palakkad local

വണ്ടി വേലായുധന്റെ കടലക്കച്ചവടത്തിന് നാലു പതിറ്റാണ്ടിന്റെ നിറവ്

സി കെ ശശിചാത്തയില്‍

ആനക്കര: കാലങ്ങള്‍ മാറിയെങ്കിലും വളളിക്കാട്ട് പടി വേലായുധന്‍ കടലക്കച്ചവടവുമായി ഇന്നും കുമരനല്ലൂര്‍ അങ്ങാടിയിലുണ്ടാവും. നാല്‍പതു വര്‍ഷം മുമ്പു വാങ്ങിയ ഉന്തുവണ്ടിയില്‍ത്തന്നെയാണ് വേലായുധന്റെ കടലക്കച്ചവടം പൊടിപൊടിക്കുന്നത്. കുമരനല്ലൂര്‍ ടൗണില്‍ യാത്രക്കാര്‍ക്കും സ്വദേശക്കാര്‍ക്കും പരിചിതനാണ് വേലായുധന്‍.
1969, 70 കളിലാണ് ഇദ്ദേഹം കടല വില്‍പന തുടങ്ങിയത്. അന്ന് ഒരു പൊതി കടലയ്ക്ക് അഞ്ച് പൈസ ആയിരുന്നു. പിന്നീട് അത് 10 പൈസയായി, 25, 50, 75 പൈസ ഒരു രൂപ അങ്ങിനെ പടിപടിയായി ഇന്ന് അഞ്ച് രൂപ വരെ എത്തി. പിന്നീട് ഇപ്പോള്‍ പൊതി കടലക്ക് പത്ത് രൂപയാണ് വില. അന്ന് ഒരു കിലോ പച്ചകടലക്ക് അഞ്ച് രൂപയായിരുന്നു. ഇന്നത് 120ന് മുകളില്‍ എത്തി. മണ്ണണ്ണ സ്റ്റൗവ് ഉപയോഗിച്ച് എന്നും വൈകിട്ട് കുമരനല്ലൂര്‍ ടൗണിലെ മാര്‍ക്കറ്റ് റോഡിന് സമീപം വണ്ടിയിലാണ് കച്ചവടം നടത്തുന്നത്. രാവിലെ 10 മണി മുതല്‍ കുമരനല്ലൂര്‍ ഹൈസ്‌കൂള്‍ പരിസരത്ത് ഓറഞ്ചും മറ്റു കുട്ടികള്‍ക്കുള്ള വിഭവങ്ങളുമായി ഈ വണ്ടിയില്‍ കച്ചവടം നടത്തും.
പിന്നീട് സ്‌ക്കൂള്‍ പിരിഞ്ഞ ശേഷമാണ് ടൗണിലേക്ക് കടല വില്‍പനക്കായി എത്തുക. കപ്പൂര്‍ പഞ്ചായത്തിന്റെ ആസ്ഥാനമായ കുമരനെല്ലൂര്‍ ടൗണില്‍ വിവിധ കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ബാങ്കുകള്‍, പഞ്ചായത്ത് ഓഫിസ്, കൃഷിഭവന്‍, രജിസ്ട്രാര്‍ ഓഫിസ് തുടങ്ങി ഒട്ടനവധി സ്ഥാപനങ്ങളുണ്ട്. അതിനാല്‍ വേലായുധന്റെ ക്ച്ചവടങ്ങള്‍ക്കു ഇന്നുവരെ ബുധിമുട്ടും അനുഭവപ്പെട്ടിട്ടില്ല.
Next Story

RELATED STORIES

Share it