വംശീയ സംഘര്‍ഷം; മ്യാന്‍മറില്‍ 3000ത്തോളം പേര്‍ വഴിയാധാരമായെന്ന് യുഎന്‍

നേപിഡോ: രണ്ടു വംശീയ വിമതസംഘങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷങ്ങളെ തുടര്‍ന്ന് വടക്കന്‍ മ്യാന്‍മറില്‍ 3000ത്തോളം പേര്‍ പലായനം ചെയ്തതായി യുഎന്‍. ഇതു സര്‍ക്കാരിന്റെ സമാധാന ശ്രമങ്ങള്‍ക്കു തുരങ്കം വയ്ക്കുമെന്നു ഭയപ്പെടുന്നതായും യുഎന്‍ വ്യക്തമാക്കി.
വടക്കന്‍ സംസ്ഥാനമായ ഷാനില്‍ റെ സ്റ്റോറേഷന്‍ കൗണ്‍സില്‍ ഫോര്‍ ഷാന്‍ സ്‌റ്റേറ്റ് (ആര്‍സിഎസ്എസ്)ഉം തായാങ് നാഷനല്‍ ലിബറേഷന്‍ ആര്‍മി (ടിഎന്‍എല്‍എ)ഉം തമ്മില്‍ കഴിഞ്ഞ ആഴ്ചയാണ് സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്.
വംശീയ സായുധസംഘങ്ങള്‍ തമ്മില്‍ നേരിട്ട് ഏറ്റുമുട്ടുന്നത് രാജ്യത്ത് വിരളമാണ്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ മൂവായിരത്തിലധികം പേര്‍ വഴിയാധാരമായെന്നു വിശ്വസനീയ റിപോര്‍ട്ടുകള്‍ ലഭിച്ചതായി യുഎന്‍ ഓഫിസ് ഫോര്‍ ദി കോ-ഓഡിനേഷന്‍ ഓഫ് ഹ്യുമാനിറ്റേറിയന്‍ അഫയേഴ്‌സ് മേധാവി മാര്‍ക്ക് കട്ട്‌സ് വ്യക്തമാക്കി.
വഴിയാധാരമായവര്‍ ക്യാകുമി നഗരത്തിലെ ബുദ്ധവിഹാരത്തില്‍ അഭയം തേടിയതായും പ്രാദേശിക സംഘങ്ങളും മ്യാന്‍മര്‍ റെഡ്‌ക്രോസും ആവശ്യമായ സഹായം നല്‍കുന്നതായും കട്ട്‌സ് വ്യക്തമാക്കി.
അറസ്റ്റും കൊലപാതകവും ആക്രമണവും ഭയന്ന് അധ്യാപകരും വിദ്യാര്‍ഥികളും കാല്‍നടയായി രക്ഷപ്പെട്ടതായി പ്രദേശവാസികളെ ഉദ്ധരിച്ച് ക്യാകുമി അധോസഭയിലെ എംപിയായ സായ് തുന്‍ ആങ് പറഞ്ഞു.
Next Story

RELATED STORIES

Share it