thrissur local

വക്കീല്‍ ഗുമസ്തനായി 65 വര്‍ഷം; രാമപ്പണിക്കര്‍ക്ക് നാളെ ആദരം

ചാവക്കാട്: വക്കീല്‍ ഗുമസ്ത ജോലിയില്‍ 65 വര്‍ഷം പൂര്‍ത്തിയാക്കിയ രാമപ്പണിക്കര്‍ക്ക് നാളെ ആദരം. ഓള്‍ കേരള നിയമ സഹായവേദിയുടെ നേതൃത്വത്തിലാണ് സ്വീകരണം. 1950ലാണ് എംആര്‍പി മരുതയൂര്‍ എന്നറിയപ്പെടുന്ന എംആര്‍ രാമപ്പണിക്കര്‍ 14ാം വയസില്‍ വക്കീല്‍ ഗുമസ്തനായി ചാവക്കാട് മുന്‍സിഫ് കോടതിയിലെത്തുന്നത്.
ദേശം അധികാരികളായിരുന്ന തലമുറക്കാരില്‍ നിന്ന് ചെറുപ്പത്തില്‍ തന്നെ നിയമത്തെക്കുറിച്ചും നീതി നിര്‍വഹണത്തെക്കുറിച്ചുമറിയാന്‍ തനിക്ക് താല്‍പര്യമുണ്ടായിരുന്നതായി രാമപ്പണിക്കര്‍ പറഞ്ഞു.
വക്കീല്‍ ഗുമസ്ത ജോലിയില്‍ ആചാര്യനായ രാമപ്പണിക്കര്‍ അഭിഭാഷകര്‍ക്ക് പണിക്കര്‍ജിയാണ്. രാമപ്പണിക്കര്‍ ഗുമസ്തപ്പണി തുടങ്ങിയ കാലത്തുണ്ടായിരുന്ന ഒറ്റ ന്യായാധിപനും അഭിഭാഷകനും ഇന്ന് ജീവിച്ചിരിപ്പില്ല. 14 വയസ്സില്‍ പാവറട്ടി മരുതയൂരില്‍ നിന്ന് ചാവക്കാട്ടെ കോടതിയിലേക്ക് നടന്നെത്തിയ രാമപ്പണിക്കര്‍ ആ നടത്തം ഇതുവരെ നിര്‍ത്തിയിട്ടില്ല. 30 വര്‍ഷം മുമ്പ് കുന്നംകുളത്തേക്ക് മാറിത്താമസിച്ചെങ്കിലും ഇന്നും അദ്ദേഹം ചാവക്കാട്ടേക്കെത്തുന്നത് 12 കിലോമീറ്റര്‍ നടന്നാണ്.
തിരിച്ചുപോകുന്നതും നടന്നുതന്നെ. വയസ്സ് 80 പിന്നിട്ടിട്ടും ദിവസവും 24 കിലോമീറ്റര്‍ ദൂരം രാമപ്പണിക്കര്‍ നടക്കും. തന്റെ ആരോഗ്യത്തിന്റെ രഹസ്യവും മറ്റൊന്നല്ലെന്ന് അദ്ദേഹം പറയുന്നു. ഒരു ആരോഗ്യപ്രശ്‌നവും ഈ വയസ്സിലും പണിക്കര്‍ക്കില്ല. ഗുമസ്തജോലിയില്‍ ആദ്യമായി തനിക്ക് കിട്ടിയ പ്രതിഫലമായ ഓട്ടമുക്കാല്‍ നാണയം ഒരു നിധിപോലെ ഇന്നും അദ്ദേഹം സൂക്ഷിച്ചിട്ടുണ്ട്. തനിക്ക് നടക്കാനാവുന്ന കാലംവരെ ഗുമസ്തജോലിയില്‍ തുടരാന്‍ തന്നേയാണ് പണിക്കരുടെ തീരുമാനം. നാളെ വൈകീട്ട് നാലിന് ചാവക്കാട് പിഡബ്ല്യുഡി റസ്റ്റ്ഹൗസില്‍ നടക്കുന്ന സ്വീകരണച്ചടങ്ങ് ചാവക്കാട് സബ്ജഡ്ജ് എന്‍ ശേഷാദ്രിനാഥന്‍ ഉദ്ഘാടനം ചെയ്യും. മുന്‍സിഫ് വി കെ സുബ്രഹ്മണ്യന്‍ നമ്പൂതിരി, മജിസ്‌ട്രേറ്റ് എന്‍ രഞ്ജിത്ത് കൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
Next Story

RELATED STORIES

Share it