Fortnightly

വന്ന വഴിയേ പോകുമോ ദേശീയത

വന്ന വഴിയേ പോകുമോ ദേശീയത
X











ദേശീയതയെ ഒരു രാജ്യത്തെ പൗരന്മാര്‍ക്കിടയില്‍ രൂപം കൊള്ളുന്ന ഐകമത്യബോധമെന്ന് നിര്‍വചിക്കാം. പലപ്പോഴും ഈ ഐക്യബോധത്തിനു മാധ്യമങ്ങളായി വ്യത്യസ്ത ഘടകങ്ങള്‍ വര്‍ത്തിക്കുന്നു. ഇംഗ്ലണ്ടിലും ഫ്രാന്‍സിലും ദേശീയതാബോധത്തിന് ശക്തി പകര്‍ന്നത് ഭാഷയായിരുന്നെങ്കില്‍ ഇസ്രാഈലികള്‍ക്കത് യഹൂദ വംശീയതയും പല യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് ക്രൈസ്തവ മതവുമായിരുന്നു. എന്നാല്‍ വിവിധ ജനസമൂഹങ്ങള്‍ ജീവിക്കുന്ന ഇന്ത്യയിലും സിറ്റ്‌സ്വര്‍ലാണ്ടിലും ദേശീയവികാരം ശക്തമാണെന്നത് ഏറെ രസകരമായ കാര്യമാണ്.




2
ഹാശിര്‍ മടപ്പള്ളി



ദേശീയതയുടെ പരിണിത ഫലമായി ഇന്ത്യയില്‍ ഫാഷിസം വളര്‍ച്ച പ്രാപിച്ചുകൊണ്ടിരിക്കുന്ന രാഷ്ട്രീയ സാഹചര്യത്തില്‍ ദേശീയതയുടെ ചരിത്രത്തെയും അത് രൂപം കൊണ്ട സാഹചര്യത്തെയും കുറിച്ച് ബോധ്യമുണ്ടാവേണ്ടതുണ്ട്.ദേശീയതയെ ഒരു രാജ്യത്തെ പൗരന്മാര്‍ക്കിടയില്‍ രൂപം കൊള്ളുന്ന ഐകമത്യബോധമെന്ന് നിര്‍വചിക്കാം. പലപ്പോഴും ഈ ഐക്യബോധത്തിനു മാധ്യമങ്ങളായി വ്യത്യസ്ത ഘടകങ്ങള്‍ വര്‍ത്തിക്കുന്നു. ഇംഗ്ലണ്ടിലും ഫ്രാന്‍സിലും ദേശീയതാബോധത്തിന് ശക്തി പകര്‍ന്നത് ഭാഷയായിരുന്നെങ്കില്‍ ഇസ്രാഈലികള്‍ക്കത് യഹൂദ വംശീയതയും പല യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് ക്രൈസ്തവ മതവുമായിരുന്നു. എന്നാല്‍ വിവിധങ്ങളായ ജനങ്ങള്‍ ജീവിക്കുന്ന ഇന്ത്യയിലും സിറ്റ്‌സ്വര്‍ലാണ്ടിലും ദേശീയവികാരം ശക്തമാണെന്നത് ഏറെ രസകരമായ കാര്യമാണ്.
ദേശീയതയെ ഭൂമിശാസ്ത്രപരമായ വംശീയത എന്നു വിളിക്കാവുന്നതാണ്. സമുദ്രങ്ങളാല്‍ ചുറ്റപ്പെട്ട ദ്വീപുകളിലും പര്‍വതങ്ങളാല്‍ വേര്‍തിരിക്കപ്പെട്ട പ്രദേശങ്ങളിലും മറ്റു രാഷ്ട്രങ്ങളെക്കാള്‍ ദേശീയ ബോധം വികസിക്കുന്നുവെന്നത് ഇതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ്. അത്തരമൊരു ബോധം അടിസ്ഥാനമാക്കിയാണ് ദേശീയ ബോധത്താല്‍ സംയോജിക്കപ്പെട്ട ദേശരാഷ്ട്രങ്ങള്‍ പിറവിയെടുത്തതും ഇന്നു കാണുന്ന കൃത്യമായ അതിര്‍ത്തികളും വ്യക്തമായ ഭരണ സംവിധാനങ്ങളും ദേശീയ പതാകയും ദേശീയ ഗാനങ്ങളുമുള്ള രാഷ്ട്രങ്ങള്‍ നിലവില്‍ വരുന്നതും.
പുരാതനമായ രാജഭരണ സംവിധാനത്തില്‍ നില നിന്നിരുന്ന രാജഭക്തിയും ദേശസ്‌നേഹവുമായിരുന്നു പിന്നീട് ദേശീയതാ ബോധമായി വളര്‍ന്നുവന്നതെന്ന് നമുക്ക് ഊഹിച്ചെടുക്കാം. പ്രകൃതിപരമായ അതിരുകളാല്‍ ചുറ്റപ്പെട്ട ഓരോ പ്രദേശത്തെ ജനങ്ങള്‍ക്കിടയിലും പണ്ടു മുതലേ ഒരേ കുടുംബത്തിലെ അംഗങ്ങളെപ്പോലെ പരസ്പര സ്‌നേഹവും സൗഹാര്‍ദ്ധവുമുണ്ടായിരുന്നു. രാഷ്ട്രത്തിന് വേണ്ടി ത്യാഗങ്ങള്‍ സഹിക്കുകയെന്നത് പുരാതന ഗ്രീക്കില്‍ വലിയ ബഹുമതിയായിരുന്നു. പുരാതന റോമിലും ആദ്യകാലത്ത് ദേശീയതാ ബോധം നിലനിന്നതിന്റെ സൂചനകള്‍ ചരിത്രത്തിലുണ്ട്.
യൂറോപ്യന്‍ ദേശീയത
4പതിനഞ്ചാം നൂറ്റാണ്ടു മുതലാണ് യൂറോപില്‍ ആധുനിക ദേശീയത വളര്‍ന്നു തുടങ്ങിയത്. ദേശത്തെക്കാള്‍ മതത്തോടും മതനേതൃത്വത്തോടും പ്രതിബദ്ധത പുലര്‍ത്തിയിരുന്ന ജനങ്ങള്‍ പതിനഞ്ചാം ദശകത്തില്‍ യൂറോപിലുണ്ടായ സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ വ്യതിയാനങ്ങളുടെ ഫലമായി ആധുനിക ദേശീയതാ ബോധത്തിലേക്ക് തിരിഞ്ഞു. ഫ്യൂഡല്‍ പ്രഭുക്കളെ തകര്‍ത്ത് ശക്തരായ രാജാക്കന്മാര്‍ക്കു കീഴില്‍ ദേശരാഷ്ട്രങ്ങള്‍ ഉടലെടുക്കാന്‍ തുടങ്ങിയതോടെ കത്തോലിക്കാ സഭയെയും ഫ്യൂഡല്‍ രാജാക്കന്മാരെയും ഉപേക്ഷിച്ച് ജനങ്ങള്‍ ദേശീയ വക്താക്കളായ രാജാക്കന്മാര്‍ക്കു കീഴില്‍ അണി നിരന്നു. ഇംഗ്ലണ്ടില്‍ തുടങ്ങിയ ഈ പ്രവണത ഏറെ വൈകാതെ ഫ്രാന്‍സ്, പോര്‍ച്ചുഗല്‍, സ്‌പെയിന്‍, റഷ്യ തുടങ്ങിയ രാജ്യങ്ങളിലേക്കു വ്യാപിക്കുകയും ദേശരാഷ്ട്രങ്ങളായി രൂപം പ്രാപിക്കുകയും ചെയ്തു.
മതത്തിന്റെ ബന്ധങ്ങളില്‍ നിന്ന് മോചനം നേടി വ്യക്തിസ്വാത്യന്ത്രത്തിന് മുന്‍ഗണന ലഭിക്കണമെന്ന ചിന്താഗതി നവോത്ഥാന കാലത്ത് യൂറോപില്‍ കൂടുതല്‍ കരുത്താര്‍ജിച്ചതോടെ ജനങ്ങള്‍ ദേശ ഭക്തരായെന്നു മാത്രമല്ല മതസഭകള്‍ പോലും ദേശരാഷ്ട്രാടിസ്ഥാനത്തില്‍ രൂപം കൊള്ളുന്ന അനുഭവമുണ്ടായി. കോളനികള്‍ സ്ഥാപിക്കുന്തോറും രാഷ്ട്രത്തിന്റെ യശസ്സ് ഉയരുമെന്ന ധാരണ ശക്തിയായതോടെ യൂറോപിലെ വന്‍ ശക്തികള്‍ക്കിടയില്‍ പ്രശസ്തിക്കും ദുരഭിമാനത്തിനും വേണ്ടി സംഘട്ടനങ്ങളും യുദ്ധങ്ങളും അരങ്ങേറി.
അധിനിവേശ രംഗത്തെ ബ്രിട്ടന്റെ മേല്‍ക്കോയ്മ അവിടത്തെ ജനങ്ങള്‍ക്കിടയില്‍ ദേശീയതാ ബോധം ശക്തിപ്പെടുത്തുകയും ചെയ്തു. കൂടാതെ 16, 17 നൂറ്റാണ്ടുകളിലുണ്ടായ പുതിയ ഭൂവിഭാഗങ്ങളുടെ കണ്ടുപിടുത്തവും ദേശീയതയുടെ വളര്‍ച്ചക്ക് സഹായകരമായിത്തീര്‍ന്നു. പൊതു ഭാഷയായ ലാറ്റിനു പകരം ഇംഗ്ലീഷ്, ഫ്രഞ്ച്, ജര്‍മന്‍ തുടങ്ങിയ പ്രാദേശിക ഭാഷകള്‍ പ്രചാരം നേടി. ഭാഷകളുടെ നവോത്ഥാനം ദേശീയ ബോധത്തിന് കൂടുതല്‍ അഭിവൃദ്ധി നല്‍കി. യൂറോപ്യന്‍ ദേശീയതയുടെ വളര്‍ച്ചയെ സഹായിച്ച പ്രധാനപ്പെട്ട സംഭവമായിരുന്നു 1700 കളുടെ തുടക്കത്തില്‍ നടന്ന ഫ്രഞ്ച് വിപ്ലവം. രാജ്യത്തോടും ദേശീയതയുടെ ചിഹ്നങ്ങളായ പതാകയോടും ദേശീയ ഗാനത്തോടും ആദരവ് പ്രകടിപ്പിക്കണമെന്ന് ഫ്രഞ്ച് വിപ്ലവ നേതാക്കള്‍ പഠിപ്പിച്ചു. ഒരു പൗരന്റെ ഗുണങ്ങളില്‍ പ്രധാനപ്പെട്ടത് പിതൃ രാജ്യത്തോടുള്ള സ്‌നേഹവും ഐകമത്യബോധവുമാണെന്ന് വിപ്ലവത്തിന്റെ താത്വികാചാര്യന്‍ റൂസ്സോ പ്രഖ്യാപിച്ചു.
ഇതേ സമയം നാഷണലിസം എന്ന വാക്കിന്റെ ഉപജ്ഞാതാവ് ജോഹന്‍ ഗോട്ട്ഫ്രഡ് ഹെര്‍ഡര്‍ ജര്‍മന്‍ ജനതക്കിടയില്‍ ഭൂമിശാസ്ത്രം, ഭാഷ തുടങ്ങിയവ അടിസ്ഥാനമാക്കി ദേശീയതാ ബോധത്തെ വളര്‍ത്താന്‍ ശ്രമിച്ചു. ഓരോ മനുഷ്യനും ജന്മനാ ദേശരാഷ്ട്രത്തിനധീനനാണെന്നും ദേശീയതാ ബോധം നഷ്ടപ്പെട്ടവര്‍ സ്വത്വം നഷ്ടപ്പെട്ടവരാണെന്നും അദ്ദേഹം പ്രഖ്യാപിച്ചു. അങ്ങനെ ഫ്രാന്‍സിലും ജര്‍മനിയിലും ദേശീയത നാള്‍ക്കുനാള്‍ വളര്‍ന്നു. ഏറെ വൈകാതെതന്നെ ദേശീയാടിസ്ഥാനത്തില്‍ യൂറോപ്യന്‍ രാജ്യങ്ങളെ പുനര്‍ നിര്‍ണയിക്കണമെന്ന വാദഗതി സ്വീകരിക്കപ്പെടുകയും തദടിസ്ഥാനത്തില്‍ രാജ്യങ്ങള്‍ പുനര്‍ നിര്‍ണിയിക്കപ്പെടുകയും ചെയ്തു.

മാത്രമല്ല, നെപ്പോളിയന്റെ ഫ്രാന്‍സ് അധിനിവേശം യൂറോപ്യന്‍ ദേശീയതക്ക് പുതുവഴി വെട്ടുകയും ചെയ്തു. നെപ്പോളിയന്റെ സേച്ഛാധിപത്യം മറ്റു യൂറോപ്യന്‍ രാജ്യങ്ങളില്‍ ദേശീയത വളര്‍ത്താന്‍ കാരണമാവുകയും സംഘടിതമായി പോരാടാന്‍ അവരെ പ്രേരിപ്പിക്കുകയും ചെയ്തു. അതിന്റെ ബഹിര്‍സ്ഫുരണമായിരുന്നു 1815 ലെ വാട്ടര്‍ലൂ യുദ്ധത്തിലും തുടര്‍ന്നുണ്ടായ വിയന്നാ കോണ്‍ഫറന്‍സിലും ദൃശ്യമായത്.
ഇംഗ്ലണ്ട്, ഇറ്റലി, ഫ്രാന്‍സ് തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങളില്‍ ജെറമ് ബന്താം, ഗാരി ബാള്‍സി, മസ്സീനി, വിക്ടര്‍ ഹ്യൂഗോ തുടങ്ങിയ ചിന്തകന്മാര്‍ പ്രചരിപ്പിച്ച സിദ്ധാന്തങ്ങളുടെ അടിസ്ഥാനത്തില്‍ ഭരണകൂടത്തിന്റെ ആത്യന്തിക ലക്ഷ്യം ജനങ്ങളുടെ പുരോഗതി ലക്ഷീകരിച്ച് പ്രവര്‍ത്തിക്കുക എന്നതായി. യൂറോപില്‍ രൂപംകൊണ്ട കാല്‍പ്പനിക പ്രസ്ഥാനവും ദേശീയതയുടെ വളര്‍ച്ചക്ക് ഏറെ സഹായകമായി. തങ്ങളുടെ രാജ്യത്തിന്റെ മാഹാത്മ്യത്തെ വര്‍ണിച്ച്‌കൊണ്ട് രാജ്യത്തിന്റെ പ്രശസ്തി വര്‍ദ്ധിപ്പിക്കുന്ന തരത്തിലായിരുന്നു സാഹിത്യകാരന്മാരുടെ രചനകള്‍. കടുത്ത സ്വേച്ഛാധിപത്യ പ്രവണതകളെ എതിര്‍ത്ത കാല്‍പനിക പ്രസ്ഥാനം ജനങ്ങളെ കൂടുതല്‍ ദേശ ഭക്തരാക്കുകയും ചെയ്തു.
യൂറോപ്പില്‍ പടര്‍ന്നു പിടിച്ച ദേശീയതാ ബോധത്തെ അടിച്ചമര്‍ത്താന്‍ ചില യാഥാസ്ഥിക വിഭാഗങ്ങള്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. 1830 കള്‍ക്കു ശേഷം യൂറോപ്പില്‍ ഉദാര ദേശീയതക്ക് കൂടുതല്‍ വേരോട്ടമുണ്ടായതോടെ നിരവധി ദേശരാഷ്ട്രങ്ങള്‍ യൂറോപില്‍ ഉദയം ചെയ്തു. ദേശീയ രാഷ്ട്രമായി മാറണമെന്ന ജര്‍മന്‍കാരുടെയും ഇറ്റലിക്കാരുടെയും ആഗ്രഹത്തിന് ശക്തി വര്‍ദ്ധിക്കുകയും ഏറെ വൈകാതെതന്നെ ഇറ്റലിയും 1817 ല്‍ ബിസ്മാര്‍ക്കിന്റെ ശ്രമഫലമായി ജര്‍മനിയും സ്വതന്ത്ര ദേശരാഷ്ട്രങ്ങളായിത്തീര്‍ന്നു.
1821 ല്‍ ഓട്ടമന്‍ സാമ്രാജ്യത്തിനെതിരെ സ്വതന്ത്രപോരാട്ടം നടത്തി ഗ്രീസും 1839 ല്‍ ദേശീയ സമരത്തിലൂടെ ഹോളണ്ടിന്റെ ആധിപത്യത്തില്‍നിന്ന് ബല്‍ജിയവും റഷ്യയുടെ ക്രൂര ഭരണത്തില്‍നിന്ന് പോളണ്ടും അസ്സീരിയയുടെ അടിച്ചമര്‍ത്തലില്‍നിന്ന് മാഗിയാന്‍, സ്ലാവ് വംശജരും സ്വതന്ത്രരായത് ദേശീയതയിലൂന്നിയ സംഘടിത ശ്രമങ്ങള്‍ കൊണ്ടായിരുന്നു. കിഴക്കന്‍ യൂറോപില്‍ റുമേനിയ, സെര്‍ബിയ തുടങ്ങിയ പ്രദേശങ്ങളെല്ലാം ദേശീയ വാദത്തിന്റെ ചുവടുപിടിച്ച് സ്വതന്ത്ര രാഷ്ട്രങ്ങളായി മാറുകയുണ്ടായി.
പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തില്‍ ശക്തമായ ദേശീയ ബോധം ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തോടെ ഒന്നാം ലോക മഹായുദ്ധത്തിലേക്ക് നയിച്ചു. യുദ്ധത്തില്‍ ഇംഗ്ലണ്ടിന്റെ നേതൃത്വത്തിലുള്ള സഖ്യ കക്ഷി ജര്‍മനിയുടെമേല്‍ വിജയം നേടുകയും പുതിയ പല രാജ്യങ്ങളും യൂറോപ്പില്‍ നിലവില്‍ വരികയും ചെയ്തു. എന്നാല്‍ യൂറോപ്യന്‍ ദേശീയതക്കേറ്റ കനത്ത പ്രഹരമായിരുന്നു അതിന് ശേഷം നടന്ന രണ്ടാം ലോക മഹായുദ്ധം. യുദ്ധത്തില്‍ ഹിറ്റ്‌ലര്‍ പരാജയപ്പെടുകയും പശ്ചിമ യൂറോപില്‍ അമേരിക്കന്‍ ഐക്യനാടുകളും പൂര്‍വ യൂറോപില്‍ സോവിയറ്റ് യൂണിയനും അധികാരം സ്ഥാപിക്കുകയും ചെയ്തു. ഒന്നായിരുന്ന ജര്‍മനി ആദ്യം നാലായും പിന്നീട് രണ്ടായും വിഭജിക്കപ്പെട്ടു. ഏറെ വൈകാതെ സോവിയറ്റ് യൂണിയന്‍ അധപ്പതിക്കുകയും രണ്ടു രാജ്യങ്ങളായി നിലകൊള്ളുന്ന ജര്‍മനി വീണ്ടും ഒന്നായതോടെ യൂറോപ്യന്‍ ദേശീയതയുടെ പുനര്‍ജന്മത്തിനുള്ള സാഹചര്യങ്ങള്‍ ഒരുങ്ങുകയും ചെയ്തു.
അമേരിക്കന്‍ ദേശീയത
3സ്‌പെയിന്‍, പോര്‍ച്ചുഗല്‍, ഇംഗ്ലണ്ട്, ഫ്രാന്‍സ് എന്നീ രാജ്യങ്ങള്‍ വാണിരുന്ന അമേരിക്കന്‍ ഭൂഖണ്ഡത്തില്‍ ദേശീയതാബോധത്തിന്റെ അലയൊലികള്‍ എത്തുന്നത് പതിനെട്ടാം ശതകത്തിന്റെ ആരംഭത്തിലാണ്. ഇംഗ്ലീഷ് ആധിപത്യത്തിലുണ്ടായിരുന്ന പതിമൂന്ന് കോളനികളുടെ സ്വാതന്ത്ര്യ പ്രഖ്യാപനത്തോടെയായിരുന്നു വടക്കേ അമേരിക്കയില്‍ ദേശീയത പിറവികൊണ്ടത്. ജോര്‍ജ് വാഷിങ്ടണിന്റെ നേതൃതത്തില്‍ അമേരിക്കന്‍ ദേശാഭിമാനികള്‍ ഒന്നിക്കുകയും സംഘശക്തിയോടെയും ദേശീയബോധത്തോടെയും ബ്രിട്ടനെതിരെ പടപൊരുതി സ്വതന്ത്ര അമേരിക്കന്‍ ദേശ രാഷ്ട്രങ്ങള്‍ക്ക് പിറവി നല്‍കുകയും ചെയ്തു. ഇതേ മാതൃക മറ്റു അമേരിക്കന്‍ കോളനികളും തുടര്‍ന്നതോടെ മെക്‌സിക്കോ, അര്‍ജന്റീന, ബ്രസീല്‍, ചിലി തുടങ്ങിയ ലാറ്റിനമേരിക്കന്‍ രാജ്യങ്ങള്‍ യൂറോപ്യന്‍ ശക്തികളില്‍നിന്ന് സ്വതന്ത്രരായി. 1810 നു ശേഷം തെക്കേ അമേരിക്കയില്‍ സൈമണ്‍ ബൊളീവര്‍, സര്‍ മാര്‍ട്ടിന്‍ എന്നിവര്‍ക്കു കീഴില്‍ സ്വാതന്ത്ര്യ സമരം ആരംഭിക്കുകയും 1822 ാടെ അവയെല്ലാം സ്വതന്ത്ര രാഷ്ട്രങ്ങളാവുകയും ചെയ്തു.
1860 ല്‍ അമേരിക്കന്‍ ഐക്യ നാടുകളിലുണ്ടായ ആഭ്യന്തര സമരം അമേരിക്കന്‍ ദേശീയ ബോധം നേരിട്ട അഗ്നി പരീക്ഷണമായിരുന്നെങ്കിലും തെക്ക്‌വടക്ക് സംസ്ഥാനങ്ങള്‍ക്കിടയിലുണ്ടായ നീഗ്രോ വംശീയ പ്രശ്‌നം ഏറെ ആളിക്കത്തും മുമ്പേ ഒതുക്കാന്‍ എബ്രഹാം ലിങ്കന് സാധിച്ചു. ശേഷം ബാഹ്യ ലോകവുമായി കൂടുതല്‍ ബന്ധങ്ങളില്ലാതെ ആഭ്യന്തര അഭിവൃദ്ധിക്കായി ശ്രമിച്ചെങ്കിലും ഒന്നാം ലോക മഹായുദ്ധത്തില്‍ അമേരിക്കക്ക് അപ്രതീക്ഷിതമായി കളത്തിലിറങ്ങേണ്ടി വന്നു. ശേഷം രണ്ടാം ലോക മഹായുദ്ധത്തില്‍ പേള്‍ ഹാര്‍ബര്‍ തുറമുഖം അക്രമിക്കപ്പെട്ടതോടെ അമേരിക്ക നേരിട്ട ഭീഷണി (ബാഹ്യമായി, ആന്തരികമായി അതുണ്ടായിരുന്നോ എന്നത് മറ്റൊരു ചര്‍ച്ചയാണ്) രാജ്യത്തിന്റെ ദേശീയതാ ബോധം ശക്തമായി വളര്‍ത്തി. വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തോടെ ദേശീയ ബോധം കൂടുതല്‍ ശക്തമാവുകയും ചെയ്തു.
ഏഷ്യന്‍ ദേശീയത
1ഏഷ്യയിലെ മിക്ക രാജ്യങ്ങളും യൂറോപ്യന്‍ ആധിപത്യത്തിന് കീഴിലായിരുന്നു. പത്തൊമ്പതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ദേശീയത നിലവിലുള്ള ഏഷ്യയിലെ ഒരോയൊരു രാജ്യമായിരുന്നു ജപാന്‍. എന്നാല്‍ ഏറെ വൈകാതെ തന്നെ ഈ കോളനിവല്‍കരണം രാജ്യങ്ങളുടെ ദേശീയ ബോധത്തെ വളര്‍ത്തുന്നതിന്ന് കാരണമായി. അവയില്‍ പ്രധാനപ്പെട്ട രാജ്യങ്ങളിലൊന്നായിരുന്നു ഇന്ത്യ. കോളനിവല്‍ക്കരണാനന്തരം ഉണ്ടായ സാമൂഹിക സാംസ്‌കാരിക നവോത്ഥാനം കാരണമായി ദേശീയ ഐക്യം, രാഷ്ട്രീയ സ്വാതന്ത്ര്യം, സാമൂഹിക നീതി തുടങ്ങിയ പുരോഗമന ആശയങ്ങളോട് ജനങ്ങള്‍ ആഭിമുഖ്യമുള്ളവരായിത്തീരുന്നു. നവോത്ഥാന പ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍, വര്‍ത്തമാന പത്രങ്ങള്‍, ബ്രിട്ടീഷ് ഭരണത്തിന്റെ ഫലങ്ങള്‍, ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ആവിര്‍ഭാവം തുടങ്ങിയവ ഇന്ത്യന്‍ ദേശീയതാ ബോധത്തിന്റെ സുപ്രധാനമായ പ്രേരക ഘടകങ്ങളായിരുന്നു. ഭാരതീയനെന്ന ബോധം ഓരോ പൗരന്റെയും മനസ്സില്‍ ഉയര്‍ന്നു വന്നതോടെ ഇന്ത്യന്‍ ദേശീയത സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള അഭിവാഞ്ജയായി മാറി. വൈകാതെ മഹാത്മാഗാന്ധിക്കും മറ്റു നേതാക്കള്‍ക്കും കീഴില്‍ സ്വതന്ത്ര പ്രവര്‍ത്തനങ്ങള്‍ തുടങ്ങുകയും ചെയ്തു.
ഇന്ത്യയിലുണ്ടായ ഈ പരിവര്‍ത്തനം ഏഷ്യയിലെ മറ്റു രാജ്യങ്ങളിലും ദേശീയത വളര്‍ത്തുവാന്‍ ഏറെ സഹായകമായി. ചൈനയില്‍ യാത് സെന്നിന്റെ നേതൃത്വത്തില്‍ ദേശീയ പ്രസ്ഥാനം ഉടലെടുത്തതും 1904 ല്‍ ജപ്പാന്‍ റഷ്യയെ പരാജയപ്പെടുത്തിയതും ഏഷ്യയിലെ ദേശീയവാദികള്‍ക്ക് കൂടുതല്‍ മനക്കരുത്ത് പകര്‍ന്നു. ഒന്നാം ലോക മഹായുദ്ധം ആരംഭിച്ചതോടെ ഏഷ്യന്‍ ദേശീയത ശക്തമാവുകയും യൂറോപ്യരുടെ വാഗ്ദാനം കണക്കിലെടുത്ത് യുദ്ധത്തിലിറങ്ങുകയും ചെയ്തു. എന്നാല്‍ യുദ്ധാനന്തരം യൂറോപ്യര്‍ അടവു മാറ്റുകയും വാഗ്ദാനത്തില്‍നിന്ന് പിന്മാറുകയും ചെയ്തു. രണ്ടാം ലോക മഹായുദ്ധമായപ്പോഴേക്കും ഏഷ്യന്‍ കോളനികളില്‍ സ്വാതന്ത്ര്യ പ്രസ്ഥാനം പ്രതിരോധത്തിന്റെ ഭാഗമായിക്കഴിഞ്ഞിരുന്നു. യുദ്ധത്തില്‍ സഖ്യ കക്ഷികള്‍ വിജയിച്ചെങ്കിലും ഏറെ വൈകാതെ ഇന്ത്യയും ശേഷം മറ്റു രാജ്യങ്ങളും സ്വതന്ത്രരായി.
എന്നാല്‍ ഗള്‍ഫ് രാജ്യങ്ങളില്‍ ദേശീയത ഉടലെടുക്കുന്നത് ഇബ്‌നു അബ്ദുല്‍ വഹാബിന്റെ ചിന്തകള്‍ക്ക് വേരോട്ടം ലഭിക്കുന്നതോടെയാണ്. ആലു സഊദിന്റെ നേതൃതത്തില്‍ സൗദി അറേബ്യയിലായിരുന്നു അറബ് ദേശീയത ഉടലെടുത്തത്. പിന്നീട് ഇസ്‌ലാമിക ദേശ രാഷ്ട്രങ്ങള്‍ നിലവില്‍ വരാന്‍ തുടങ്ങി.
ആഫ്രിക്കന്‍ ദേശീയത
മറ്റു ഭൂഖണ്ഡങ്ങളില്‍ നിന്നെല്ലാം വ്യത്യസ്തമായി വളരെ വൈകിയാണ് ആഫ്രിക്കന്‍ ദേശീയത ഉണര്‍ന്നത്. അധിനിവേശ വാഴ്ചയുടെ ഫലമായുണ്ടായ വര്‍ണ വിവേചനമടക്കമുള്ള യാതനകളായിരുന്നു ആഫ്രിക്കയില്‍ ദേശീയതയുടെ പിറവിക്ക് കാരണമായത്. രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം ഏഷ്യന്‍ വന്‍കരയില്‍ സ്വതന്ത്ര രാഷ്ട്രങ്ങള്‍ ഉത്ഭവിച്ചു തുടങ്ങിയതോടെ ആഫ്രിക്കയിലെ ദേശീയ ബോധം കൂടുതല്‍ ശക്തമായി. എത്യോപ്യ ഇറ്റലിയുടെ അധീനതയില്‍നിന്ന് സ്വാതന്ത്ര്യം നേടിയതും 1956 ല്‍ സൂയസ് കനാല്‍ ദേശസാത്കരിക്കുന്നതില്‍ ഈജിപ്ത് പ്രസിഡന്റ് നാസര്‍ വിജയം നേടിയതും ആഫ്രിക്കന്‍ ദേശീയതയെ ഏറെ സഹായിച്ചു. ഘാന, നൈജീരിയ, ഉഗാണ്ഡ, അള്‍ജീരിയ, റൊഡേഷ്യ, സൗത്ത് ആഫ്രിക്ക തുടങ്ങിയ രാജ്യങ്ങളെല്ലാം സ്വതന്ത്ര രാഷ്ട്രങ്ങളായതോടെ ആഫ്രിക്കയില്‍ ദേശീയത സമ്പൂര്‍ണ വളര്‍ച്ചയിലെത്തി.
അക്രമാസക്തദേശീയത
തുടക്കത്തില്‍ ജനങ്ങളുടെ ക്ഷേമത്തിനും ഐശ്വര്യത്തിനുമായിരുന്നെങ്കിലും പില്‍ക്കാലത്ത് ദേശീയതാ ബോധം അപകടകാരിയായിതീര്‍ന്നിട്ടുണ്ട്.
ഇരുപതാം ദശകത്തില്‍ അക്രമാസക്ത സ്വഭാവം ആദ്യം പുറത്തുവന്നത് ജര്‍മനിയിലായിരുന്നു. ഏറെ വൈകാതെ ഒന്നാം ലോകമഹായുദ്ധവും തുടര്‍ന്ന് രണ്ടാം ലോക മഹായുദ്ധവും ദേശീയതയുടെ അക്രമഭാവത്തെ പുറത്തെടുത്തു. യുദ്ധമവസാനിച്ചതോടുകൂടി ജര്‍മനിയിലും ഇറ്റലിയിലും ഹിറ്റ്‌ലറിലൂടെയും മുസോളിനിയിലൂടെയും അക്രമ സ്വഭാവം അതിന്റെ പാരമ്യതയിലെത്തി.
ഇന്ന്, ഇന്ത്യയും ആ വഴിയെ സഞ്ചരിക്കുന്നതിന്റെ സൂചനകളാണ് സമകാലിക രാഷ്ട്രീയ സംഭവങ്ങളില്‍നിന്ന് വായിച്ചെടുക്കാന്‍ സാധിക്കുന്നത്. അനുദിനം വര്‍ധിച്ചു വരുന്ന ഫാഷിസ്റ്റ് പ്രവണതകളും അത് മൂലം സംഭവിക്കുന്ന വര്‍ഗീയ ചേരിതിരിവുകളും രാജ്യത്തിന്റെ അസ്തിത്വത്തിന് ഭീഷണിയായിക്കൊണ്ടിരിക്കുന്നു.
1922 മുതല്‍ 1943 വരെ ഇറ്റലിയിലും 1933 മുതല്‍ 1945 വരെ ജര്‍മനിയിലും 1939 മുതല്‍ 1975 വരെ സ്‌പെയിനിലും പ്രത്യക്ഷമായ രാഷ്ട്രീയ കാലാവസ്ഥയാണ് ഇന്ത്യയിലിപ്പോള്‍ പ്രത്യക്ഷപ്പെട്ടു കൊണ്ടിരിക്കുന്നത്.

ഇറ്റലിയില്‍ ഫാഷിസം ഉടലെടുത്തത് ഒന്നാം ലോക മഹാ യുദ്ധത്തിന് ശേഷമുണ്ടായ സാമ്പത്തികവും സാമൂഹികവുമായ അരക്ഷിതാവസ്ഥ മുതലെടുത്തായിരുന്നെങ്കില്‍ യാഥാസ്ഥിക ദേശീയതയുടെ രൂപത്തിലായിരുന്നു ജര്‍മ്മനിയില്‍ ഹിറ്റ്‌ലറുടെ നേതൃത്വത്തില്‍ നാസിസത്തിന്റെ അരങ്ങേറ്റം. എന്നാല്‍ സ്‌പെയിനില്‍ ഫെലാന്റ് എസ്പനോളയുടെ കീഴില്‍ രാജ്യത്ത് നടന്ന ആഭ്യന്തര യുദ്ധത്തിന് ശേഷമാണ് ദേശീയത്വം ഉയര്‍ന്നു വന്നത്. ജപ്പാനിലാകട്ടെ രാജ്യപുരോഗതിയുടെ പ്രതീകമായ രാജാവിനെ പ്രതിഷ്ഠിച്ച് കൊണ്ടും.

നാനാത്വത്തില്‍ ഏകത്വമെന്നത് ദേശീയതക്ക് വിശേഷണമായി ചാര്‍ത്താന്‍ കൊള്ളും. ഏകത്വത്തില്‍ നാനാത്വമെന്നത് വിരല്‍ ചൂണ്ടുന്നത് സമൂഹത്തില്‍ ഉണ്ടാകാനിടയുള്ള വര്‍ഗീയ വേര്‍തിരിവിലേക്കാണ്. ദേശീയ വാദമെന്നാല്‍ രാജ്യത്തെ ഭൂരിപക്ഷത്തിന്റെ ഇംഗിതത്തിന് ന്യൂനപക്ഷം വഴങ്ങലാണെന്ന ബോധം നിര്‍മിച്ചെടുക്കാനും ദേശകേന്ദ്രീകൃതത്തെ മതകേന്ദ്രീകൃതമാക്കാനുമാണിവിടെ ഫാഷിസം ശ്രമിക്കുന്നത്. വളരാനുള്ള പോഷകാഹാരം സ്വന്തം ഭൂമിയില്‍നിന്നുതന്നെ വലിച്ചെടുത്ത് ഊര്‍ജ്ജം കരസ്ഥമാക്കുന്ന വര്‍ഗീയത സര്‍വ്വ മതങ്ങളും പരസ്പര പൂരകങ്ങളാണെന്ന സത്യം മറച്ചു വെച്ച് പരസ്പരം കലഹിക്കാനും സംഘര്‍ഷങ്ങള്‍ തീര്‍ക്കാനുമാണ് താല്‍പര്യപ്പെടുന്നത്. ഓരോ വ്യക്തിയിലും താന്‍ വര്‍ഗീയമായി മറ്റുള്ളവരില്‍ നിന്ന് വേറിട്ടു നില്‍ക്കേണ്ടവനാണെന്ന ബോധം കുത്തിവെക്കുകയാണതിന്റെ ആദ്യ പടി. പിന്നീടത് വര്‍ഗ്ഗീയ കലാപങ്ങളും സാമുദായിക സംഘര്‍ഷങ്ങളുമായി മാറുന്നു.

ഇതര സമുദായത്തിന്റെ മേലുള്ള അധികാരം, അന്യ മത ന്യൂനീകരണം, മതത്തിന് അമിത പ്രാധാന്യം നല്‍കല്‍, സ്വന്തം മതത്തിനെതിരെ ഇതര മതസ്ഥര്‍ ഗൂഢാലോചന മെനയുന്നുവെന്ന മിഥ്യാ ബോധം ഉളവാകുക തുടങ്ങിയവയാണ് വര്‍ഗീയതയുടെ അടിസ്ഥാന കാരണങ്ങള്‍. വര്‍ഗീയത മറ്റേതു രാജ്യത്തെക്കാളും ഇന്ത്യയില്‍ വില പോകുന്നത് ഇന്ത്യന്‍ ജനതക്കിടയില്‍ മതത്തിന് സാരമായ സ്വാധീനമുള്ളതിനാലാണ്. ബ്രിട്ടീഷ് ഭരണ കാലത്തും സ്വാതന്ത്ര്യ സമര കാലത്തും ഇന്ത്യയില്‍ വര്‍ഗീയത ഏറിയും കുറഞ്ഞും നിലനിന്നിരുന്നു.
കൊളോണിയല്‍ ഇന്ത്യയില്‍ നിലനിന്നിരുന്ന വര്‍ഗീയത പിഴുതെറിയാന്‍ സ്വാതന്ത്ര്യ സമരത്തിന് സാധിച്ചില്ലെന്നത് അതിന്റെ ഏറ്റവും വലിയ ദൗര്‍ബല്യമാണ്. ആ ന്യൂനതയില്‍ നിന്നാണ് പിന്നീട് ഫാഷിസം വേരു പിടിച്ചു തുടങ്ങിയത്.

ഹൈന്ദവതയില്‍നിന്ന് ദേശീയ വിഗ്രഹങ്ങള്‍ ഉയര്‍ന്നു വന്നതും ഇന്ത്യന്‍ സംസ്‌കാരം ഹൈന്ദവ സംസ്‌കാരവുമായി കൂടിപ്പിണഞ്ഞതാണെന്ന പ്രചാരണം ശക്തമായതും അതിനെ തുടര്‍ന്നാണ്. എല്ലായിടത്തുമെന്നപോലെ ഇന്ത്യയിലും കൂടെ നില്‍ക്കുന്നവരെ പ്രീണിപ്പിക്കുകയും എതിര്‍ സ്വരങ്ങളെ പീഡിപ്പിക്കുകയും ചെയ്യുന്ന ഫാഷിസം ബഹുസ്വരതയുടെ സ്ഥാനത്ത് ഏകപക്ഷീയ സാമുദായികതയെയാണ് സ്ഥാപിക്കുന്നത്.

അപ്പോഴാണ് സ്വാതന്ത്ര്യസമരത്തിന്റെ മുന്നണി നായകന്‍ മഹാത്മജി പതിനഞ്ചാമനും വീര്‍സവര്‍ക്കര്‍ ഒന്നാമനുമാവുന്നതും ഗോഡ്‌സേ വിശുദ്ധ നായകനായി പ്രഖ്യാപിക്കപ്പെടുന്നതും അംബേദ്കര്‍ നഗരികള്‍ക്ക് പകരം ഛത്രപതി ശിവജി ചത്വരം നിര്‍മിക്കപ്പെടുന്നതും. മതേതരത്വത്തിനും ജനാധിപത്യത്തിനും ഭീഷണിയാവുന്ന ഈ ഹിംസാത്മക പ്രവര്‍ത്തനങ്ങളില്‍നിന്ന് രാജ്യത്തെ മോചിപ്പിക്കാന്‍ വിവേകപൂര്‍വ്വമായ രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ ഉണ്ടാവേണ്ടതുണ്ട്.
Next Story

RELATED STORIES

Share it