വനിതാ കമ്മീഷന്‍ നിയമം ഭേദഗതി ചെയ്യാന്‍ നീക്കം

ന്യൂഡല്‍ഹി: 1990ലെ ദേശീയ വനിതാ കമ്മീഷന്‍ നിയമം ഭേദഗതിചെയ്യാന്‍ കേന്ദ്രം ആലോചിക്കുന്നു. പ്രതികളെ അറസ്റ്റ് ചെയ്യാനും ശിക്ഷാര്‍ഹരാക്കാനും അധികാരം നല്‍കി ദേശീയ വനിതാ കമ്മീഷനെ കൂടുതല്‍ കരുത്തുറ്റതാക്കുക എന്നതാണ് വനിതാ-ശിശുക്ഷേമ മന്ത്രാലയം ലക്ഷ്യമാക്കുന്നത്. കമ്മീഷന് സിവില്‍ കോടതിയുടെ അധികാരം നല്‍കി ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ തലത്തിലേക്ക് ഉയര്‍ത്തും. എന്നാല്‍ ഇതുസംബന്ധിച്ചു നേരത്തെ മുന്നോട്ടുവച്ച നിര്‍ദേശങ്ങള്‍ ഒരുവര്‍ഷത്തിലധികമായി പരിഗണിക്കാതെ കിടക്കുകയാണ്. ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി നേതൃത്വംനല്‍കുന്ന മന്ത്രാലയ സമിതി നിര്‍ദേശങ്ങളിലെ ചില പ്രധാന ഭാഗങ്ങള്‍ തള്ളിയിരുന്നു. കമ്മീഷന്റെ ഉത്തരവ് ലംഘിക്കുന്നവര്‍ക്ക് 5,000 രൂപ വരെ പിഴ ചുമത്താനും പ്രതികളെ അറസ്റ്റ് ചെയ്യാനും തിരച്ചില്‍ നടത്തി രേഖകള്‍ പിടിച്ചെടുക്കാനുമുള്ള നിര്‍ദേശങ്ങളാണു സമിതി തള്ളിയത്.

ഒരുമാസം ആയിരക്കണക്കിനു പരാതികളാണ് കമ്മീഷന് ലഭിക്കുന്നത്. ഒന്നോ രണ്ടോ പരാതികള്‍ മാത്രമാണ് കമ്മീഷന് കൈകാര്യംചെയ്യാന്‍ സാധിക്കുന്നത്. പരാതികള്‍ അതതു സംസ്ഥാനങ്ങള്‍ക്കും പിന്നീട് ജില്ലകള്‍ക്കും അയക്കുക മാത്രമാണ് കമ്മീഷന്റെ ചുമതലയെന്നതാണ് ഇതിനു കാരണമെന്ന് മന്ത്രാലയത്തിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. യാതൊരു അധികാരവുമില്ലാത്ത ഉപദേശക സമിതിയുടെ സ്ഥാനം മാത്രമാണ് കമ്മീഷനുള്ളതെന്നും ഈ അവസ്ഥ ഗൗരവമായെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.
ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് തലത്തിലുള്ള ഉദ്യോഗസ്ഥനെ നിയമിച്ച് കമ്മീഷന് കൂടുതല്‍ അധികാരം നല്‍കിയാല്‍ മാത്രമേ കമ്മീഷന്റെ പ്രവര്‍ത്തനം കാര്യക്ഷമമാവുകയുള്ളൂവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ബാലനീതി നിയമം ഭേദഗതി ചെയ്തതിനു തൊട്ടുപിന്നാലെയാണു ദേശീയ വനിതാ കമ്മീഷന്‍ നിയമം ഭേദഗതി ചെയ്യാന്‍ കേന്ദ്രം ആലോചിക്കുന്നത്.
Next Story

RELATED STORIES

Share it