വംശഹത്യയുടെ രാത്രിയില്‍ രക്ഷപ്പെട്ടോടിയ മൂന്നു വയസ്സുകാരന്‍ മുസഫര്‍ ഇപ്പോള്‍ വിവേക്

വംശഹത്യയുടെ രാത്രിയില്‍ രക്ഷപ്പെട്ടോടിയ  മൂന്നു വയസ്സുകാരന്‍ മുസഫര്‍ ഇപ്പോള്‍ വിവേക്
X
musafar

ന്യൂഡല്‍ഹി: ഗുല്‍ബര്‍ഗ് സൊസൈറ്റി കത്തിയെരിഞ്ഞ രാത്രിയിലാണ് മുസഫര്‍ ഷെയ്ഖ് എന്ന ബാലന്‍ വിവേക് പട്‌നിയായത്. ഒറ്റ രാത്രികൊണ്ട് മാറിമറിഞ്ഞ ജീവിതത്തില്‍ സിനിമാക്കഥയെ വെല്ലുന്ന മാനുഷികതയുണ്ട്. ഗുല്‍ബര്‍ഗ് സൊസൈറ്റിയിലെ മുഹമ്മദ് സലിം ഷെയ്ഖിന്റെയും സൈബുന്നിസ ഷെയ്ഖിന്റെയും മകനാണ് മുസഫര്‍. കൂട്ടക്കൊല നടക്കുമ്പോള്‍ മുസഫറിന് മൂന്നു വയസ്സ്. കൂട്ടുകാരും അയല്‍ക്കാരും ബന്ധുക്കളുമെല്ലാം കൊല്ലപ്പെട്ടപ്പോള്‍ മുസഫര്‍ എങ്ങനെയോ ഓടി. സറാസ്പൂരിലെ റോഡില്‍ കരഞ്ഞുകൊണ്ടു നില്‍ക്കുന്ന മൂന്നു വയസ്സുകാരനെ മീന്‍ കച്ചവടക്കാരനായ വിക്രം പട്‌നിയാണു കണ്ടെത്തുന്നത്. വിക്രം അവനെ വീട്ടിലേക്കു കൊണ്ടുവന്നു. ഭാര്യ വീണ അവന് ഭക്ഷണം നല്‍കി.
കലാപം കത്തിയ ഗുജറാത്തില്‍ ഒരു മുസ്‌ലിം ബാലന് അഭയം നല്‍കുകയെന്നത് അപകടംപിടിച്ച പണിയായിരുന്നു. അവനെ ഏറ്റെടുക്കാന്‍ ഏതെങ്കിലും അനാഥാലയങ്ങളോ സന്നദ്ധസംഘടനകളോ തയ്യാറാവും. എന്നാല്‍, അവനെ കൈവിടാന്‍ അവര്‍ക്ക് മനസ്സു വന്നില്ല. അവര്‍ അവന് വിവേകെന്നു പേരിട്ടു. മറ്റു മക്കള്‍ക്കൊപ്പം വളര്‍ത്തി. ഈ സമയമത്രയും സലിം ഷെയ്ഖും ഭാര്യയും മുസഫറിനെ തേടി നടക്കുകയിരുന്നു. ആറു വര്‍ഷത്തിനു ശേഷം 2008ല്‍ അവര്‍ മുസഫറിനെ കണ്ടെത്തി. എന്നാല്‍, വിക്രമിനെയും വീണയെയും വിട്ടുവരാന്‍ മുസഫര്‍ തയ്യാറായില്ല. കേസ് ഗുജറാത്ത് ഹൈക്കോടതി വരെ എത്തിയെങ്കിലും കുട്ടിയെ വളര്‍ത്തുരക്ഷിതാക്കള്‍ക്കൊപ്പം വിടാനായിരുന്നു കോടതിവിധി.എന്നിരുന്നാലും നാലു വര്‍ഷമായി ഞായറാഴ്ചകളില്‍ മുസഫറായി തന്നെ തന്റെ മാതാപിതാക്കളെ സന്ദര്‍ശിക്കാന്‍ വിവേക് തയ്യാറായി.
തുടക്കത്തില്‍ തന്റെ ജീവിതകഥ കേട്ട അങ്കലാപ്പിലായിരുന്നു വിവേകെന്ന് ബന്ധുവായ മധുബെന്‍ പട്‌നി പറയുന്നു. വളര്‍ത്തുരക്ഷിതാക്കളെ വിട്ടു പോവേണ്ടിവരുമോയെന്ന പേടിയിലായിരുന്നു അവന്‍. എന്നാല്‍, അവനെ അവരില്‍നിന്നു വേര്‍പിരിക്കണമെന്ന് ആര്‍ക്കും ഉദ്ദേശ്യമില്ലായിരുന്നു. ഇതിനിടെ വിക്രം മരിച്ചു. വീണ മീന്‍കച്ചവടം ഏറ്റെടുത്തു. ഷെയ്ഖിനെയും കുടുംബത്തെയും സന്ദര്‍ശിച്ചിരുന്നെങ്കിലും അവര്‍ക്കൊപ്പം ജീവിക്കാന്‍ അവന്‍ താല്‍പര്യപ്പെട്ടിരുന്നില്ല. 16കാരനായ വിവേക് പത്താംക്ലാസ് കഴിഞ്ഞു. തന്റെ ജീവിതം മാറ്റിമറിച്ച ഗുല്‍ബര്‍ഗ് സൊസൈറ്റി കേസില്‍ വിധിവരുമ്പോള്‍ പട്‌നയിലേക്കു വിവാഹം ചെയ്തയച്ച സഹോദരിക്കും ഭര്‍ത്താവിനുമൊപ്പം അവധിക്കാലം ആസ്വദിക്കുകയാണ് വിവേക് എന്ന മുസഫര്‍.
Next Story

RELATED STORIES

Share it