വന്‍കിട ജലവൈദ്യുത പദ്ധതികള്‍ അനിവാര്യം: മന്ത്രി കടകംപള്ളി

തിരുവനന്തപുരം: സംസ്ഥാനം നേരിടുന്ന കടുത്ത ഊര്‍ജപ്രതിസന്ധി പരിഹരിക്കാന്‍ വന്‍കിട ജലവൈദ്യുത പദ്ധതികള്‍ അനിവാര്യമാണെന്ന് വൈദ്യുതിമന്ത്രി കടകംപള്ളി സുരേന്ദ്രന്‍. പ്രസ് ക്ലബ്ബ് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വളരെ സങ്കീര്‍ണമാണ് വൈദ്യുതിമേഖലയിലെ അവസ്ഥ. വൈദ്യുതിയുടെ ആവശ്യകത ആറുശതമാനമായി വര്‍ധിച്ചിട്ടുണ്ട്.
1000-1200 മെഗാവാട്ട് വരെ ഉല്‍പാദന വര്‍ധനവാണ് നിലവില്‍ ആവശ്യമുള്ളത്. സംസ്ഥാനത്ത് ഉപഭോഗത്തിനനുസരിച്ച് വൈദ്യുതി ഉല്‍പാദനം നടക്കുന്നില്ല. അതിനാലാണു വന്‍കിട പദ്ധതികളെ ആശ്രയിക്കേണ്ടിവരുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ തുറന്ന ചര്‍ച്ചയിലൂടെയും സമവായത്തിലൂടെയും മാത്രമേ തീരുമാനമെടുക്കുകയുള്ളൂ.
ആതിരപ്പിള്ളി ഉള്‍പ്പെടെയുള്ള പദ്ധതികള്‍ ജനങ്ങള്‍ക്ക് ആവശ്യമെങ്കില്‍ മാത്രം നടപ്പാക്കും. എല്ലാ അനുമതികളും ലഭിച്ച നിരവധി പദ്ധതികള്‍ പലതും നിസ്സാര കാരണങ്ങളാല്‍ വര്‍ഷങ്ങളായി മുടങ്ങിക്കിടക്കുകയാണ്. ഇത് പരിഹരിക്കുകയാണ് സര്‍ക്കാരിന്റെ പ്രഥമലക്ഷ്യം. സൗരോര്‍ജം ഉള്‍പ്പെടെയുള്ള മറ്റ് സ്രോതസ്സുകള്‍ ഉപയോഗപ്പെടുത്തുന്ന കാര്യത്തിനും പരിഗണന നല്‍കും. വൈദ്യുതിക്ഷാമം പരിഹരിക്കാന്‍ പ്രത്യേക പദ്ധതിതന്നെ വേണമെന്ന പിടിവാശിയില്ല. ജലവൈദ്യുതേതര പദ്ധതികളും ആവിഷ്‌കരിക്കും. സോളാര്‍, കാറ്റാടി പദ്ധതികള്‍ വ്യാപകമാക്കും. കാസര്‍കോട് ജില്ലയില്‍ 200 മെഗാവാട്ട് ഉല്‍പാദനശേഷിയുള്ള സോളാര്‍ പാര്‍ക്ക് സ്ഥാപിക്കും.
ആദ്യഘട്ടത്തില്‍ 50 മെഗാവാട്ട് വൈദ്യുതി ഉല്‍പാദിപ്പിക്കും. കഴിഞ്ഞ അഞ്ചുവര്‍ഷം വൈദ്യുതി ഉല്‍പാദനരംഗത്ത് വലിയ മുരടിപ്പാണ് ഉണ്ടായത്. ആരംഭിക്കാനായത് 35 മെഗാവാട്ട് ഉല്‍പാദന നിലയങ്ങള്‍ മാത്രം. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ആരംഭിച്ച പള്ളിവാസല്‍, തോട്ടിയാര്‍, ചാത്തന്‍കോട്ട് തുടങ്ങിയ പദ്ധതികള്‍ പൂര്‍ത്തിയാക്കാനും യുഡിഎഫിനായില്ല.
പ്രസരണപ്രതിസന്ധി പരിഹരിക്കാന്‍ വിപുലമായ പദ്ധതികള്‍ ആവിഷ്‌കരിക്കും. ഇതിനായി ബോര്‍ഡുമായി ആലോചിച്ച് തയ്യാറാക്കുന്ന മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കും. ബില്ലടയ്ക്കല്‍, പുതിയ കണക്ഷന്‍ നല്‍കല്‍ തുടങ്ങിയ സേവനങ്ങള്‍ ഓണ്‍ലൈനാക്കും. ബില്ലടയ്ക്കാന്‍ ഓര്‍മിപ്പിച്ചുകൊണ്ടുള്ള എസ്എംഎസ് സംവിധാനം ഏര്‍പ്പെടുത്തും. വൈദ്യുതി തടസ്സങ്ങള്‍ എസ്എംഎസിലൂടെ അറിയിക്കാന്‍ സംവിധാനമൊരുക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
Next Story

RELATED STORIES

Share it