വനഭൂമി കൈയേറ്റം വ്യാപകം

എച്ച് സുധീര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് വന്‍തോതില്‍ വനഭൂമി കൈയേറ്റം വ്യാപകമാവുന്നു. സര്‍ക്കാരിന്റെ ഔദ്യോഗിക കണക്കുകള്‍ പ്രകാരം 19 ഡിവിഷനുകളിലായി 18,012.318 ഏക്കര്‍ വനഭൂമിയാണ് സ്വകാര്യവ്യക്തികളും റിസോര്‍ട്ട് മാഫിയകളും ഉള്‍പ്പെടെയുള്ളവര്‍ കൈവശംവച്ചിട്ടുള്ളത്. മണ്ണാര്‍ക്കാട് ഡിവിഷനിലെ വനമേഖലയിലാണ് വന്‍തോതില്‍ കൈയേറ്റം. 6,672.663 ഏക്കര്‍ ഭൂമിയാണ് ഇവിടെ കൈയേറിയത്. മൂന്നാര്‍, സൗത്ത് വയനാട്, നിലമ്പൂര്‍ നോര്‍ത്ത് ഡിവിഷനിലും കൈയേറ്റം വര്‍ധിച്ചിട്ടുണ്ട്.
ഓരോ ഡിവിഷനിലെയും കൈയേറ്റം (ഏക്കര്‍ അളവില്‍) ഇപ്രകാരമാണ്: തെന്‍മല-17.881, കോന്നി-26.168, റാന്നി-2.795, കോട്ടയം-300.197, കോതമംഗലം-364.717, മൂന്നാര്‍-2717.297, മാങ്കുളം-885.687, മലയാറ്റൂര്‍-319.473, തൃശൂര്‍ 362.677, നെന്‍മാറ- 603.394, പാലക്കാട്- 142.469, മണ്ണാര്‍ക്കാട്- 6672.663, നിലമ്പൂര്‍ നോര്‍ത്ത്-1686.554, സൗത്ത് വയനാട്-2968.960, നോര്‍ത്ത് വയനാട്-424.823, കണ്ണൂര്‍-27.241, ഇടുക്കി വന്യജീവി സങ്കേതം- 12.355, പെരിയാര്‍ ടൈഗര്‍ റിസര്‍വ്-0.015, പീച്ചി വന്യജീവി സങ്കേതം- 476.951.
സംസ്ഥാനത്ത് വര്‍ധിച്ചുവരുന്ന വനം കൈയേറ്റം ഒഴിപ്പിക്കണമെന്ന് അടുത്തിടെ ഹൈക്കോടതി വനംവകുപ്പിന് നിര്‍ദേശം നല്‍കിയിരുന്നു. നടപടി ആറുമാസത്തിനുള്ളില്‍ ആരംഭിക്കണമെന്നും ഉത്തരവിടുകയുണ്ടായി. 1977നു ശേഷമുള്ള ഒരു കൈയേറ്റവും അനുവദിക്കാനാവില്ലെന്നാണു കോടതി നിലപാട്. ഇതേത്തുടര്‍ന്ന് സമര്‍പ്പിച്ച എതിര്‍ സത്യവാങ്മൂലത്തിലാണ് 7289.3377 ഹെക്ടര്‍ (18012.318 ഏക്കര്‍) വനഭൂമിയില്‍ കൈയേറ്റം നടന്നതായി സര്‍ക്കാര്‍ അറിയിച്ചത്.
കൈയേറ്റം ഒഴിപ്പിക്കുന്നതിന്റെ ഭാഗമായി നോട്ടീസ് നല്‍കി നടപടികള്‍ സ്വീകരിക്കുന്നതിന് അഡ്വക്കറ്റ് ജനറലിന്റെ അഭിപ്രായം സര്‍ക്കാര്‍ തേടിയിരുന്നു. ഭൂസംരക്ഷണ നിയമപ്രകാരമോ 1961ലെ കേരള വനം നിയമപ്രകാരമോ നടപടിയെടുക്കണമെന്നാണ് ഹൈക്കോടതി നിര്‍ദേശം. ഇക്കാര്യത്തില്‍ എജിയുടെ ഉപദേശവും ലഭിച്ചിട്ടുണ്ട്. രണ്ടാഴ്ച മുമ്പ് ചേര്‍ന്ന വനംവകുപ്പിന്റെ സംസ്ഥാനതല മോണിറ്ററിങ് കമ്മിറ്റിയില്‍ കൈയേറ്റം ഒഴിപ്പിക്കുന്നതു സംബന്ധിച്ച ചര്‍ച്ച നടന്നിരുന്നു. എജിയുടെ നിര്‍ദേശത്തിന്റെയും ഉദ്യോഗസ്ഥതല ചര്‍ച്ചയുടെയും അടിസ്ഥാനത്തില്‍ കൈയേറ്റം ഒഴിപ്പിക്കാന്‍ ജില്ലാ കലക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കണമെന്ന തീരുമാനമാണു യോഗത്തില്‍ ഉയര്‍ന്നുവന്നത്. എന്നാല്‍, നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതില്‍ക്കലെത്തിയ സാഹചര്യത്തില്‍ തിരക്കിട്ട നടപടികള്‍ സ്വീകരിക്കാനുള്ള സാധ്യത വിരളമാണ്.
മലയോര കര്‍ഷകരുടെ എതിര്‍പ്പാണു പ്രധാനമായും സര്‍ക്കാരിന് മുന്നിലെ വെല്ലുവിളി. മുന്‍കാലങ്ങളിലും വനഭൂമി കൈയേറ്റമൊഴിപ്പിക്കാന്‍ മാറിമാറി വന്ന സര്‍ക്കാരുകള്‍ ശ്രമിച്ചിരുന്നെങ്കിലും ഫലം കണ്ടില്ല. പശ്ചിമഘട്ട മലനിരകളില്‍ വ്യാപകമായി വനഭൂമി കൈയേറിയിട്ടുണ്ടെന്ന് നേരത്തെ കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയത്തിന്റെ റിപോര്‍ട്ടുണ്ടായിരുന്നു. കേരളത്തില്‍ മാത്രം 44,420 ഹെക്ടര്‍ വനഭൂമി കൈയേറിയെന്നാണ് റിപോര്‍ട്ട്. കൈയേറ്റം ഒഴിപ്പിക്കാന്‍ മന്ത്രാലയവും നിര്‍ദേശം നല്‍കിയെങ്കിലും സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് കാര്യമായ നടപടികള്‍ ഉണ്ടായില്ല. റിസോര്‍ട്ടുകള്‍ക്കും എസ്‌റ്റേറ്റുകള്‍ക്കും വേണ്ടിയാണു വനം കൈയേറ്റം വ്യാപകമായത്. 2005 വരെയുള്ള കൈയേറ്റഭൂമികള്‍ക്കു പട്ടയം നല്‍കാന്‍ വിജ്ഞാപനം പുറപ്പെടുവിച്ച സര്‍ക്കാര്‍ നടപടി വിവാദത്തെ തുടര്‍ന്ന് പിന്‍വലിച്ചിരുന്നു.
2005 ജൂണ്‍ 1 വരെയുള്ള ഭൂമി കൈയേറ്റങ്ങള്‍ക്കു നിയമസാധുത നല്‍കിയാണു വിജ്ഞാപനം പുറപ്പെടുവിച്ചത്. സര്‍ക്കാര്‍ പതിച്ചുനല്‍കുന്ന ഭൂമി 25 വര്‍ഷത്തിനു ശേഷമേ കൈമാറാവൂവെന്ന വ്യവസ്ഥയും ഭേദഗതി ചെയ്തിരുന്നു. എന്നാല്‍, സര്‍ക്കാര്‍ തീരുമാനത്തിനെതിരേ കോണ്‍ഗ്രസ്സിനകത്ത് തന്നെ കടുത്ത പ്രതിഷേധം ഉയര്‍ന്നതോടെ പിന്‍വലിക്കുകയായിരുന്നു.
Next Story

RELATED STORIES

Share it