ലോറികളില്‍ കമ്പനിപേര് എഴുതുന്നതിന് ഫീസ് ഈടാക്കരുത്: ഹൈക്കോടതി

കൊച്ചി: ടാങ്കര്‍ ലോറികളില്‍ പെട്രോളിയം കമ്പനികളുടെ പേര് എഴുതുന്നത് പരസ്യമായി കണക്കാക്കി മോട്ടോര്‍വാഹന വകുപ്പ് ഫീസ് ഈടാക്കരുതെന്ന് ഹൈക്കോടതി. ഫീസ് ഈടാക്കുന്നതിനെതിരേ എറണാകുളം ഇരുമ്പനത്തെ ഹിന്ദുസ്ഥാന്‍ പെട്രോളിയം കമ്പനി നല്‍കിയ ഹരജിയില്‍ ജസ്റ്റീസ് ഷാജി പി ചാലിയുടെതാണ് ഉത്തരവ്.
സുരക്ഷാ കാരണങ്ങളാലാണ് ജ്വലനസാധ്യത കൂടുതലുള്ള പെട്രോളിയം ഉല്‍പന്നങ്ങള്‍ കൊണ്ടുപോവുന്ന ടാങ്കര്‍ ലോറികളില്‍ കമ്പനിയുടെ പേര് രേഖപ്പെടുത്തുന്നതെന്ന കമ്പനിയുടെ വാദം ഹൈക്കോടതി അംഗീകരിച്ചു. ടാങ്കര്‍ ലോറികളില്‍ കമ്പനിയുടെ പേരെഴുതുന്നതിന് പരസ്യത്തിന്റെ സ്വഭാവം ഉണ്ടെങ്കില്‍ പോലും കേന്ദ്ര മോട്ടോര്‍വാഹന നിയമത്തിലെ സുരക്ഷാ മാര്‍ഗനിര്‍ദേശങ്ങള്‍ കൂടി കണക്കിലെടുക്കണമെന്ന് കോടതി നിര്‍ദേശിച്ചു. സ്‌കൂള്‍ ബസ്സുകളുടെയും മറ്റും വശങ്ങളില്‍ വിവരങ്ങള്‍ രേഖപ്പെടുത്തുന്നതും അതിനാണ്. ഇത്തരം കാര്യങ്ങളില്‍ സര്‍ക്കാരിന്റെ വരുമാനത്തെക്കാള്‍ പൊതുജന സുരക്ഷയാണു പ്രാധാന്യമെന്നും കോടതി വ്യക്തമാക്കി.
Next Story

RELATED STORIES

Share it