Pathanamthitta local

വധശ്രമക്കേസില്‍ വാദം നടക്കുന്നതിനിടെ പ്രതിക്ക് വീട്ടമ്മ മാപ്പ് നല്‍കി

പത്തനംതിട്ട: വീട്ടില്‍ കയറി വെട്ടിപ്പരിക്കേല്‍പ്പിച്ചുവെന്ന കേസില്‍ ഹൈക്കോടതിയില്‍ വാദം നടക്കുന്നതിനിടെ, പ്രതിക്ക് വീട്ടമ്മ മാപ്പു നല്‍കി. വധശ്രമം ഉള്‍പ്പെടെയുളള കുറ്റങ്ങള്‍ ആരോപിക്കപ്പെട്ട പ്രതിക്കെതിരേ നടപടി ആവശ്യമില്ലെന്നും കേസ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ടാണ് വീട്ടമ്മ ഹരജി ബോധിപ്പിച്ചത്.
ഇതേത്തുടര്‍ന്ന് കോടതി കേസ് നിര്‍ത്തി. മല്ലപ്പള്ളി കീഴ്‌വായ്പൂര്‍ നിവാസിയായ വേണുഗോപാലന്റെ ഭാര്യ ശോഭന(44)യാണ് വീട്ടില്‍ അതിക്രമിച്ചുകയറി വെട്ടുകത്തികൊണ്ട് തന്നെ വെട്ടിപ്പരിക്കേല്‍പ്പിച്ച അയല്‍വാസി കുന്നത്ത് കുറിച്ചികോയിക്കല്‍ പ്രഭാകരന്‍ നായര്‍ക്ക് (63) മാപ്പു നല്‍കിയത്. 2011 മാര്‍ച്ച് അഞ്ചിന് വൈകിട്ട് 6.30 നാണ് കേസിനാസ്പദമായ സംഭംവം നടന്നത്. വീട്ടിലേക്കുവന്ന് പ്രഭാകരന്‍ നായര്‍ ശോഭനയെ വെട്ടുകയും ഇവരുടെ വലതു ചെവി മുറിയുകയും ചെയ്തു. തുടര്‍ന്ന് പ്രതി കമ്പി വടി ഉപയോഗിച്ച് ശോഭനയുടെ തലയ്ക്കടിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്യുകയായിരുന്നു.
കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയില്‍ കഴിഞ്ഞ ശേഷമാണ് ശോഭന രക്ഷപെട്ടത്. വൈകാതെ പ്രഭാകരന്‍ നായര്‍ മസ്തിഷ്‌ക രക്തസ്രാവത്തെ തുടര്‍ന്ന് ശരീരം തളര്‍ന്ന് കിടപ്പിലായി. അതിനാല്‍ പത്തനംതിട്ട സെഷന്‍സ് കോടതി മുന്‍പാകെ ഹാജരാകാന്‍ അയാള്‍ക്ക് കഴിഞ്ഞില്ല. ഈ ദയനീയാവസ്ഥ മനസിലാക്കിയാണ് ശോഭന പ്രഭാകരന്‍ നായര്‍ക്കെതിരെയുള്ള കേസ് അവസാനിപ്പിക്കാന്‍ തീരുമാനിച്ചത്. പ്രഭാകരന്‍ നായരുടെ കുടുംബം ശോഭനയ്ക്ക് നഷ്ടപരിഹാരം നല്‍കുവാന്‍ തയാറായെങ്കിലും ദിവസക്കൂലിക്ക് ഉപജീവനം കഴിച്ചുവരുന്ന ശോഭന ആത് നിരസിച്ചു. വിചാരണ കോടതിക്ക് രാജിയാക്കാന്‍ കഴിയാത്ത കേസായതിനാല്‍ ഇരുവരും അഭിഭാഷകരായ കെഎന്‍ രാധാകൃഷ്ണന്‍, സലിം കാമ്പിശേരി എന്നിവര്‍ മുഖേനഹൈക്കോടതിയില്‍ ഹരജി ഫയല്‍ ചെയ്തു. ഗുരുതരമായ അക്രമം നടത്തിയ കേസുകളില്‍ കേസ് റദ്ദാക്കാന്‍ പാടില്ലെന്ന സുപ്രിംകോടതി വിധി നിലവില്‍ ഉണ്ടെങ്കിലും ഈ കേസിന്റെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് കേസ് റദ്ദാക്കാന്‍ ജസ്റ്റിസ് കെമാല്‍ പാഷ ഉത്തരവിടുകയായിരുന്നു.
Next Story

RELATED STORIES

Share it