Kottayam Local

വഞ്ചിനാട് എക്‌സ്പ്രസ് യാത്രക്കാരെ വലയ്ക്കുന്നു

കോട്ടയം: റെയില്‍വേയുടെ പുതുക്കിയ സമയ ക്രമത്തില്‍ വലയുന്നത് 'വഞ്ചിനാട് എക്‌സ്പ്രസ്' യാത്രക്കാര്‍. പുലര്‍ച്ചെ അഞ്ചിന് എറണാകുളം ജങ്ഷനില്‍ നിന്നു പുറപ്പെടുന്ന എറണാകുളം-തിരുവനന്തപുരം വഞ്ചിനാട് എക്‌സ്പ്രസ് (കോട്ടയം വഴി നമ്പര്‍ 16303) ആശ്രയിച്ചാണ് സെക്രട്ടേറിയറ്റ് ജീവനക്കാരടക്കമുള്ളവരും വിവിധ സ്ഥാപനങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ഥികളും ഉദ്യോഗസ്ഥരും യാത്ര ചെയ്യുന്നത്.
രാവിലെ 6.05ന് കോട്ടയത്തുനിന്ന് പോവുന്ന ട്രെയിന്‍ 9.55നാണ് തിരുവനന്തപുരത്ത് എത്തേണ്ടത്. സമയക്രമം കൃത്യമായിപാലിച്ച് തിരുവനന്തപുരത്ത് എത്തിയിരുന്നതിനാല്‍ കൊല്ലം, തിരുവനന്തപുരം, ആലപ്പുഴ ജില്ലകളിലേക്ക് പോകേണ്ട പതിവ് യാത്രക്കാരുടെ ആശ്രയമായ ട്രെയിന്‍ ഒരുമാസമായി ഏറെ വൈകിയാണ് ലക്ഷ്യസ്ഥാനത്ത് എത്തുന്നത്.
റെയില്‍വയുടെ പുതുക്കിയ സയക്രമമനുസരിച്ച് ഗുരുവായൂര്‍-തിരുവനന്തപുരം ഇന്‍ര്‍സിറ്റി എക്‌സ്പ്രസ് (ആലപ്പുഴ വഴി നമ്പര്‍-16341) 9.45ന് തിരുവനന്തപുരത്ത് എത്തണം. സ്ഥിരമായി വൈകിയോടുന്നതിനാല്‍ ഇന്റര്‍സിറ്റി എക്‌സ്പ്രസിനെ കാത്ത് കായംകുളം ജങ്ഷനില്‍ ഒരുമാസമായി വഞ്ചിനാട് എക്‌സ്പ്രസ് പിടിച്ചിടുകയാണ്. അര മണിക്കൂര്‍ മുതല്‍ 45 മിനിറ്റ് വരെ പലദിവസങ്ങളിലും നിര്‍ത്തിയിടുന്നതിനാല്‍ യാത്രക്കാര്‍ കൃത്യസമയത്ത് ജോലി സ്ഥലത്ത് എത്താനാവുന്നില്ല. വഞ്ചിനാട് എക്‌സ്പ്രസ് കായംകുളത്ത് ആദ്യം ഓടിയെത്തിയാലും വൈകിയത്തെുന്ന ട്രെയിന്‍ കടന്നു പോയ ശേഷം പതിവായി പോകുന്നതിനാല്‍ രാവിലെ 10.30നാണ് തിരുവനന്തപുരത്ത് എത്തുക. ഇതു സെക്രട്ടേറിയറ്റ് അടക്കമുള്ള ജോലിക്കാരെയാണ് ഏറെ ദോഷകരമായി ബാധിക്കുന്നത്. യാത്രാദുരിതം തീര്‍ക്കുന്ന റെയില്‍വേയുടെ നടപടിക്കെതിരേ പ്രതിഷേധം ശക്തമാണ്.
Next Story

RELATED STORIES

Share it