Gulf

വനിതകള്‍ക്കു മാത്രമായി ടാക്‌സി: ഇന്ന് സിഎംസി യോഗം ചര്‍ച്ച ചെയ്യും

ദോഹ: വനിതകള്‍ക്ക് മാത്രമായി വനിതകള്‍ ഓടിക്കുന്ന ടാക്‌സികള്‍ നിരത്തിലിറക്കുന്നത് സംബന്ധിച്ച നിര്‍ദേശം ഇന്ന് ചേരുന്ന സെന്‍ട്രല്‍ മുനിസിപ്പല്‍ കൗണ്‍സില്‍(സിഎംസി) യോഗം ചര്‍ച്ച ചെയ്യും. കൗണ്‍സിലിന്റെ മുമ്പാകെ സമര്‍പ്പിക്കപ്പെട്ട നിര്‍ദേശം ഇന്നത്തെ യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്ന് ദി പെനിന്‍സുല റിപോര്‍ട്ട് ചെയ്തു.
വനിതകള്‍ക്ക് മാത്രമായുള്ള ടാക്‌സികള്‍ക്ക് പ്രത്യേക നിറം വേണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്. അല്‍ഖോറിനെ പ്രതിനിധീകരിക്കുന്ന സിഎംസി അംഗം നാസര്‍ ബിന്‍ ഇബ്രാഹിം അല്‍മുഹന്നദിയാണ് വനിതാ ടാക്‌സി എന്ന ശുപാര്‍ശ സമര്‍പ്പിച്ചിരിക്കുന്നത്. വനിതകള്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് ലഭിക്കുന്ന സാഹചര്യത്തില്‍ പ്രത്യേക സര്‍വീസ് ആരംഭിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നത് നല്ലതാണെന്ന് മറ്റു ചില കൗണ്‍സില്‍ അംഗങ്ങളും ചൂണ്ടിക്കാട്ടുന്നു. രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ വനിതാ ടാക്‌സി സര്‍വീസ് അനുവദിക്കുന്നതില്‍ തെറ്റില്ലെന്ന് കൗണ്‍സില്‍ അംഗം ഫാത്തിമ അല്‍കുവാരി അഭിപ്രായപ്പെട്ടു. വിജയിക്കുകയാണെങ്കില്‍ വനിതകള്‍ക്കും കുട്ടികള്‍ക്കുമായി അത് വ്യാപിപ്പിക്കാവുന്നതാണെന്നും അവര്‍ പറയുന്നു. വനിതാ ടാക്‌സികളില്‍ സ്ത്രീകളും കുട്ടികളും സുരക്ഷിതരാണെന്ന് ഉറപ്പാക്കേണ്ടതുണ്ടെന്നും ഫാത്തിമ അല്‍കുവാരി പറഞ്ഞു. ശുപാര്‍ശ വിശദമായി പഠിച്ച ശേഷം ബന്ധപ്പെട്ട അധികൃതര്‍ക്ക് സിഎംസി നിര്‍ദേശം അയക്കുമെന്നും അവരാണ് നയപരമായ തീരുമാനങ്ങള്‍ കൈക്കൊള്ളേണ്ടതെന്നും ഫാത്തിമ അല്‍കുവാരി പറഞ്ഞു.
വനിതകള്‍ക്കും കുടുംബങ്ങള്‍ക്കും മാത്രമായി പ്രത്യേക ടാക്‌സികള്‍ നിരത്തിലിറക്കുന്നത് സംബന്ധിച്ച് നേരത്തെതന്നെ ചര്‍ച്ചകള്‍ നടന്നിരുന്നു. ദോഹ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന പ്രോഫിറ്റ് ഗ്രൂപ്പ് പ്രത്യേക ടാക്‌സികള്‍ നിരത്തിലിറക്കാന്‍ ആലോചിച്ചിരുന്നു. ഖത്തറിനെ സംബന്ധിച്ചിടത്തോളം ഇത് പുതിയൊരാശയമാണ്. ദുബയിലും ചില പാശ്ചാത്യ രാജ്യങ്ങളിലും ഇതിനോടകംതന്നെ വനിതകള്‍ക്കും കുടുംബങ്ങള്‍ക്കുമായി പ്രത്യേക ടാക്‌സി സര്‍വീസുകള്‍ ആരംഭിച്ചിട്ടുണ്ട്. കേരളത്തിലും സമാനമായ രീതിയില്‍ ഷി ടാക്‌സി എന്ന പേരില്‍ സര്‍വീസ് നടക്കുന്നുണ്ട്. ഇതേരീതിയില്‍ ഖത്തറിലും നടപ്പാക്കാനാണ് ആലോചിക്കുന്നതെന്ന് പ്രോഫിറ്റ് ഗ്രൂപ്പ് നേരത്തെ വ്യക്തമാക്കിയിരുന്നു.
വനിതായാത്രക്കാരുടെ സ്വകാര്യത സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് ഇത്തരമൊരു ആശയത്തെക്കുറിച്ച് ആലോചിക്കുന്നത്. പുരുഷ ഡ്രൈവറുമായി നേരിട്ട് ആശയവിനിമയം നടത്താന്‍ പല വനിതായാത്രക്കാരും താല്‍പര്യപ്പെടുന്നില്ല.
സര്‍ക്കാര്‍ ഉടമസ്ഥതയില്‍ രാജ്യത്ത് എട്ട് വിവാഹ ഹാളുകള്‍ നിര്‍മിക്കണമെന്ന നിര്‍ദേശവും ചൊവ്വാഴ്ചത്തെ സെന്‍ട്രല്‍ മുനിസിപ്പല്‍ കൗണ്‍സില്‍ യോഗം ചര്‍ച്ച ചെയ്യും. ഇക്കാര്യം നേരത്തേ തന്നെ സിഎംസി ചര്‍ച്ച ചെയ്ത് സര്‍വിസ് ആന്റ് ഫെസിലിറ്റേറ്റീവ് സമിതിക്ക് വിട്ടതായിരുന്നു. സിഎംസിയിലെ 7, 8, 9, 10, 11, 13, 21, 22 എന്നീ മണ്ഡലങ്ങളില്‍ പുതിയ വിവാഹ മന്ദിരങ്ങള്‍ നിര്‍മിക്കണമെന്നാണ് ശുപാര്‍ശ.
കുടുംബങ്ങള്‍ താമസിക്കുന്ന സ്ഥലങ്ങളില്‍ ഒറ്റയ്ക്കുള്ള തൊഴിലാളികള്‍ താമസിക്കുന്നത് തടയുന്നത് സംബന്ധിച്ച് നിയമ സമിതി തയ്യാറാക്കിയ റിപ്പോര്‍ട്ടും ചര്‍ച്ചയ്‌ക്കെടുക്കും. കൗണ്‍സിലിലെ ഒമ്പതാം നമ്പര്‍ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ഫാത്തിമ അല്‍ കുവാരിയാണ് ഈ നിര്‍ദേശം ഉന്നയിച്ചത്.
Next Story

RELATED STORIES

Share it