വനിതാ ദിനത്തില്‍ എയര്‍ ഇന്ത്യ പറന്നത് വനിതാ എക്‌സപ്രസായി

നെടുമ്പാശ്ശേരി: വനിതാ ദിനമായ ഇന്നലെ എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഒരു വിമാനത്തിന്റെ മൊത്തം നിയന്ത്രണവും വനിതകളെ ഏല്‍പ്പിച്ച് ചരിത്രം കുറിച്ചു. നെടുമ്പാശേരി വിമാനതാവളത്തില്‍ നിന്നും ഇന്നലെ ഉച്ചയ്ക്ക്‌ശേഷം 1.15ന് ദുബായിലേയ്ക്ക് പുറപ്പെട്ട എയര്‍ഇന്ത്യ എക്‌സ്പ്രസിന്റെ ഐ.എക്‌സ് 435 വിമാനമാണ് വനിതകളുടെ നിയന്ത്രണത്തില്‍ പറന്നത്.
നിയന്ത്രണമേറ്റെടുത്തവരി ല്‍ സഹ വൈമാനിക ഒഴികെ മറ്റുള്ളവരെല്ലാം മലയാളികളായിരുന്നു.ഈരാറ്റുപേട്ട സ്വദേശിനി ബിന്ദു സെബാസ്റ്റ്യനാണ് വിമാനം പറത്തിയത്. ഉത്തര്‍പ്രദേശ് സ്വദേശിനി സലോണി റവാല്‍ ആയിരുന്നു സഹവൈമാനിക. സൂര്യ സന്തോഷ്,ലിഷി,സായൂജ്യ ജോണ്‍,സൂര്യ സുധന്‍ എന്നിവരായിരുന്നു ക്രൂ അംഗങ്ങള്‍. എഞ്ചിനീയറിങ് വിഭാഗത്തിന്റെ നിയന്ത്രണം ബിനു സഞ്ജയ്ഏറ്റെടുത്തു. വിമാനത്തിലെ ഡോക്ടര്‍ പോലും വനിതയായിരുന്നു. മലയാളിയായ ജോര്‍ജിന ജോര്‍ജ്ജ്. ഇവരെക്കൂടാതെ എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ ചെക്ക്ഇന്‍ കൗണ്ടറുകളുടെയും സെക്യുരിറ്റി വിഭാഗത്തിന്റെയുമെല്ലാം നിയന്ത്രണവും വനിതകള്‍ തന്നെ നിര്‍വഹിച്ചു. മലയാളിയായ ജിനോ ജോര്‍ജ്ജാണ് എല്ലാം ഏകോപിപ്പിച്ചത്.
വിമാനത്തിന്റെ നിയന്ത്രണം ഏറ്റെടുത്ത എല്ലാ വനിതാ ജീവനക്കാരെയും എയര്‍ ഇന്ത്യ എക്‌സ്പ്രസ് അനുമോദിച്ചു. വിമാനം പുറപ്പെടുന്നതിന് മുമ്പ് വനിത ജീവനക്കാര്‍ ചേര്‍ന്ന് കേക്ക് മുറിച്ചാണ് ലോക വനിത ദിനാചരണം ആഘോഷിച്ചത്. കൊച്ചി-ദുബായ് വിമാനത്തില്‍ യാത്ര ചെയ്ത എല്ലാ വനിതാ യാത്രക്കാരെയും പൂച്ചെണ്ടുകള്‍ നല്‍കിയാണ് സ്വീകരിച്ചത്.
കൊച്ചിയ്ക്കുപുറമെ,കോഴിക്കോട്,തിരുവനന്തപുരം,ചെന്നൈ,മംഗലാപുരം എന്നീ വിമാനത്താവളങ്ങളില്‍ നിന്നും എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഇത്തരത്തില്‍ സര്‍വീസുകള്‍ നടത്തി.
Next Story

RELATED STORIES

Share it