വനിതാ ഉദ്യോഗസ്ഥയുടെ കീഴില്‍ അന്വേഷണം നടത്തണം: യെച്ചൂരി

പെരുമ്പാവൂര്‍: ജിഷയുടെ ഘാതകരെ കണ്ടെത്താന്‍ വനിതാ ഐപിഎസ് ഉദ്യോഗസ്ഥയുടെ കീഴില്‍ സുതാര്യമായ അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ദലിത് വിദ്യാര്‍ഥിനി ജിഷയുടെ ഘാതകരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് പെരുമ്പാവൂരില്‍ എല്‍ഡിഎഫ് നടത്തുന്ന രാപ്പകല്‍ സമരത്തിന്റെ നാലാം ദിവസം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസ് ഭരണത്തിലാണ് നിര്‍ഭയമാരും ജിഷമാരും ഉണ്ടാവുന്നത്. പോലിസും ഭരണസംവിധാനവും ജാഗ്രത പുലര്‍ത്തിയിരുന്നെങ്കില്‍ ജിഷയുടെ ഹീനമായ കൊലപാതകം നടക്കില്ലായിരുന്നു. 11 ദിവസമായിട്ടും പോലിസിന് കൃത്യമായ ഉത്തരം പറയാനാവുന്നില്ല. ആദ്യ നാലുദിവസം കേസ് ഒതുക്കാനുള്ള ശ്രമമാണ് ഉണ്ടായത്. ഇത് എന്തിനാണെന്ന ചോദ്യത്തിന് യുഡിഎഫ് സര്‍ക്കാര്‍ ഉത്തരം പറയണം. മാധ്യമങ്ങളുടെയും ജനങ്ങളുടെയും പ്രതിഷേധം ഉയര്‍ന്നതിനു ശേഷമാണ് നടപടി ഉണ്ടായത്. ഡല്‍ഹിയിലെ നിര്‍ഭയ കൊലപാതകം രാജ്യത്തെ ഞെട്ടിച്ചു. തുടര്‍ന്ന്, പാര്‍ലമെന്റില്‍ നടന്ന ചര്‍ച്ചയില്‍ കേരളത്തില്‍ അങ്ങനെ ഒരു സംഭവം ഉണ്ടാവില്ലെന്ന് അഭിമാനത്തോടെയാണ് പറഞ്ഞത്. എന്നാല്‍, ഇപ്പോള്‍ കേരളത്തിലും ഇത് സംഭവിച്ചിരിക്കുന്നു. രണ്ടു ദലിത് കുട്ടികളെ തന്റെ രാഷ്ട്രീയ വിശ്വാസമുള്ളവര്‍ കത്തിച്ചുകൊന്നപ്പോള്‍ പ്രധാനമന്ത്രി സഹതപിച്ചില്ല. വീട്ടില്‍ ബീഫ് സൂക്ഷിച്ചെന്നപേരില്‍ യുപിയിലും ജാര്‍ഖണ്ഡിലും മുസ്‌ലിംകളെ കൊന്നപ്പോഴും അദ്ദേഹം സഹതപിച്ചില്ല. ജിഷയ്ക്കു നീതി എന്നാല്‍ കേരളത്തിന് നീതി, ഇന്ത്യക്ക് നീതി എന്നാണര്‍ഥം. യുഡിഎഫ് സര്‍ക്കാരിനെ ശരിയായ രീതിയില്‍ പ്രവര്‍ത്തിപ്പിക്കാന്‍ ജനകീയസമ്മര്‍ദ്ദം ഉയരണം. ആത്യന്തികമായി ജനങ്ങളാണ് വിജയിക്കുക എന്ന് യെച്ചൂരി പറഞ്ഞു. ആശുപത്രിയില്‍ കഴിയുന്ന ജിഷയുടെ അമ്മയെയും സഹോദരിയെയും സീതാറാം യെച്ചൂരി സന്ദര്‍ശിച്ചു.
Next Story

RELATED STORIES

Share it