വന്യമൃഗങ്ങളുടെ ആക്രമണം; സംസ്ഥാനത്ത് 5 വര്‍ഷത്തിനിടെ 29.9 കോടിയുടെ നഷ്ടം

പി പി ഷിയാസ്

തിരുവനന്തപുരം: അഞ്ചുവര്‍ഷത്തിനിടെ സംസ്ഥാനത്തു വന്യമൃഗങ്ങള്‍ നാട്ടിലിറങ്ങി നടത്തിയ ആക്രമണത്തില്‍ 29,90,58,427 രൂപയുടെ നഷ്ടം. കൃഷി നശിപ്പിച്ചതും മനുഷ്യരെയും മൃഗങ്ങളെയും ആക്രമിച്ചതുമായി ബന്ധപ്പെട്ടാണ് ഇത്രയും രൂപയുടെ നഷ്ടം കണക്കാക്കിയിരിക്കുന്നത്. എന്നാല്‍ നഷ്ടപരിഹാരം ഭൂരിഭാഗം ജില്ലകളിലും നല്‍കിയിട്ടില്ല. 30,783 കേസുകളാണ് 14 ജില്ലകളിലുമായി ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം റിപോര്‍ട്ട് ചെയ്തത്. 29.90 കോടിയോളം രൂപയുടെ നഷ്ടമുണ്ടായപ്പോള്‍ 25.69 കോടിയോളം രൂപ മാത്രമാണു നഷ്ടപരിഹാരം അനുവദിച്ചത്.
വയനാട് ജില്ലയിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍- 18,567 എണ്ണം. 3,233 ആക്രമണക്കേസുകള്‍ റിപോര്‍ട്ട് ചെയ്ത കണ്ണൂര്‍ ജില്ലയാണ് തൊട്ടുപിന്നില്‍. പാലക്കാട് 2,101 കേസുകളും മലപ്പുറത്ത് 1,508 കേസുകളും റിപോര്‍ട്ട് ചെയ്തു.
വനമേഖല കൂടുതലുള്ള ഇടുക്കിയില്‍ 940ഉം കാസര്‍കോട്ട് 968 കേസുകളുമാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഒരു പരാതി മാത്രമാണു കോട്ടയം ജില്ലയില്‍ റിപോര്‍ട്ട് ചെയ്തിരിക്കുന്നതെന്നതാണു ശ്രദ്ധേയം.
ആക്രമണങ്ങളില്‍ ആളുകള്‍ക്കും മൃഗങ്ങള്‍ക്കും കൃഷിക്കുമുണ്ടായ നഷ്ടത്തിന്റെ തോതിലും വയനാട് ജില്ലതന്നെയാണു മുന്നില്‍- 14.96 കോടി രൂപ. എന്നാല്‍ 11.10 കോടി രൂപ മാത്രമാണ് ഇവിടെ നഷ്ടപരിഹാരം നല്‍കിയത്.
5.06 കോടിയുടെ നഷ്ടമുണ്ടായ പാലക്കാട് ജില്ലയില്‍ 3.13 കോടി രൂപ മാത്രമേ നല്‍കിയിട്ടുള്ളു. 3.56 കോടിയോളം രൂപയുടെ നഷ്ടം റിപോര്‍ട്ട് ചെയ്ത കണ്ണൂര്‍ ജില്ലയില്‍ 3.34 കോടിയാണ് നഷ്ടപരിഹാരം നല്‍കിയത്. 1.38 കോടിയോളം രൂപ നഷ്ടമുണ്ടായ കാസര്‍കോട് ജില്ലയ്ക്കായി 1.32 കോടിയും 1.10 കോടിയോളം രൂപയുടെ നഷ്ടമുണ്ടായ കോഴിക്കോടിന് 98,38,340 രൂപയുമാണു നഷ്ടപരിഹാരം ലഭിച്ചത്. 74 ലക്ഷത്തിന്റെ നഷ്ടം സംഭവിച്ച തിരുവനന്തപുരം ജില്ലയ്ക്കായി 64 ലക്ഷമാണു നഷ്ടപരിഹാര ഇനത്തില്‍ കൊടുത്തത്.
അതേസമയം, വന്യമൃഗങ്ങളുടെ ആക്രമണങ്ങളില്‍ നിന്നും കൃഷിയെയും ആളുകളെയും വളര്‍ത്തുമൃഗങ്ങളെയും സംരക്ഷിക്കാനുള്ള നടപടികള്‍ കാര്യക്ഷമമല്ലെന്ന പരാതി വ്യാപകമാണ്. ആനയും കടുവയും പുലിയുമാണു കൂടുതലായി നാട്ടിലിറങ്ങി നാശം വിതയ്ക്കാറുള്ളത്. ഇതോടൊപ്പം കാട്ടുപന്നികളും പലയിടത്തും വില്ലന്‍മാരാണ്. എന്നാല്‍ ഈ പ്രശ്‌നങ്ങളൊക്കെ പരിഹരിക്കുന്നതിനായി എലിഫന്റ് പ്രൂഫ് ട്രഞ്ച്, സൗരോര്‍ജ വേലി, എലിഫന്റ് പ്രൂഫ് വോള്‍ എന്നിവ നിര്‍മിക്കുകയും ഇവ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നുമാണു വനംവകുപ്പിന്റെ അവകാശവാദം.
Next Story

RELATED STORIES

Share it