ആറു വന്‍ ശക്തി രാഷ്ട്രങ്ങളുമായി ആണവകരാറില്‍ ഒപ്പുവച്ചത്. ആണവായുധങ്ങള്‍ വികസിപ്പിക്കുന്നതിനുള്ള യുറേനിയം സമ്പുഷ്ടീകരണ സെന്‍ട്രിഫ്യൂജുകളുടെ എണ്ണത്തില്‍ കുറവ് വരുത്തണമെന്നും അറാഖിലെ ഘനജല റിയാക്ടറിന്റെ പ്രവര്‍ത്തനം നിര്‍ത്തണമെന്നും കരാറില്‍ വ്യവസ്ഥ ചെയ്തിരുന്നു. യൂറോപ്യന്‍ യൂനിയന്റെ വിദേശ ചുമതലയുള്ള ഫെഡറിക മോഖേനിയാണ് ഉപരോധം പിന്‍വലിച്ചതായി അറിയിച്ചത്. ചരിത്രദിനമെന്നും തിളക്കമാര്‍ന്ന വിജയമെന്നുമായിരുന്നു ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി ഇതേക്കുറിച്ച് ട്വിറ്ററില്‍ പ്രതികരിച്ചത്. ഉപരോധം നീങ്ങിക്കിട്ടുന്നത് വരെ ക്ഷമയോടെ കാത്തിരിക്കുന്ന ഇറാനിയന്‍ ജനതയെ നന്ദിയോടെ അഭിവാദ്യം ചെയ്യുന്നതായും അദ്ദേഹം പറഞ്ഞു.
ആണവ സമ്പുഷ്ടീകരണത്തിന്റെ പശ്ചാത്തലത്തില്‍ ഇറാനെതിരേ വന്‍ ശക്തികള്‍ ഏര്‍പ്പെടുത്തിയ അന്താരാഷ്ട്ര ഉപരോധം പിന്‍വലിച്ചതിനെ തുടര്‍ന്ന് ഇറാനില്‍നിന്നുള്ള എണ്ണ അന്താരാഷ്ട്ര വിപണിയിലേക്ക് ഒഴുകും. ഇത് എണ്ണ വിപണയില്‍ വീണ്ടും ഇടിവുണ്ടാക്കുമെന്നാണ് സൂചന.
Next Story

RELATED STORIES

Share it