വധശിക്ഷ വിചാരണ കൂടാതെയും നടക്കുന്നു

വധശിക്ഷ റദ്ദാക്കാന്‍ കാരണങ്ങള്‍ ഏറെ-2


കുറ്റാന്വേഷണം നിഷ്പക്ഷവും നീതിപൂര്‍വവും സുതാര്യവുമാകണമെന്നത് നിയമവാഴ്ചയുടെ അടിസ്ഥാന തത്ത്വമാണ്. എന്നാല്‍, ഇതു പ്രായോഗികരംഗത്ത്  പാലിക്കപ്പെടാതെപോകുന്നു. ഗാന്ധിജി വധക്കേസ് അന്വേഷണം മുതല്‍ കല്‍ക്കരി ഖനി, 2ജി സ്‌പെക്ട്രം, ലളിത് മോദി കേസുകള്‍ വരെ ഉദാഹരണങ്ങളാണ്. അന്വേഷണ ഉദ്യോഗസ്ഥര്‍ ഭരണകൂടത്തിന്റെ വിനീത ദാസന്‍മാരായി മാറുന്നതുകൊണ്ട് സത്യം കുഴിച്ചുമൂടപ്പെടുകയും കുറ്റവാളികള്‍ രക്ഷപ്പെടുകയും നിരപരാധികള്‍ ശിക്ഷിക്കപ്പെടുകയും ചെയ്യുന്നു. രാജ്യത്തിന് അപരിചിതമായിരുന്ന പ്രത്യേക ക്രിമിനല്‍ കോടതികളും രഹസ്യ വിചാരണ നടപടികളും പരീക്ഷിക്കാനും വ്യാപിപ്പിക്കാനും തുടങ്ങിയത് സമീപകാലത്താണ്. മധ്യവര്‍ഗരോഷം കണക്കിലെടുത്താണ് പലപ്പോഴും ഇത്തരം കോടതികള്‍ സ്ഥാപിക്കുന്നത്. എന്നാല്‍, പ്രതികള്‍ക്ക് തങ്ങളുടെ പേരിലുള്ള കുറ്റാരോപണത്തെ ഫലപ്രദമായി പ്രതിരോധിക്കുന്നതിനും നിരപരാധിത്വം തെളിയിക്കുന്നതിനും പ്രത്യേക കോടതിനടപടികള്‍ തടസ്സം നില്‍ക്കുന്നു. അമിതമായ സുരക്ഷാസംവിധാനങ്ങളും പോലിസിന്റെയും സുരക്ഷാഭടന്മാരുടെയും സാന്നിധ്യവും പ്രതികളെയും സാക്ഷികളെയും മാനസിക പീഡനത്തിനു തന്നെ വിധേയരാക്കാറുണ്ട്.  മിക്ക മാധ്യമങ്ങളും കേസിലെ തെളിവുകളെപ്പറ്റിയും പ്രതികള്‍ക്കു ലഭിക്കാവുന്ന ശിക്ഷയെപ്പറ്റിയും മാധ്യമവിചാരണകളിലൂടെ ഓര്‍മിപ്പിച്ചുകൊണ്ടിരിക്കുന്നു. ഇതു പലപ്പോഴും ന്യായാധിപന്മാരെ സമ്മര്‍ദ്ദത്തിലാക്കാനും പ്രതികള്‍ക്കു കടുത്ത ശിക്ഷകള്‍ വിധിക്കാനും ഇടയാക്കും. നീതിന്യായ നടപടികളിലെ ഭരണകൂട ഇടപെടലിന്റെ ഉദാഹരണമാണ് മലേഗാവ് സ്‌ഫോടനക്കേസിലെ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ രോഹിണി സാലിയന്റെ രാജി.  മലേഗാവ് സ്‌ഫോടനക്കേസില്‍ പ്രോസിക്യൂഷന്‍ മെല്ലെ പോയാല്‍ മതിയെന്ന ഭരണകൂട നിര്‍ദേശത്തില്‍ പ്രതിഷേധിച്ചാണ് അവര്‍ രാജിവച്ചത്. വിചാരണ നിര്‍ണായക ഘട്ടത്തിലെത്തിയ പ്രസ്തുത കേസിന്റെ ഭാവി എന്താവുമെന്ന കാര്യം ഏറക്കുറേ വ്യക്തമാണ്. സമാനമായ മറ്റൊരു സംഭവമാണ് സംജോത എക്‌സ്പ്രസ് സ്‌ഫോടനക്കേസിലെ മുഖ്യപ്രതിയായ സ്വാമി അസീമാനന്ദയ്ക്ക് ജാമ്യം അനുവദിച്ച കോടതിയുത്തരവിനെ ചോദ്യം ചെയ്യേണ്ടതില്ലെന്ന് എന്‍.ഐ.എ. തീരുമാനിച്ചത്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആരോപണങ്ങളും വിമര്‍ശനങ്ങളും ഏറ്റുവാങ്ങിയ സര്‍ക്കാര്‍ സംവിധാനം അന്വേഷണ ഏജന്‍സികളാണ്. ഏതൊരു ഗൗരവമുള്ള കുറ്റകൃത്യം നടന്നാലും ലോക്കല്‍ പോലിസിന്റെ അന്വേഷണത്തില്‍ പൊതുജനങ്ങള്‍ വിശ്വാസമര്‍പ്പിക്കാറില്ല. അവര്‍ ക്രൈംബ്രാഞ്ച് മുതല്‍ സി.ബി.ഐ. വരെയുള്ള ഏജന്‍സികള്‍ അന്വേഷിക്കണമെന്നു മുറവിളികൂട്ടുന്നത് പതിവുകാഴ്ചകളാണ്. സി.ബി.ഐയെ 'കൂട്ടിലടയ്ക്കപ്പെട്ട തത്ത'യെന്നാണ് സുപ്രിംകോടതി തന്നെ വിമര്‍ശിച്ചത്. കല്‍ക്കരി കുംഭകോണക്കേസിലെ മുഖ്യപ്രതിയെ സി.ബി.ഐ. ഡയറക്ടര്‍ നേരിട്ട് പോയി കണ്ട സംഭവം രാജ്യത്ത് വലിയ കോളിളക്കം സൃഷ്ടിക്കുകയുണ്ടായി. സാമ്പത്തിക കുറ്റവാളിയും പിടികിട്ടാപ്പുള്ളിയുമായ ലളിത് മോദിയുമായി മഹാരാഷ്ട്ര പോലിസ് തലവന്‍ രാകേഷ് മാരിയ വിദേശത്തു വച്ച് കൂടിക്കാഴ്ച നടത്തിയതും ഇതോടൊപ്പം ചേര്‍ത്തുവായിക്കേണ്ടതാണ്. ഇന്ത്യയിലെ അന്വേഷണ ഏജന്‍സികളുടെ വിശ്വാസ്യതയുടെ ഗ്രാഫ് നിരന്തരം താഴോട്ടുപോകുന്നു. ഒരു വ്യക്തിയുടെ ജീവനെടുക്കുന്ന ശിക്ഷ നിലവിലുള്ള നാട്ടിലാണ് കുറ്റാന്വേഷകരുടെ കാര്യക്ഷമതയും വിശ്വാസ്യതയും നിരന്തരം ചോദ്യം ചെയ്യപ്പെടുകയും അവരുടെ അഴിമതിയും കെടുകാര്യസ്ഥതയും വര്‍ഗീയ ചേരിതിരിവും കോടതികളില്‍ നിന്നുപോലും നിരന്തരം വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങുകയും ചെയ്യുന്നത്.  കോളിളക്കം സൃഷ്ടിച്ച പല കേസുകളും പോലിസ് കെട്ടിച്ചമച്ച കള്ളക്കേസുകളായിരുന്നു. ഉദാഹരണം ഐ.എസ്.ആര്‍.ഒ. ചാരക്കേസ്, അക്ഷര്‍ധാം ക്ഷേത്ര സ്‌ഫോടനക്കേസ്, ശ്രീശാന്ത് ഉള്‍പ്പെട്ട ക്രിക്കറ്റ് വാതുവയ്പുകേസ് മുതലായവ. രാഷ്ട്രീയ-ഭരണനേതൃത്വങ്ങളുടെ പ്രീതി പ്രതീക്ഷിച്ചും അവാര്‍ഡ്, സ്ഥാനക്കയറ്റം എന്നിവ ലക്ഷ്യമിട്ടും ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ സംഘടിപ്പിച്ചും പ്രതിപ്പട്ടികയില്‍ കൃത്രിമമായി ഉള്‍പ്പെടുത്തിയും വ്യാജതെളിവുകള്‍ ഹാജരാക്കിയും നിരപരാധികളെ ശിക്ഷിപ്പിച്ചതിന്റെ വാര്‍ത്തകളും ബന്ധപ്പെട്ടവരുടെ വെളിപ്പെടുത്തലുകളും അപ്പീല്‍ കോടതികളുടെ വിധിപ്രസ്താവനകളും നിരന്തരം പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. വിചാരണ കൂടാതെയും ഇന്ത്യയില്‍ വധശിക്ഷയുണ്ട്. പോലിസും സുരക്ഷാസേനകളും കൂടുതലായി ആശ്രയിക്കുന്നത് വ്യാജ ഏറ്റുമുട്ടല്‍ കൊലകളാണ്. ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ കണക്കനുസരിച്ച് 2002-2008 കാലയളവില്‍ രാജ്യത്ത് 440 ഏറ്റുമുട്ടല്‍ കൊലകള്‍ നടന്നിട്ടുണ്ട്. കൂടുതലും ഗുജറാത്ത്, യു.പി., ഡല്‍ഹി, മഹാരാഷ്ട്ര, ആന്ധ്രപ്രദേശ്, ഉത്തരാഞ്ചല്‍ എന്നീ സംസ്ഥാനങ്ങളിലായിരുന്നു. ഗുജറാത്ത് വംശഹത്യയെത്തുടര്‍ന്നുള്ള നാലുവര്‍ഷ കാലയളവില്‍ (2002-2006) 21 വ്യാജ ഏറ്റുമുട്ടലുകളാണ് ആ സംസ്ഥാനത്ത് അരങ്ങേറിയത്. അവയില്‍ ഖാദുകമായവ സാദിഖ് ജമാല്‍ (2003), ഇശ്‌റത് ജഹാന്‍-പ്രാണേഷ് കുമാര്‍ (2004), സുഹ്‌റബുദ്ദീന്‍ ശെയ്ഖ് (2005), തുളസീറാം പ്രജാപതി (2006) എന്നിവയായിരുന്നു. ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയെ വധിക്കാന്‍ ലക്ഷ്യമിട്ട് ആയുധങ്ങളുമായി പുറപ്പെട്ടവരെന്ന ലേബലിലായിരുന്നു വ്യാജ ഏറ്റുമുട്ടലിലൂടെ നിരപരാധികളെ കൊന്നൊടുക്കിയത്. അതിനു നേതൃത്വം നല്‍കിയത് അന്നത്തെ ഗുജറാത്ത് ഡി.ഐ.ജിയായിരുന്ന ഡി ജി വന്‍സാര എന്ന ഐ.പി.എസ്. ഓഫിസറായിരുന്നു. അയാളും കൂട്ടാളികളായ ഒരു ഡസന്‍ ഐ.പി.എസ്. ഓഫിസര്‍മാരും വ്യാജ ഏറ്റുമുട്ടല്‍ കേസുകളില്‍ പ്രതികളായി ജയില്‍വാസം അനുഭവിക്കുകയോ ജാമ്യത്തില്‍ കഴിയുകയോ ആണ്. അക്കൂട്ടത്തില്‍ കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോ ജോയിന്റ് ഡയറക്ടര്‍ ആയിരുന്ന രജീന്ദര്‍കുമാര്‍ എന്ന ഐ.പി.എസ്. ഓഫിസറും ഉള്‍പ്പെടും. അന്നത്തെ ഗുജറാത്ത് ആഭ്യന്തര സഹമന്ത്രിയായിരുന്ന അമിത്ഷായും സുഹ്‌റബുദ്ദീന്‍ കേസില്‍ റിമാന്‍ഡ് പ്രതിയായി ഏറെക്കാലം ജയിലില്‍ കഴിഞ്ഞയാളാണ്. വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ പ്രതികളായ ഉന്നത പോലിസ് ഉദ്യോഗസ്ഥര്‍ ജയിലിലായ ശേഷം നരേന്ദ്ര മോദിക്കു വധഭീഷണി ഉണ്ടായിട്ടില്ലെന്നതു പ്രസ്താവ്യമാണ്. മുംബൈ ഉള്‍പ്പെടെയുള്ള  നിരവധി നഗരങ്ങളില്‍ പതിവായി ഏറ്റുമുട്ടല്‍ കൊല സംഘടിപ്പിക്കുന്ന പോലിസ് ഓഫിസര്‍മാര്‍ നിരവധിയുണ്ട്. നൂറിലേറെ ഏറ്റുമുട്ടല്‍ കൊലകള്‍ വരെ നടത്തിയവര്‍ മുംബൈ പോലിസില്‍ ഉണ്ടായിരുന്നു.  നാഷനല്‍ ലോ യൂനിവേഴ്‌സിറ്റിയും നാഷനല്‍ ലീഗല്‍ സര്‍വീസസ് അതോറിറ്റിയും സംയുക്തമായി നടത്തിയ ഗവേഷണ പദ്ധതി സൂചിപ്പിക്കുന്നത്, 2014ന്റെ പ്രാരംഭത്തില്‍ വധശിക്ഷ കാത്ത് ജയിലുകളില്‍ കഴിയുന്ന 477 പേരില്‍ സിംഹഭാഗവും ദലിത്, ആദിവാസി, മുസ്‌ലിം വിഭാഗങ്ങളില്‍ പെട്ടവരാണെന്നാണ്. പ്രസ്തുത വിഭാഗങ്ങള്‍ ഇന്ത്യയിലെ മൊത്തം ജനസംഖ്യയുടെ 38.8 ശതമാനം മാത്രമാണ്.എന്നാല്‍,  ജയിലുകളില്‍ കഴിയുന്ന വിചാരണത്തടവുകാരില്‍ 53 ശതമാനവും- അതായത് 2.78 ലക്ഷം പേരില്‍ 1.48 ലക്ഷവും- മേല്‍പ്പറഞ്ഞ വിഭാഗത്തില്‍ പെട്ടവരാണ്. വധശിക്ഷ കാത്ത് ജയിലുകളില്‍ കഴിയുന്നവരുടെ അനുപാതം ഇതിലും കൂടുതലാണ്. ഇവരില്‍ മിക്കവരുടെയും കേസുകളില്‍ ദൃക്‌സാക്ഷികള്‍ ഉണ്ടായിരുന്നില്ല. 80 ശതമാനത്തിലധികം കേസുകളിലും ക്രൂരമായ പീഡനങ്ങളിലൂടെ പോലിസ് സമ്പാദിച്ച കുറ്റസമ്മത മൊഴികളുടെ അടിസ്ഥാനത്തിലാണ് വധശിക്ഷ വിധിച്ചിട്ടുള്ളത്. പലപ്പോഴും പാവങ്ങളും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട സമൂഹങ്ങളില്‍ പെട്ടവരുമായ കുറ്റാരോപിതര്‍ക്ക് ദാരിദ്ര്യവും അജ്ഞതയും മൂലം നിലവാരമുള്ള നിയമസംരക്ഷണം ലഭിക്കാത്തത് അവരെ വധശിക്ഷയിലേക്കു നയിക്കുന്ന മുഖ്യഘടകമാകാറുണ്ട്. വധശിക്ഷ നടപ്പാക്കുന്നതുകൊണ്ട് കുറ്റകൃത്യങ്ങള്‍ കുറയ്ക്കാന്‍ പ്രേരണയാകുമെന്ന വാദത്തിനു യാതൊരു അടിസ്ഥാനവുമില്ലെന്നാണ് അനുഭവങ്ങള്‍ പഠിപ്പിക്കുന്നത്. 2004-2012 കാലഘട്ടത്തില്‍ നമ്മുടെ രാജ്യത്ത് ഒറ്റ വധശിക്ഷ പോലും നടപ്പാക്കിയിരുന്നില്ല. എന്നാല്‍, പ്രസ്തുത കാലയളവില്‍ കൊലപാതകങ്ങള്‍ വര്‍ധിച്ചില്ലെന്നു മാത്രമല്ല, അവ കുറയുകയുമായിരുന്നു. പഴയ തിരുവിതാംകൂര്‍ രാജ്യത്ത് കൊലക്കുറ്റത്തിനു വധശിക്ഷ നല്‍കുന്ന നിയമം നിലവിലില്ലാതിരുന്ന കാലഘട്ടത്തില്‍ കൊലപാതകങ്ങള്‍ അപൂര്‍വമായി മാത്രമേ നടന്നിട്ടുള്ളൂവെന്നും എന്നാല്‍ 1950കളില്‍ വധശിക്ഷാനിയമം നടപ്പാക്കിയ ശേഷം കൊലപാതകങ്ങളുടെ തോത് വര്‍ധിച്ചതായും മുന്‍ സുപ്രിംകോടതി ജഡ്ജി കെ ടി തോമസ് നടത്തിയ ഒരു പഠനത്തില്‍ നിന്നു വ്യക്തമായിട്ടുള്ളതാണ്. ഭരണകൂടം അക്രമങ്ങളും കൊലപാതകങ്ങളും ഇല്ലാത്ത, നീതിയിലും നിയമവാഴ്ചയിലും അധിഷ്ഠിതമായ ഒരു സാമൂഹികക്രമം സൃഷ്ടിക്കാന്‍ ശ്രമിക്കുമ്പോള്‍ പൗരന്മാര്‍ക്കെതിരേ അതേ കുറ്റകൃത്യങ്ങള്‍ തന്നെ ആവര്‍ത്തിക്കപ്പെടുന്നത് ആശാസ്യമാണോ എന്നു നാം ഗൗരവമായി വിലയിരുത്തേണ്ടതാണ്. കൂടുതല്‍ കര്‍ക്കശമായ ശിക്ഷകള്‍ ഏര്‍പ്പെടുത്തിക്കൊണ്ട് കുറ്റകൃത്യങ്ങള്‍ നിയന്ത്രിക്കാനുള്ള ശ്രമം അനുകരണീയമോ അഭിലഷണീയമോ അല്ല; മറിച്ച്, കുറ്റങ്ങള്‍ കഠിനമോ ലഘുവോ എന്നവ്യത്യാസമില്ലാതെ എല്ലാ കുറ്റവാളികളെയും നിയമത്തിനു മുമ്പില്‍ എത്തിച്ച് വിചാരണയ്ക്കു വിധേയരാക്കുകയും കുറ്റം തെളിയിക്കപ്പെട്ടാല്‍ ശിക്ഷ ഉറപ്പാക്കുകയുമാണ് കുറ്റവാസനയും കുറ്റകൃത്യങ്ങളും കുറയ്ക്കാന്‍ കൂടുതല്‍ ഫലപ്രദമായ മാര്‍ഗം. (അവസാനിച്ചു.) (മുന്‍ ഗവ. പ്ലീഡറും പബ്ലിക് പ്രോസിക്യൂട്ടറുമാണ് ലേഖകന്‍.)
Next Story

RELATED STORIES

Share it