thrissur local

വന്‍തോട് വികസന പദ്ധതിയുടെ ഭാഗമായി നിര്‍മിച്ച പാലം അപകടാവസ്ഥയില്‍

മാള: കൊട്ടിഘോഷിച്ച് നടപ്പാക്കിയ എക്കാട്ടിത്തോട് വന്‍തോട് വികസന പദ്ധതിയുടെ ഭാഗമായി നിര്‍മിച്ച പാലം തകര്‍ച്ചയില്‍. വന്‍തോട് വികസന പദ്ധതിക്കായി അനുവദിക്കപ്പെട്ട നാല് കോടിയോളം രൂപ വിനിയോഗിച്ച് പണിത പാലങ്ങളില്‍ ഒന്നാണീ പാലം. രണ്ട് വര്‍ഷം മുന്‍പ് നിര്‍മിച്ച പാലം ഇതിനകം അരയടിയോളം താഴ്ന്നിട്ടുണ്ട്.
എരവത്തൂര്‍ നിന്നും മേലാംതുരുത്ത് വഴി തുമ്പരശ്ശേരിക്കും കാക്കുളിശ്ശേരിക്കും മറ്റും പോകുന്ന റോഡിലാണീ പാലം. ഒരു വര്‍ഷം മുമ്പ് കൊട്ടിഘോഷിച്ച് ഉദ്ഘാടനം നടത്തിയ മേലാംതുരുത്ത് തുമ്പരശ്ശേരി മണ്ടിക്കയറ്റം റോഡിന്റെ ഭാഗമായി വരുന്ന പാലവുമാണിത്. പാലത്തിന്റെ ഒരു ഭാഗം താഴേക്ക് ഇരുന്നതോടെ ഒരു വശത്ത് പാലവും റോഡുമായുള്ള അകലം കൂടിയിട്ടുണ്ട്. കൂടെ ഉയര വ്യത്യാസവുമുണ്ട്. ഭാരവാഹനങ്ങള്‍ കാര്യമായി പോവാതെ തന്നെ പാലം താഴേക്ക് താഴ്ന്നു കൊണ്ടിരിക്കുകയാണ്. ഭാരവാഹനങ്ങള്‍ ഇതിലൂടെ കടന്നു പോവുമ്പോള്‍ പാലം തകരുമോയെന്നാണ് നാട്ടുകാരുടെ ആശങ്ക.
പാലം താഴേക്ക് ഇരിക്കുന്നത് കൂടാതെ പാലത്തില്‍ വിള്ളലുകള്‍ വീഴുന്നുമുണ്ട്. പാലങ്ങള്‍ പണിയുമ്പോള്‍ സാധാരണ ഗതിയില്‍ പൈലിങ് നടത്തി പില്ലറുകള്‍ പാറയിലിരുത്തിയാണ് നിര്‍മിക്കുക.
അത്തരത്തില്‍ നിര്‍മാണ പ്രവൃത്തികളൊന്നും നടത്താതിരുന്നതാണ് പാലം താഴേക്ക് പോവാന്‍ കാരണം. അഴിമതിയില്‍ മുങ്ങി നടത്തിയ പണിയായതിനാലാണ് പാലം അപകടാവസ്ഥയിലാവാന്‍ കാരണമെന്നാണ് നാട്ടുകാരുടെ ആരോപണം. പാലിശ്ശേരിയിലേയും മേലഡൂരിലേയും പൂവ്വത്തുശ്ശേരിയിലേയും നാല് വിദ്യാലയങ്ങളിലേക്കുള്ള വിദ്യാര്‍ഥികളുമായി വാഹനങ്ങള്‍ സഞ്ചരിക്കുന്ന പാതയാണിത്.
കൂടാതെ നൂറ്കണക്കിന് ആളുകള്‍ നിത്യേന സഞ്ചരിക്കുന്നതുമായ റോഡാണിത്. എട്ടു വര്‍ഷം മുമ്പ് നിര്‍മിച്ച പാലം ഒരു പ്രശ്‌നവുമില്ലാതെ അല്‍പ്പമകലെ നില്‍ക്കുമ്പോഴാണ് രണ്ട് വര്‍ഷം മുമ്പ് മാത്രം നിര്‍മിച്ച പാലം തകരുന്നത്. വന്‍തോട് പദ്ധതിയുടെ ഭാഗമായുള്ള പണികള്‍ പൂര്‍ത്തീകരിക്കാതെ തന്നെ കരാറുകാര്‍ സര്‍ക്കാരില്‍ നിന്നും ഫണ്ട് കൈപ്പറ്റിയെന്നാണ് നാട്ടുകാര്‍ പറയുന്നത്. നബാര്‍ഡിന്റെ സാമ്പത്തിക സഹായത്തോടെയാണ് എക്കാട്ടിത്തോട് വന്‍തോട് വികസന പദ്ധതി നടപ്പാക്കിയത്.
Next Story

RELATED STORIES

Share it