Kollam Local

വടിമുക്ക്-ഒറ്റതെങ്ങില്‍ ജങ്ഷന്‍ റോഡ് നന്നാക്കാന്‍ നടപടിയില്ല

കരുനാഗപ്പള്ളി: തഴവ ഗ്രാമപ്പഞ്ചായത്ത് ഒന്നാംവാര്‍ഡില്‍ വവ്വാക്കാവ്-പാവുമ്പാ, ചങ്ങന്‍കുളങ്ങര-വള്ളിക്കുന്നം പൊതുമരാമത്ത് റോഡുകളുമായി ബന്ധിപ്പിക്കുന്ന വടിമുക്ക്-ഒറ്റതെങ്ങില്‍ ജങ്ഷന്‍ റോഡ് സഞ്ചാരയോഗ്യമല്ലാതായിട്ട് വര്‍ഷങ്ങളായിട്ടും നന്നാക്കാന്‍ നടപടിയില്ല. കുണ്ടും കുഴിയും വെള്ളക്കെട്ടുകളുമായി മാറിയിരിക്കുന്ന റോഡ് നിരവധി കുടുംബങ്ങള്‍ക്ക് ആശ്രയമാണ്.
തഴപ്പാ വ്യവസായത്തിന്റെ ഈറ്റില്ലമായ കുതിരപ്പന്തി ചന്ത, കുതിരപ്പന്തി ഗവണ്‍മെന്റ് എല്‍പിഎസ്, ബിജെഎസ്എം മഠത്തില്‍ വിഎച്ച്എസ്എസ്, ഓച്ചിറ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍, മണപ്പള്ളി, കുറ്റിപ്പുറം മാര്‍ക്കറ്റുകള്‍, തഴവ പിഎച്ച്‌സി, പുതിയകാവ് നെഞ്ചുരോഗാശുപത്രി എന്നിവിടങ്ങളില്‍ എളുപ്പമാര്‍ഗം എത്തിച്ചേരുവാന്‍ കഴിയുന്ന ഈ റോഡിലൂടെ സഞ്ചരിക്കുവാന്‍ പൊതുജനങ്ങളും വിദ്യാര്‍ഥികളും നന്നേ ബുദ്ധിമുട്ടുകയാണ്.
ഓട്ടോറിക്ഷപോലും ഓട്ടം വിളിച്ചാല്‍ വരാത്ത ഈ റോഡില്‍ ഇരുചക്ര വാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്നത് നിത്യസംഭവമാണ്.
മഴക്കാലമായാല്‍ റോഡും കുഴിയും തിരിച്ചറിയാന്‍ കഴിയാത്ത നിലയിലാണ്. ഒരുകിലോമീറ്റര്‍ നീളം വരുന്ന റോഡ് പരിമിതമായ പഞ്ചായത്ത് ഫണ്ടുപയോഗിച്ച് മാത്രം സഞ്ചാരയോഗ്യമാക്കാന്‍ കഴിയാത്ത സ്ഥിതിയാണ്.
വെള്ളം ഒഴുകിമാറുന്നതിന് ഓടകെട്ടി, റോഡ് ഉയര്‍ത്തി, കോണ്‍ക്രീറ്റ് ചെയ്യുന്നതിന് വെള്ളപ്പൊക്ക ദുരിതാശ്വാസ ഫണ്ടില്‍നിന്നും 20ലക്ഷം രൂപ അനുവദിക്കണമെന്ന് റവന്യു മന്ത്രിയോട് അഭ്യര്‍ഥിക്കുമെന്ന് ഒന്നാംവാര്‍ഡ് മെംബര്‍ സലിം അച്ചിത്തറ, 22വാര്‍ഡ് മെംബര്‍ രത്‌നകുമാരി എന്നിവര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it