Kottayam Local

ലോഡ് ഇറക്കുന്നതു സംബന്ധിച്ച തര്‍ക്കം: ചങ്ങനാശ്ശേരി മാര്‍ക്കറ്റിന്റെ പ്രവര്‍ത്തനം സ്തംഭിച്ചു

ചങ്ങനാശ്ശേരി: 75 കിലോ തൂക്കംവരുന്ന ചാക്കുകള്‍ ഇറക്കുന്നതു സംബന്ധിച്ചു തൊഴിലാളി യൂനിയനുകളുമായുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ചങ്ങനാശ്ശേരി മാര്‍ക്കറ്റ് സ്തംഭിച്ചു. ഇക്കഴിഞ്ഞ 24 മുതല്‍ സമരം നടന്നുവരുന്ന മാര്‍ക്കറ്റിലെ കച്ചവട സ്ഥാപനങ്ങള്‍ ഇന്നു ഉണ്ടാവുമെന്നു പ്രതീക്ഷിക്കുന്ന കോടതിവിധിക്കു ശേഷമേ തുറന്നു പ്രവര്‍ത്തിക്കൂവെന്ന് മര്‍ച്ചന്റ് അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു.
കടതുറക്കുന്നതു സംബന്ധിച്ച തീരുമാനമെടുക്കാന്‍ ഇന്നലെ വ്യാപാരഭവനില്‍ ചേര്‍ന്ന കച്ചവടക്കാരുടെ യോഗമാണ് ഈ ധാരണയില്‍ എത്തിയത്. മാര്‍ക്കറ്റിലെ നിലവിലുള്ള പ്രശ്‌നങ്ങള്‍ സംബന്ധിച്ചുള്ള പരാതിയില്‍ ഹൈക്കോടതി വിധി ഇന്നു ഉണ്ടാവുമെന്ന പ്രതീക്ഷയിലാണ് ഈ തീരുമാനം. ഇതിനിടയില്‍ 75 കിലോ ചാക്ക് ഇറക്കുന്നതില്‍ നിന്ന് വിട്ടുനിന്ന അഞ്ചുപൂളുകളിലെ ഐഎന്‍ടിയുസി, സിഐടിയുസി യൂനിയനില്‍പ്പെട്ട 80തോളം തൊഴിലാളികളെ ഡിഎല്‍ഒ സസ്‌പെന്‍ഡ് ചെയ്തു. കേരളാ ഹെഡ്‌ലോഡ് വര്‍ക്കേഴ്‌സ് ആക്ട് പ്രകാരം 75 കിലോ ചാക്ക് തൊഴിലാളികള്‍ ഇറക്കണമെന്നാണ് നിബന്ധന. ഇതനുസരിച്ച് ചങ്ങനാശ്ശേരി ഒഴികെയുള്ള സംസ്ഥാനത്തെ 165 ക്ഷേമ ബോര്‍ഡുകളില്‍ തൊഴിലാളികള്‍ 75 കിലോ ചാക്ക് ഇറക്കുന്നുണ്ട്. തൊഴിലാളികളെ സസ്‌പെന്‍ഡ് ചെയ്ത സാഹചര്യത്തില്‍ ആരെവിളിച്ചും ലോറികളില്‍ എത്തുന്ന ചാക്കുകള്‍ ഇറക്കിക്കാമെന്നും ഡിഎല്‍ഒ ഉത്തരവും നല്‍കിയതായി അറിയുന്നു.
ചങ്ങനാശ്ശേരിയില്‍ ഇപ്പോള്‍ നടന്നുവരുന്ന തൊഴിലാളികളുടെ നിഷേധ നിലപാട് പണിമുടക്കിനു തുല്യമായാണ് ജില്ലാ ലേബര്‍ വകുപ്പ് കാണുന്നത്. ഇത്തരം പണിമുടക്കിനു നേരത്തെ നോട്ടീസ് വേണമെങ്കിലും അതു നല്‍കിയിട്ടില്ല.
കേരളാ ഷോപ്പ് ആക്ട് പ്രകാരം ഷോപ്പുകളിലെ തൊഴിലാളികള്‍ കയറ്റിയിറക്കുന്ന ചാക്കിന്റെ തൂക്കം 55 കിലോയായി നിജപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ഹെഡ്‌ലോഡ് വര്‍ക്കേഴസ് ആക്ട് പ്രകാരം 75 കിലോ വരെ ഇറക്കാമെന്ന നിബന്ധനയാണ് സംസ്ഥാനത്തുള്ളത്. 75 കിലോ ചാക്ക് ഇറക്കാനാവില്ലെന്നു കാണിച്ച് ലേബര്‍ കമ്മീഷണര്‍ക്കും ചങ്ങനാശ്ശേരി മര്‍ച്ചന്റ്‌സ് അസോസിയേഷനും പരാതി നല്‍കിയിരുന്നെങ്കിലും നടപടി സ്വീകരിച്ചില്ലെന്നു ഐഎന്‍ടിയുസി ഹെഡ്‌ലോഡ് വര്‍ക്കേഴസ് യൂനിയന്‍ പ്രസിഡന്റ് സിബി സ്‌കറിയാ പറഞ്ഞു.
Next Story

RELATED STORIES

Share it