wayanad local

വനം വികസന കോര്‍പറേഷന്‍ പിന്‍വാങ്ങി; പാക്കം സ്രാമ്പി നവീകരണം പെരുവഴിയില്‍

പുല്‍പ്പള്ളി: ബ്രിട്ടീഷ് വാഴ്ചയുടെ സ്മാരകമായ പാക്കം വലിയമല സ്രാമ്പി നവീകരണ പദ്ധതി പെരുവഴിയില്‍. പരിസ്ഥിതി സൗഹൃദ വിനോദസഞ്ചാരം പ്രോല്‍സാഹിപ്പിക്കുന്നതിന്റെ ഭാഗമായി മൂന്നു കോടി രൂപ അടങ്കലില്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് ആസൂത്രണം ചെയ്ത സ്രാമ്പി പുനര്‍നിര്‍മാണം ഇന്നോളം തുടങ്ങിയതു പോലുമില്ല. 2013 ജനുവരി ഒന്നിന് അന്നത്തെ വനംമന്ത്രി കെ ബി ഗണേഷ്‌കുമാറാണ് സ്രാമ്പി നവീകരണം ഉള്‍പ്പെടുന്ന കുറുവ ഇക്കോ ടൂറിസം പ്രൊജക്റ്റിന്റെ ശിലാസ്ഥാപനം നടത്തിയത്.
കേരള വനം വികസന കോര്‍പറേഷനാണ് പാക്കം സ്രാമ്പി പുനര്‍നിര്‍മാണ പദ്ധതി വിഭാവനം ചെയ്തത്. വനം-വന്യജീവി വകുപ്പ് ഇതിന് അംഗീകാരം നല്‍കുകയായിരുന്നു. എന്നാല്‍, കാര്യത്തോടടുത്തപ്പോള്‍ വനം വികസന കോര്‍പറേഷന്‍ കാലുമാറി. വരവും ചെലവും പൊരുത്തപ്പെടില്ലെന്ന സാധ്യതാ പഠനഫലം ചൂണ്ടിക്കാട്ടിയായിരുന്നു പ്രൊജക്റ്റില്‍നിന്നു കോര്‍പറേഷന്റെ പിന്മാറ്റം. വനം-വന്യജീവി വകുപ്പ് നിര്‍മാണത്തിന് അനുവദിച്ച ഫണ്ടും കോര്‍പറേഷന്‍ തിരിച്ചടച്ചു. ഇതോടെ ചാരംമൂടിയ പദ്ധതി തട്ടിക്കുടഞ്ഞ് നിര്‍മാണം നേരിട്ടോ മറ്റ് ഏജന്‍സികള്‍ മുഖേനയോ നടത്താന്‍ വനം-വന്യജീവി വകുപ്പ് ശുഷ്‌കാന്തി കാട്ടുന്നുമില്ല.
സൗത്ത് വയനാട് വനംഡിവിഷനിലെ ചെതലയം റേഞ്ചില്‍പ്പെട്ട വലിയമലയില്‍ പുല്‍പ്പള്ളി-മാനന്തവാടി റോഡരികിലാണ് സ്രാമ്പി. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകത്തില്‍ തേക്കും ഓടും മാത്രം ഉപയോഗിച്ച് നിര്‍മിച്ച ഇരുനില മന്ദിരമാണ് ഇത്. ബ്രിട്ടീഷ് വനപാലകരുടെ ഇടത്താവളങ്ങളില്‍ ഒന്നായിരുന്നു സ്രാമ്പി.
വിശാലമായ മുറികളും വരാന്തയും അടുക്കളയും കുളിമുറിയും ഉള്‍പ്പെടുന്നതായിരുന്നു ഈ മന്ദിരം. സമാനരീതിയിലുള്ള നിര്‍മിതികള്‍ വയനാട്ടിലെ ബേഗൂര്‍, തോല്‍പ്പെട്ടി, മുത്തങ്ങ എന്നിവിടങ്ങളിലും ബ്രിട്ടീഷുകാര്‍ നടത്തിയിരുന്നു. വയനാട്ടിലുള്ള സ്രാമ്പികളില്‍ എറ്റവും വലുതാണ് വലിയമലയിലേത്. ആനകുത്തിയാല്‍ മറിയാത്ത വിധത്തില്‍ സ്ഥാപിച്ച കൂറ്റന്‍ മരത്തൂണുകള്‍ക്ക് മുകളിലാണ് സ്രാമ്പികളുടെ മേല്‍ക്കൂരയും അനുബന്ധ നിര്‍മാണങ്ങളും.
വൈദേശിക ഭരണം അവസാനിച്ചതിന് പിന്നാലെ പാക്കം സ്രാമ്പി ഉപേക്ഷിക്കപ്പെട്ട നിലയിലായി. സംസ്ഥാനം നിലവില്‍ വന്നതിനുശേഷവും സ്രാമ്പിയുടെ സംരക്ഷണത്തിന് വനത്തിന്റെ ഭരണച്ചുമതലയുള്ളവര്‍ പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തിയിരുന്നില്ല.
കാലപ്രയാണത്തില്‍ സ്രാമ്പിയിലെ ഉരുപ്പടികള്‍ ഒന്നൊന്നായി അപ്രത്യക്ഷമായി. മന്ദിരത്തിന്റെ വാതിലുകളും മുറികള്‍ തിരിക്കാന്‍ ഉപയോഗിച്ചിരുന്ന പലകകളും ആരൊക്കെയോ കട്ടുകടത്തി. പഴക്കംകൂടിയായപ്പോള്‍ സ്രാമ്പി പേക്കോലമായി. മന്ദിരത്തില്‍ അവശേഷിക്കുന്ന ഉരുപ്പടികളുടെ മോഷണം തടയുന്നതിനു വളരെ വൈകിയാണ് വനംവകുപ്പ് നടപടി സ്വീകരിച്ചത്. നിലവില്‍ സ്രാമ്പി പരിസരത്ത് കാവല്‍പ്പുരയും നോട്ടക്കാരനുമുണ്ട്. തെന്നിന്ത്യയിലെ പ്രസിദ്ധ പരിസ്ഥിതി സൗഹൃദ വിനോദസഞ്ചാരകേന്ദ്രമായ കുറുവാദ്വീപ് സമൂഹത്തിലേക്ക് പാക്കം വലിയമലയില്‍ നിന്ന് ഏകദേശം നാലു കിലോമീറ്ററാണ് ദൂരം. ദിവസവും നിരവധി സഞ്ചാരികളാണ് കുറുവാദ്വീപില്‍ വന്നുപോവുന്നത്. ഇക്കാര്യവും കണക്കിലെടുത്താണ് പാക്കം സ്രാമ്പി പുനര്‍നിര്‍മിക്കാന്‍ വനം വികസന കോര്‍പറേഷന്‍ പദ്ധതിയിട്ടത്.
സ്രാമ്പി പരിസരത്ത് സ്വീകരണ കേന്ദ്രം, പരമ്പരാഗത രീതിയിലുള്ള എട്ടു കുടിലുകള്‍, ഭക്ഷണശാല, മിനി കോണ്‍ഫറന്‍സ് ഹാള്‍, ഉദ്യാനം തുടങ്ങിയവയും ആസൂത്രണം ചെയ്തിരുന്നു. വനത്തില്‍ പുല്‍മേടിനു മധ്യത്തിലാണ് സ്രാമ്പി.
Next Story

RELATED STORIES

Share it