വനിതകളില്‍ ഇന്ത്യക്ക് തോല്‍വി; വീഴ്ത്തിയത് പാകിസ്താന്‍

ന്യൂഡല്‍ഹി: വനിത ട്വന്റി ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ത്യക്കെതിരേ പാകിസ്താന് ജയം. മഴയെ തുടര്‍ന്ന് ഡക്ക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരം രണ്ട് റണ്‍സിനായിരുന്നു പാക് ജയം.
ഗ്രൂപ്പ് ബിയില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്ക് നിശ്ചിത 20 ഓവറില്‍ ഏഴു വിക്കറ്റിന് 96 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ. 19 പന്തില്‍ മൂന്ന് ബൗണ്ടറിയോടെ 24 റണ്‍സെടുത്ത വേദ കൃഷ്ണമൂര്‍ത്തിയാണ് ഇന്ത്യയുടെ ടോപ്‌സ്‌കോറര്‍.
മറുപടിയില്‍ നേരിയ വിജയ സാധ്യതയുണ്ടായിരുന്നെങ്കിലും മഴയെത്തിയത് ഇന്ത്യന്‍ പ്രതീക്ഷകള്‍ തകിടം മറിക്കുകയായിരുന്നു. മഴ വില്ലനായെത്തുമ്പോള്‍ പാകിസ്താന്‍ 16 ഓവറില്‍ ആറ് വിക്കറ്റിന് 77 റണ്‍സെന്ന നിലയിലായിരുന്നു. മഴയെ തുടര്‍ന്ന് ഡക്ക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരം 16 ഓവറിലെ ഇന്ത്യയേക്കാള്‍ രണ്ട് റണ്‍സ് കൂടുതലെടുത്ത പാകിസ്താനെ വിജയികളായി പ്രഖ്യാപിക്കുകയായിരുന്നു. 26 പന്തില്‍ മൂന്ന് ബൗണ്ടറിയോടെ 26 റണ്‍സെടുത്ത ഓപണര്‍ സിദ്ര അമീനാണ് പാകിസ്താന്റെ ടോപ്‌സ്‌കോറര്‍.
തോറ്റെങ്കിലും ഗ്രൂപ്പ് ബിയിലെ പോയിന്റ് പട്ടികയില്‍ റണ്‍റേറ്റിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യ തന്നെയാണ് ഒന്നാം സ്ഥാനത്ത്. രണ്ട് കളികളില്‍ നിന്ന് രണ്ട് പോയിന്റാണ് ഇന്ത്യയുടെ സമ്പാദ്യം. ഇതേ പോയിന്റുമായി പാകിസ്താന്‍ നാലാം സ്ഥാനത്താണുള്ളത്. നാല് ഓവറില്‍ ഒമ്പത് റണ്‍സ് മാത്രം വിട്ടുകൊടുത്ത് ഒരു വിക്കറ്റ് വീഴ്ത്തിയ പാക് താരം അനാം അമിനാണ് മാന്‍ ഓഫ് ദി വുമണ്‍.
Next Story

RELATED STORIES

Share it