thiruvananthapuram local

വനിതാ പഞ്ചായത്ത് മെംബറെ മര്‍ദ്ദിച്ച കേസില്‍ മധ്യവയസ്‌ക അറസ്റ്റില്‍

ആറ്റിങ്ങല്‍: പഞ്ചായത്തിലെ വനിതാ മെംബറെ ജാതിപ്പേര് വിളിച്ച് ആക്ഷേപിക്കുകയും ദേഹോപദ്രവം ഏല്‍പിക്കുകയും ചെയ്ത സ്ത്രീയെ ആറ്റിങ്ങല്‍ പോലിസ് അറസ്റ്റ് ചെയ്തു. ഇടത്തിമണ്‍ ചാരുവിള പുത്തന്‍വീട്ടില്‍ ലളിത (40) ആണ് അറസ്റ്റിലായത്.
മുദാക്കല്‍ ഗ്രാമപ്പഞ്ചായത്ത് മൂന്നാം വാര്‍ഡിലെ എല്‍ഡിഎഫ് മെംബര്‍ മിനിയെയാണ് ഇവര്‍ ദേഹോപദ്രവം ഏല്‍പിച്ചത്. ലളിതയ്ക്ക് വിരോധമുള്ളയാള്‍ക്ക് പഞ്ചായത്തില്‍ നിന്നുള്ള ആനുകൂല്യം നല്‍കി എന്നാരോപിച്ചാണ് ഇവര്‍ മെംബറെ ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചത്. ഇതു സംബന്ധിച്ച് പോലിസില്‍ പരാതി നല്‍കിയതറിഞ്ഞ് വഴിയില്‍ തടഞ്ഞുനിര്‍ത്തി മര്‍ദ്ദിക്കുകയായിരുന്നുവെന്ന് പോലിസ് പറഞ്ഞു.
എസ്‌സി-എസ്ടി അട്രോസിറ്റി ആക്ട് പ്രകാരമാണ് കേസെടുത്തിട്ടുള്ളത്. ആറ്റിങ്ങല്‍ സ്‌റ്റേഷനില്‍ ആറ് കേസ് ഇവരുടെ പേരിലുണ്ട്. ജാതിപ്പേരു വിളിച്ച് അധിക്ഷേപിച്ചതുമായി ബന്ധപ്പെട്ട് മുമ്പും ഒരു കേസില്‍ പ്രതിയായിരുന്നു ഇവരെന്നു വെന്നും പോലിസ് പറഞ്ഞു.
മംഗലാപുരത്തെ ഒരു ജ്വല്ലറിയില്‍ നിന്നു സ്വര്‍ണം കവര്‍ന്ന കേസിലും കണിയാപുരത്ത് ഒരു ജ്വല്ലറിയില്‍ നിന്നും ആറു ലക്ഷത്തോളം രൂപയുടെ സ്വര്‍ണം പറ്റിച്ച കേസിലും പ്രതിയാണ് ലളിത. ഈ കേസുമായി ബന്ധപ്പെട്ട് മംഗലാപുരം സ്‌റ്റേഷനില്‍ കേസ് നിലനില്‍ക്കുകയാണ്.
വനിതാ റൗഡി എന്ന ഗണത്തിലാണ് പോലിസ് ഇവരെ പെടുത്തിയിരിക്കുന്നത്. ആറ്റിങ്ങല്‍ ഡിവൈഎസ്പി ചന്ദ്രശേഖരന്‍ പിള്ളയുടെ നിര്‍ദേശപ്രകാരം സിഐ വി എസ് ബിജു, പ്രിന്‍സിപ്പല്‍ എസ്‌ഐ ശ്രീജിത്, എഎസ്‌ഐ അന്‍സാര്‍, വനിതാ സിപിഒ ശ്രീജ, സുരജ എന്നിവരാണ് ഇവരെ അറസ്റ്റു ചെയ്തത്. കോടതി ഇവരെ റിമാന്‍ഡ് ചെയ്തു.
Next Story

RELATED STORIES

Share it