ലോറിത്തൊഴിലാളികളെ മര്‍ദ്ദിച്ച പോലിസിനെതിരേ നടപടി വേണം: ട്രേഡ് യൂനിയന്‍ കോ-ഓഡിനേഷന്‍ കമ്മിറ്റി

കൊച്ചി: വല്ലാര്‍പാടം ടെര്‍മിനല്‍ നിന്ന് ചരക്കുമായി തമിഴ്‌നാട്ടിലേക്കു പോയ കണ്ടെയ്‌നര്‍- ട്രെയിലര്‍ തൊഴിലാളികളെ അറസ്റ്റ് ചെയ്യുകയും ഭീകരമായി മര്‍ദ്ദിക്കുകയും ചെയ്ത പാലക്കാട് പോലിസിന്റെ നടപടി പ്രതിഷേധാര്‍ഹമാണെന്ന് ട്രേഡ് യൂനിയന്‍ കോ-ഓഡിനേഷന്‍ കമ്മിറ്റി ചെയര്‍മാന്‍ പി എസ് ആഷിഖ്, ജനറല്‍ കണ്‍വിനര്‍ ചാള്‍സ് ജോര്‍ജ് എന്നിവര്‍ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. കുറ്റക്കാരായ പോലിസ് ഉദേ്യാഗസ്ഥര്‍ക്കെതിരേ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ബന്ധപ്പെട്ടവര്‍ക്ക് ട്രേഡ് യൂനിയന്‍ കോ-ഓഡിനേഷന്‍ കമ്മിറ്റി പരാതി നല്‍കിയിട്ടുണ്ടെന്നും ഇവര്‍ പറഞ്ഞു.
വെള്ളിയാഴ്ച രാത്രി 11 മണിയോടെ ചെക്‌പോസ്റ്റിലെത്തിയ വാഹനങ്ങള്‍ കടത്തിവിടാന്‍ ചെക്‌പോസ്റ്റ് ജീവനക്കാര്‍ തയ്യാറായില്ല. കംപ്യൂട്ടര്‍ സംവിധാനം തകരാറിലാണെന്നായിരുന്നു ഇതിനു നല്‍കിയ വിശദീകരണം. തുടര്‍ന്ന് ലോറി തൊഴിലാളികള്‍ സെയില്‍ടാക്‌സ് കമ്മീഷണര്‍ക്ക് പരാതി നല്‍കി.
കമ്മീഷണര്‍ നേരിട്ടെത്തി രേഖകള്‍ ശരിയാക്കുന്നതിന് ബദല്‍ സംവിധാനം നിര്‍ദേശിച്ചെങ്കിലും നടപ്പാക്കാന്‍ ജീവനക്കാര്‍ കൂട്ടാക്കാ. ശനിയാഴ്ച രാവിലെ ഏഴു മണിക്ക് പാലക്കാട് പോലിസ് ചെക്‌പോസ്റ്റിലെത്തുകയും തൊഴിലാളികള്‍ക്കു നേരെ പ്രകോനമില്ലാതെ ലാത്തിച്ചാര്‍ജ് ചെയ്യുകയുമായിരുന്നുവെന്നും ബീയെം, ആലിയ എന്നീ ലോറികളിലെ അഞ്ചു തൊഴിലാളികളെ കസ്റ്റഡിയിലെടുത്തുവെന്നും ഭാരവാഹികള്‍ ആരോപിച്ചു.
പോലിസ് മര്‍ദ്ദനത്തില്‍ പരിക്കുപറ്റിയ അനീഷ്, സുമേഷ്, അഷ്‌റഫ്, വിഷ്ണു, പ്രസാദ് എന്നീ തൊഴിലാളികളെ പാലക്കാട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭത്തില്‍ ഉള്‍പ്പെട്ട പോലിസുകാര്‍ക്കെതിരേ കര്‍ശന നടപടിയാവശ്യപ്പെട്ട് ബന്ധപ്പെട്ടവര്‍ക്ക് നിവേദനം നല്‍കിയിട്ടുണ്ടെന്നും തീരുമാനമുണ്ടായില്ലെങ്കില്‍ പണിമുടക്ക് അടക്കമുള്ള പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ടുപോവുമെന്നും ഭാരവാഹികള്‍ പറഞ്ഞു.
Next Story

RELATED STORIES

Share it