Kottayam Local

വടവാതൂരില്‍ അങ്കണവാടിയുടെ വസ്തു സ്വകാര്യ വ്യക്തി കൈയേറി

വിജയപുരം: വടവാതൂരില്‍ സര്‍ക്കാര്‍ അങ്കണവാടിക്കുവേണ്ടി പഞ്ചായത്ത് വാങ്ങി നല്‍കിയ വസ്തുവിലേക്കുള്ള വഴി സ്വകാര്യ വ്യക്തി ഗേറ്റ് നിര്‍മിച്ച് കൈയേറിയതായി ആക്ഷേപം.
വടവാതൂര്‍ ഇഎസ്‌ഐ ആശുപത്രി ക്ക് സമീപം 2014 ല്‍ വിജയപുരം പഞ്ചായത്ത് ഭരണ സമിതി വാങ്ങി നല്‍കിയ മൂന്ന് സെന്റ് വസ്തുവിലെ വഴിയാണ് കെട്ടിയടച്ചത്. അങ്കണവാടിക്കുവേണ്ടി കെട്ടിടം നിര്‍മിക്കാന്‍ ഇപ്പോഴത്തെ ഭരണ സമിതി അടുത്തിടെ 15 ലക്ഷം രൂപയും അനുവദിച്ചു. പണി തുടങ്ങാനിരിക്കെയാണ് സ്വകാര്യ വ്യക്തിയുടെ നേതൃത്വത്തില്‍ ഗേറ്റ് നിര്‍മിച്ചത് വഴി അടച്ചത്. അങ്കണവാടി പണിയാനെത്തിയ കരാറുകാരനെയും സംഘത്തെയും ഇയാള്‍ ഭീഷണിപ്പെടുത്തിയതായും ആക്ഷേപമുണ്ട്.
കെട്ടിടം നിര്‍മിക്കാത്തതിനാല്‍ തൊട്ട് അടുത്തവീട്ടിലെ ചായിപ്പിലാണ് കുട്ടികളുടെ പഠനം.
നല്ല നിലയില്‍ പ്രവര്‍ത്തിച്ചിരുന്ന അങ്കണവാടിയില്‍ കഴിഞ്ഞ തവണ 14 കുട്ടികളാണ് ഉണ്ടായിരുന്നത്. സ്വന്തമായി കെട്ടിടം ഇല്ലാത്തതിനാല്‍ ഇത്തവണ അഞ്ചുകുട്ടികളേ എത്തിയുള്ളൂ. വടവാതൂര്‍ ദേവസ്വം വകയായ സ്ഥലമാണ് പഞ്ചായത്ത് വഴിയായി ഏറ്റെടുത്തിരിക്കുന്നതെന്നും അതിനാലാണ് അവിടെ ഗേറ്റ് സ്ഥാപിച്ചിരിക്കുന്നതെന്നുമാണ് ക്ഷേത്രം ഭാരവാഹികൂടിയായ വ്യക്തിയുടെ വാദം.
അതേ സമയം അയാളുടെ ഭാര്യ അങ്കണവാടിക്ക് സമീപമായി അംഗീകാരമില്ലാതെ പ്രവൃത്തിക്കുന്ന പ്ലേ സ്‌കൂള്‍ നടത്തുന്നതായും ആക്ഷേപമുണ്ട്. ഇവിടെ കുട്ടികള്‍ കുറയുമെന്ന ആശങ്കയിലാണ് ഗേറ്റ് സ്ഥാപിച്ചതെന്നും പരാതിയുണ്ട്. ഇതിനിടെ അങ്കണവാടിയുടെ നിര്‍മാണം തടസ്സപ്പെടുത്തുന്നവര്‍ക്കെതിരേ നടപടി ആവശ്യപ്പെട്ട് വിജയപുരം പഞ്ചായത്ത് പ്രസിഡന്റ് സിസി ബോബി കലക്ടര്‍ക്ക് പരാതി നല്‍കി.
Next Story

RELATED STORIES

Share it