വധശ്രമക്കേസ്: ജയേന്ദ്ര സരസ്വതിയെ വെറുതെ വിട്ടു

ചെന്നൈ: 2002ല്‍ കാഞ്ചി മഠം മുന്‍ ഓഡിറ്റര്‍ എസ് രാധാകൃഷ്ണനെ വധിക്കാന്‍ ശ്രമിച്ചുവെന്ന കേസില്‍ കാഞ്ചി ശങ്കരാചാര്യ ജയേന്ദ്ര സരസ്വതിയേയും മറ്റ് എട്ടു പേരെയും കോടതി വെറുതെവിട്ടു. കേസില്‍ മാപ്പുസാക്ഷിയായി പിന്നീട് കൂറുമാറിയ രവി സുബ്രഹ്മണ്യനെ പ്രത്യേകമായി വിചാരണ ചെയ്യും. ജയേന്ദ്ര സരസ്വതിയെക്കൂടാതെ മഠം മാനേജര്‍ സുന്ദരേശ അയ്യര്‍, മഠത്തിലെ പ്രധാന സന്ന്യാസിയുടെ സഹോദരന്‍ രഘു എന്നിവരടക്കമുള്ളവര്‍ക്കെതിരേയായിരുന്നു കേസ്. ഒന്നാം അഡീഷനല്‍ സെഷന്‍സ് ജഡ്ജി പി രാജമാണിക്കമാണ് ഇവരെ കുറ്റവിമുക്തരാക്കിയത്.
2002 സപ്തംബര്‍ 20നാണു മഠത്തിലെ മുന്‍ ഓഡിറ്റര്‍ എസ് രാധാകൃഷ്ണനെ അദ്ദേഹത്തിന്റെ വീട്ടില്‍ കയറി ഒരു സംഘം ആക്രമിച്ചത്. മഠത്തിലെ ക്രമക്കേടുകളെക്കുറിച്ചു രാധാകൃഷ്ണന്‍, സോമശേഖര ഗണപതികള്‍ എന്ന പേരില്‍ പരാതി അയച്ചുവെന്നാരോപിച്ചായിരുന്നു ആക്രമണം. ഇതിനു പിന്നില്‍ ജയേന്ദ്ര സരസ്വതിയും മറ്റുമാണെന്നാരോപിച്ചായിരുന്നു കേസ്. രാധാകൃഷ്ണന്റെ പ്രവര്‍ത്തിക്കെതിരേ പ്രതികരിക്കണമെന്ന് സുന്ദരേശ്വര അയ്യരോടും രഘുവിനോടും ജയേന്ദ്ര സരസ്വതി ആവശ്യപ്പെട്ടിരുന്നുവെന്നാണ് പ്രോസിക്യൂഷന്‍ വാദിച്ചത്. ക്രിമിനല്‍ ഗൂഢാലോചന, വധശ്രമം എന്നീ കുറ്റങ്ങള്‍ ചാര്‍ത്തി ജയേന്ദ്ര സരസ്വതിയടക്കം 12 പേര്‍ക്കെതിരേ 2006ലാണ് പോലിസ് കുറ്റപത്രം സമര്‍പ്പിച്ചത്. രണ്ടു പ്രതികള്‍ കേസ് വിചാരണക്കിടയില്‍ മരിച്ചു.
2004ലെ കാഞ്ചീപുരം വരദരാജ ക്ഷേത്രം മാനേജര്‍ ശങ്കര രാമന്റെ കൊലപാതകക്കേസില്‍ 2013ല്‍ ജയേന്ദ്ര സരസ്വതിയേയും ശിഷ്യനേയും പുതുച്ചേരി കോടതി വെറുതെ വിട്ടിരുന്നു.
Next Story

RELATED STORIES

Share it