Districts

വനിതാ സ്ഥാനാര്‍ഥിയെ അപമാനിച്ച സംഭവം: എട്ട് മുസ്‌ലിം ലീഗ് പ്രവര്‍ത്തകരെ അറസ്റ്റ്‌ചെയ്ത് ജാമ്യത്തില്‍വിട്ടു

കണ്ണൂര്‍: തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട വനിതാ സ്ഥാനാര്‍ഥിയെ അപമാനിച്ച് ആഹ്ലാദപ്രകടനം നടത്തിയ സംഭവത്തില്‍ എട്ടു മുസ്‌ലിംലീഗ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടയച്ചു. മടക്കര സ്വദേശി തോലന്‍ ഷബീര്‍(28), ഇരിണാവ് സ്വദേശി അവറാന്‍ സക്കറിയ(26), ടി എം വി അബ്ദുല്‍ നിസാര്‍(40), ഇട്ടമ്മല്‍ മഹ്‌റൂഫ്(30), പടപ്പയില്‍ റഫീഖ്(32), പി പി നൗഷാദ്(31), കൊവ്വമ്മല്‍ ഇസ്മാഈല്‍(34), മടക്കര സ്വദേശി വളപ്പില്‍ സലീം(30) എന്നിവരെയാണു വളപട്ടണം സിഐ അറസ്റ്റ് ചെയ്തത്.
പ്രതികള്‍ക്കെതിരായ വകുപ്പുകള്‍ക്ക് സ്റ്റേഷന്‍ ജാമ്യം നല്‍കാന്‍ കഴിയും. അതിനാലാണ് ജാമ്യം അനുവദിച്ചതെന്ന് സിഐ പറഞ്ഞു. തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനിടെയാണ് മാട്ടൂല്‍ പഞ്ചായത്തിലെ മടക്കര ഈസ്റ്റ് വാര്‍ഡില്‍ മുസ്‌ലിംലീഗ് പ്രവര്‍ത്തകര്‍ ആഭാസകരമായ രീതിയില്‍ പ്രകടനം നടത്തിയത്. പ്രകടനത്തിനു മുന്നോടിയായി, സ്ത്രീവേഷം ധരിച്ച യുവാവിനെ മടക്കര ശാഖാ മുസ്‌ലിംലീഗ് ഓഫിസായ സി എച്ച് സൗധത്തിനു മുന്നില്‍വച്ച് കയറിപ്പിടിക്കുകയും സ്ഥാനാര്‍ഥിയുടെ പേരുപറഞ്ഞ് ലൈംഗികച്ചുവയോടെ സംസാരിക്കുകയും ചേഷ്ടകള്‍ കാണിക്കുകയുമായിരുന്നു.
സംഭവം വിവാദമായതോടെ ജില്ലാ പോലിസ് ചീഫും കലക്ടറും വനിതാ കമ്മീഷനും ഇടപെടുകയും കേസെടുക്കുകയുമായിരുന്നു. എന്നാല്‍, നിസ്സാര വകുപ്പുകള്‍ പ്രകാരം കേസെടുത്ത് അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നതായി ആരോപണമുയരുന്നതിനിടെയാണ് പ്രതികളെ സ്റ്റേഷന്‍ ജാമ്യം നല്‍കി വിട്ടയച്ചത്. സംഭവത്തില്‍ മഹല്ല് പ്രസിഡന്റ് കൂടിയായ ലീഗ് മടക്കര ശാഖ മുസ്‌ലിംലീഗ് ഖജാഞ്ചി മുഹമ്മദ് കുഞ്ഞി, ഒ കെ മൊയ്തീന്‍, പി വി സക്കറിയ, പത്താല ഹംസ, ഇട്ടമ്മല്‍ സജീര്‍, ഇട്ടമ്മല്‍ റാസിഖ് എന്നിവരെ കൂടി പിടികൂടാനുണ്ട്.
Next Story

RELATED STORIES

Share it