kozhikode local

വനം വകുപ്പിന്റെ മരം വീടിന് സമീപം വീണത് പ്രതിഷേധത്തിനിടയാക്കി

താമരശ്ശേരി: വനം വകുപ്പ് ഓഫിസ് വളപ്പിലെ വന്‍ മരം കടപുഴകി വീടിനടുത്തു വീണത് പ്രതിഷേധത്തിനിടയാക്കി. താമരശ്ശേരി ഫോറസ്റ്റ് റേഞ്ച് ഓഫിസ് വളപ്പിലെ പടുകൂറ്റന്‍ മരമാണ് തൊട്ടടുത്ത ഹൗസിങ് കോളനിയിലെ വീടിനു സമീപം പതിച്ചത്.
ബുധനാഴ്ച രാത്രി 12 മണിയോടെയാണ് മരം വീണത്. മരം വീണതോടെ ഈ പ്രദേശത്തേക്കുള്ള വൈദ്യുതി ലൈന്‍ പൊട്ടിവീഴുകയും ചെയ്തു. നാട്ടുകാരുടെ ഇടപെടല്‍ വന്‍ ദുരന്തം ഒഴിവാക്കി. താമരശ്ശേരി താലൂക്കാശുപത്രിയിലെ മെഡിക്കല്‍ ഓഫിസര്‍ ഡോ. കേശവനുണ്ണിയുടെ വീടിന്റെ മുറ്റത്തേക്കാണ് മരം വീണത്. ഭാഗ്യം കൊണ്ടുമാത്രമാണ് വീടു തകരാതെ രക്ഷപ്പെട്ടതെന്ന് കോളനി നിവാസികള്‍ പറയുന്നു.
മരം അപകടാവസ്ഥയിലാണെന്നും മുറിച്ചു മാറ്റാന്‍ നടപടിയെടുക്കണമെന്നാവശ്യപ്പെട്ടു ഇതിനു മുന്‍പ് ഡോക്ടര്‍ വനം വകുപ്പധികൃതര്‍ക്ക് പരാതി നല്‍കിയിരുന്നു.
അന്ന് ഈ മരത്തില്‍ നിന്നുള്ള വലിയ കൊമ്പ് അടര്‍ന്ന് ഡോക്ടറുടെ വീടിനു മേല്‍ വീണിരുന്നു. എന്നാല്‍ അധികൃതര്‍ യാതൊരു നടപടിയും സ്വീകരിച്ചില്ലെന്നും പരാതി അവഗണിച്ചതായും പ്രദേശവാസികള്‍ ആരോപിക്കുന്നു.
മരം വീണിട്ടും ഇവ മുറിച്ചു മാറ്റാനോ മറ്റോ അധികൃതര്‍ തയ്യാറായില്ലെന്നും ആരോപണമുയരുന്നു. വൈദ്യുതി വകുപ്പധികൃതര്‍ എത്തി ലൈനിലേക്ക് പതിച്ച മരച്ചില്ലകള്‍ വെട്ടിമാറ്റി വൈദ്യുതി പുനസ്ഥാപിച്ചു. വനം വകുപ്പധികൃതരുടെ നടപടിയില്‍ നാട്ടുകാര്‍ രേഷാകുലരാണ്.
Next Story

RELATED STORIES

Share it