Kollam Local

വട്ടക്കായല്‍ മാലിന്യമുക്തമാക്കണം

കാവനാട്: പടിഞ്ഞാറെ കൊല്ലത്തെ ശുദ്ധ ജലതടാകമായ വട്ടക്കായല്‍ മാലിന്യമുക്തമാക്കണമെന്ന നാട്ടുകാരുടെ ആവശ്യം ശക്തമായി. 116 ഏക്കറോളം വിസ്തൃതിയില്‍ കിടക്കുന്നതാണ് വട്ടക്കായല്‍. അടുത്ത കാലത്തായി കായലിന്റെ സംരക്ഷണത്തിന് വേണ്ടി ലക്ഷക്കണക്കിന് രൂപ ചെലവാക്കിയിരുന്നു. ഇതിനെ തുടര്‍ന്ന കായലിന്റെ ചുറ്റാകെയുള്ള കുറെ ഭാഗങ്ങള്‍ ഭിത്തി കെട്ടിഅടച്ചിരുന്നു. എല്ലാ ഭാഗവും ഭിത്തി കെട്ടി സംരക്ഷിക്കുവാന്‍ കഴിയാത്തത് മൂലം മഴക്കാലങ്ങളില്‍ മാലിന്യങ്ങളും മലിനജലവും മലിനവസ്തുക്കളും ഒലിച്ചിറങ്ങി കിടക്കുകയാണ്. വെളത്തിന്റെ മുകളില്‍ കിടക്കുന്ന ആഫ്രിക്കന്‍ പായല്‍ നീക്കം ചെയ്തുവെങ്കിലും ഇപ്പോള്‍ പായലുകള്‍ വളര്‍ന്ന് കായല്‍ നിറഞ്ഞു കിടക്കുകയാണ്. ഇതിനെ തുടര്‍ന്ന് മല്‍സ്യങ്ങളായ കാരി, മൊശു, വരാല്‍, കൊറുവ, ചുണ്ടല്‍ തുടങ്ങിയവയ്ക്ക് വംശനാശം സംഭവിച്ചിരിക്കുകയാണ്. എന്നിട്ടും പ്രകൃതി കനിഞ്ഞു നല്‍കിയ ഈ ജലസ്രോതസ് കൊടിയ വേനലായിരുന്നിട്ടും അല്‍പ്പം പോലും വറ്റിയിട്ടില്ല.

ജലസ്രോതസ്സുകളും നീര്‍ത്തടങ്ങളും നീരുറവകളും സംരക്ഷിച്ച് നിലനിര്‍ത്താന്‍ ബന്ധപ്പെട്ടവര്‍ തയ്യാറല്ല. കായലില്‍ പലസ്ഥലങ്ങളിലും കെട്ടിക്കിടക്കുന്ന പ്ലാസ്റ്റിക് ഉള്‍പ്പടെയുള്ള വേസ്റ്റുകള്‍ മുഴുവന്‍ നീക്കം ചെയ്ത് ശുദ്ധ ജലതടാകം സംരക്ഷിക്കണമെന്ന് കാണിച്ച് വട്ടക്കായല്‍ സംരക്ഷണ പ്രദേശിക വികസന സമിതി അടുത്തിടെ ബന്ധപ്പെട്ടവര്‍ക്ക് നിവേദനം നല്‍കിയിരുന്നു. അതിനെ തുടര്‍ന്ന് ബന്ധപ്പെട്ടവര്‍ എത്തി പരിശോധന നടത്തിയിരുന്നെങ്കിലും കായലില്‍ മാലിന്യം നിക്ഷേപിക്കുന്നവരെ കണ്ടെത്താന്‍ ബന്ധപ്പെട്ടവര്‍ തയ്യാറായില്ല. പൂര്‍ത്തിയാവാനുള്ള കായല്‍ ഭിത്തികളുടെ നിര്‍മാണം കൂടി നടത്തുകയും മലിന വസ്തുക്കള്‍ നിക്ഷേപിക്കുന്നവരെ കണ്ടെത്തി ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാവണമെന്നാണ് വട്ടക്കായല്‍ സംരക്ഷണ പ്രാദേശിക വികസന സമിതി ആവശ്യപ്പെട്ടിരിക്കുന്നത്.
Next Story

RELATED STORIES

Share it