palakkad local

വനിതാ തെങ്ങു കയറ്റത്തൊഴിലാളികളുടെ ഗ്രാമമായി ദേശമംഗലം

അറങ്ങോട്ടുകര: തെങ്ങ് കയറാന്‍ ആളെ ലഭിക്കുന്നില്ലെന്ന പരാതി ദേശമംഗലം ഗ്രാമനിവാസികള്‍ക്ക് ഇനിയുണ്ടാവില്ല. ഗ്രാമത്തിലെ പത്തോളം വനിതകളാണ് തെങ്ങ് കയറ്റത്തില്‍ വിദഗ്ദ പരിശീലനം പൂര്‍ത്തിയായി തെങ്ങിന്‍ തോപ്പുടമകളുടെ വിളിക്ക് കാതോര്‍ത്തിരിക്കുന്നത്. സി പി സരസ്വതി, ആര്‍ ഗീത, ഷെമീറ, ഒ കെ പ്രമീള, കെ സരോജിനി, എന്‍ പി സുധ, യു പി ചന്ദ്രിക, കെ എസ് രമണി, പി പ്രജിത എന്നിവരാണ് ദേശമംഗലത്തിന്റെ സ്വന്തം തെങ്ങുകയറ്റത്തൊഴിലാളികള്‍. മഹിളാ കിസാന്‍ ശാക്തീകരണ പരിയോജനയുടെ ഭാഗമായുള്ള പദ്ധതിയിലൂടെയാണ് ഇവര്‍ തെങ്ങുകയറ്റം പരിശീലിച്ചത്.
ഒരു പഞ്ചായത്തില്‍ 10 വനിതകള്‍ക്കാണ് ആദ്യഘട്ടത്തില്‍ പരിശീലനം നല്‍കുന്നത്. പാലക്കാട്, മലപ്പുറം, തൃശൂര്‍ ജില്ലകളിലാണ് ആദ്യ ഘട്ട പരിശീലനം നടക്കുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതിയായ ഇതിന് സംസ്ഥാന സര്‍ക്കാരിന്റെ എല്ലാ പിന്തുണയുമുണ്ട്.
ബയോ ആര്‍മി എന്ന പേരിലുള്ള പരിശീലനം നേടിയാണ് ഇവര്‍ തെങ്ങു കയറാന്‍ സന്നഗ്ദരായി നാട്ടിലേക്കെത്തുന്നത്. ജലസംരക്ഷണം, മൃഗപരിപാലനം, രാസരഹിത കൃഷി എന്നീ മൂന്ന് മേഖലകളില്‍ എല്ലാവിധ സഹായവും ലഭ്യമാക്കുന്ന സേവന ദാതാക്കളെ സജ്ജീകരിക്കുകയാണ് ബയോ ആര്‍മിയുടെ ലക്ഷ്യം. ഒരു പഞ്ചായത്തില്‍ 100 വനിതകള്‍ എന്ന ക്രമത്തില്‍ 26,800 വനിതകളെ പരിശീലിപ്പിച്ചെടുത്ത് ഈ വര്‍ഷം തന്നെ പദ്ധതി നടപ്പില്‍വരുത്താനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.
കിണര്‍ റീചാര്‍ജിങ്, ഡ്രിപ്പ് ഇറിഗേഷന്‍, ഗ്രോബാഗ് പച്ചക്കറി, പശുപരിപാലനം, തെങ്ങുകയറ്റം, നീരശേഖരണം, ഹൈബ്രിഡ് തെങ്ങിന്‍തൈ ഉല്‍പാദനം, ജൈവകീടനാശിനി, ജീവാണു വളം ഉള്‍പ്പെടെ ഒമ്പത് പ്രവര്‍ത്തന മേഖലകളാണ് ബയോ ആര്‍മിയില്‍ ഉള്ളത്.
Next Story

RELATED STORIES

Share it