Blogs

ലോട്ടറി നികുതി വെട്ടിപ്പ് കേസ്: സാന്റിയാഗോ മാര്‍ട്ടിനെ എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്തു

കൊച്ചി: ലോട്ടറി നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട കേസില്‍ തമിഴ്‌നാട് കോയമ്പത്തൂര്‍ സ്വദേശി സാന്റിയാഗോ മാര്‍ട്ടിനെ എ ന്‍ഫോഴ്‌സ്‌മെന്റ് കൊച്ചിയില്‍ ചോദ്യം ചെയ്തു. രണ്ടു ദിവസമായി നടന്ന ചോദ്യംചെയ്യല്‍ ഇന്നലെ രാത്രിയോടെയാണു പൂര്‍ത്തിയായത്. ജോയിന്റ് ഡയറക്ടര്‍ ജോണ്‍ കിങ്സ്ലിയുടെ നേതൃത്വത്തിലായിരുന്നു ചോദ്യംചെയ്യല്‍.
ലോട്ടറി തട്ടിപ്പിലൂടെ സിക്കിം സംസ്ഥാനത്തിന് 4500 കോടിയുടെ നഷ്ടം വരുത്തിയെന്ന സിബിഐ കുറ്റപത്രത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്യല്‍. ലോട്ടറി കേസില്‍ സിബിഐ കുറ്റപത്രം നല്‍കിയതിനു പിന്നാലെയാണ് എന്‍ഫോഴ്‌സ്‌മെന്റ് ഈ കേസിന്റെ അന്വേഷണം ഏറ്റെടുത്തത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ മാര്‍ട്ടിന്റെ അനുയായികളടക്കം പലരെയും ചോദ്യം ചെയ്തിരുന്നെങ്കിലും മാര്‍ട്ടിനെ ചോദ്യം ചെയ്യുന്നത് ഇതാദ്യമാണ്. ചോദ്യം ചെയ്യലില്‍ നല്‍കിയ മൊഴികള്‍ വിശദമായി വിലയിരുത്തിയ ശേഷം ആവശ്യമെങ്കില്‍ ഇയാളെ വീണ്ടും ചോദ്യം ചെയ്യാനാണ് എന്‍ഫോഴ്‌സ്‌മെന്റിന്റെ തീരുമാനം.
വ്യാജലോട്ടറി ഇടപാടിലൂടെ സമ്പാദിച്ച ശതകോടികള്‍ ഹവാല ശൃംഖല വഴി വിദേശ രാജ്യങ്ങളിലേക്കു കടത്തിയതായാണ് എന്‍ഫോഴ്‌സ്‌മെന്റിനു ലഭിച്ചിട്ടുള്ള വിവരം. ആദായനികുതി വിഭാഗവും എന്‍ഫോഴ്‌സ്‌മെന്റും സിലിഗുരിയിലെ ഇയാളുടെ ഓഫിസില്‍ സപ്തംബറില്‍ പരിശോധന നടത്തിയിരുന്നു.
Next Story

RELATED STORIES

Share it