ernakulam local

ലോട്ടറി വിതരണത്തിലെ അപാകത: ശരീരത്തില്‍ പടക്കമാല അണിഞ്ഞ് ഏജന്റുമാരുടെ ആത്മഹത്യാ ഭീഷണി

കൊച്ചി: ലോട്ടറി വിതരണത്തിലെ അപാകത പരിഹ—രിക്കണമെന്നും ചെറുകിട ഏജന്റുമാര്‍ക്ക് ലോട്ടറി ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ട് കേരള ലോട്ടറി ഏജന്റ് അസോസിയേഷന്‍ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ എറണാകുളം ജില്ലാ ലോട്ടറി ഒഫിസിനു മുന്നില്‍ ശരീരത്തില്‍ പടക്കം അണിഞ്ഞ് ആത്മഹത്യ ഭീഷണി മുഴക്കി സമരം.
അസോസിയേഷന്‍ ജില്ല സെക്രട്ടറി സി ജെ ബെര്‍ളി കഴുത്തില്‍ പടക്ക മാലയണിഞ്ഞും ലോട്ടറി ഏജന്റായ റാണി സര്‍ദാര്‍ കൈയില്‍ പെട്രോള്‍ നിറച്ച കന്നാസുമായാണ് ആത്മഹത്യ ഭീഷണി മുഴക്കിത്. പത്തോളം ഏജന്റുമാരും സമരത്തില്‍ പങ്കുചേര്‍ന്നു. പ്രശ്‌നത്തിന് പരിഹാരം കണ്ടില്ലെങ്കില്‍ ആത്മഹത്യയല്ലാതെ മറ്റു വഴികളില്ലെന്ന പറഞ്ഞ ബെര്‍ളിയോട് സമരം അവസാനിപ്പിക്കാന്‍ പോലിസ് ആവശ്യപ്പെട്ടെങ്കിലും ഇദ്ദേഹം വഴങ്ങിയില്ല.
തുടര്‍ന്ന് ഇവരെ എറണാകുളം സെന്‍ട്രല്‍ പോലിസ് അറസ്റ്റ് ചെയ്തുനീക്കി. സമരക്കാര്‍ക്കെതിരേ ആത്മഹത്യശ്രമം ഉള്‍പ്പെടെ കേസെടുത്തശേഷം ഇവരെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു. ആവശ്യത്തിന് ലോട്ടറി ലഭിക്കുന്നില്ലെന്ന അസോസിയേഷന്റെ പരാതിയെ തുടര്‍ന്ന് ലോട്ടറി ഡയറക്ടറേറ്റില്‍ നിന്ന് എറണാകുളം ജില്ലക്ക് 91,000 ലോട്ടറികള്‍ അനുവദിച്ചിരുന്നു. എന്നാല്‍ ജില്ലയിലെ 200ഓളം വരുന്ന ചെറുകിട ഏജന്റുമാര്‍ക്ക് ലഭിക്കുന്നത് 21000 ടിക്കറ്റുകള്‍ മാത്രമാണെന്നും ബാക്കി ടിക്കറ്റുകള്‍ സംസ്ഥാനത്തിനകത്തും പുറത്തുമായി പ്രവര്‍ത്തിക്കുന്ന വന്‍കിട ഏജന്റുമാര്‍ക്കും ലോട്ടറി മാഫിയകള്‍ക്കും അധികൃതര്‍ മറിച്ചു വില്‍ക്കുകയാണെന്നുമാണ് അസോസിയേഷന്‍ ആരോപിക്കുന്നത്.
പരാതി വര്‍ധിച്ചതിനത്തെുടര്‍ന്ന് കഴിഞ്ഞ മാസം രണ്ട് തവണ വിജിലന്‍സ് അധികൃതര്‍ ജില്ല ലോട്ടറി ഓഫിസില്‍ റെയ്ഡ് നടത്തിയിരുന്നു. തുടര്‍ന്ന് അടിയന്തര നടപടിക്ക് വിജിലന്‍സ് ശിപാര്‍ശ ചെയ്തിരുന്നുവെങ്കിലും ഉന്നത തലത്തില്‍ സ്വാധീനം ചെലുത്തി നടപടികള്‍ തടഞ്ഞിരിക്കുകയാണെന്ന് സമരക്കാര്‍ ആരോപിച്ചു.
Next Story

RELATED STORIES

Share it