ലോട്ടറി ടിക്കറ്റ്, പാഠപുസ്തക അച്ചടികളില്‍ കോടികളുടെ ക്രമക്കേട് ; സി ആപ്റ്റ് എംഡിക്ക് സസ്‌പെന്‍ഷന്‍

തിരുവനന്തപുരം: അഴിമതിക്കേസില്‍ വിജിലന്‍സ് പ്രതിയാക്കിയ സി ആപ്റ്റ് (സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് പ്രിന്റിങ് ആന്റ് ട്രെയിനിങ്) എംഡി സജിത് വിജയരാഘവനെ സസ്‌പെന്റ് ചെയ്തു. സി ആപ്റ്റില്‍ നടന്ന കോടികളുടെ സാമ്പത്തിക ക്രമക്കേടുകളെത്തുടര്‍ന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ നിര്‍ദേശപ്രകാരമാണ് സസ്‌പെന്‍ഷന്‍. നിരവധി സാമ്പത്തിക ക്രമക്കേടുകള്‍ സജിത് വിജയരാഘവന്‍ നടത്തിയതായി ആരോപണം ഉയര്‍ന്നിരുന്നു.
2012-13 കാലയളവില്‍ 18 കോടി ലോട്ടറി ടിക്കറ്റുകള്‍ അച്ചടിക്കുന്നതിന് അമിതനിരക്കില്‍ കരാര്‍ നല്‍കുകയും ഇതിലൂടെ സംസ്ഥാന സര്‍ക്കാരിന് 1.36 കോടിയുടെ നഷ്ടമുണ്ടായതായും ധനകാര്യ പരിശോധനാ വിഭാഗത്തിന്റെ പരിശോധനയില്‍ കണ്ടെത്തി. കൂടാതെ പാഠപുസ്തക അച്ചടി സ്വകാര്യ പ്രസ്സിനു നല്‍കിയതില്‍ വ്യാപക ക്രമക്കേട് നടന്നതായും ധനകാര്യ പരിശോധനാ വിഭാഗത്തിന്റെ പരിശോധനയില്‍ വ്യക്തമായി. തുടര്‍ന്ന് വിജിലന്‍സ് നടത്തിയ അന്വേഷണത്തില്‍ എംഡി സജിത് വിജയരാഘവനെ ഒന്നാം പ്രതിയാക്കി ആറു പേര്‍ക്കെതിരേ കേസെടുത്തു.
പ്രതിയായ വ്യക്തി തല്‍സ്ഥാനത്തു തുടരുമ്പോള്‍ തെളിവുകള്‍ നശിപ്പിക്കപ്പെടുമെന്നതിനാല്‍ സജിത് വിജയരാഘവനെ സസ്‌പെന്റ് ചെയ്യണമെന്ന് വിജിലന്‍സും ധനകാര്യ പരിശോധനാ വിഭാഗവും റിപോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍, ഉന്നത സ്വാധീനം ഉപയോഗിച്ച് കേസ് നടപടികള്‍ എംഡി മരവിപ്പിക്കുകയും കേസ് അട്ടിമറിക്കാനുള്ള നീക്കവും നടത്തി. അന്വേഷണ ഉദ്യോഗസ്ഥനെതിരേ പരാതിയും നല്‍കി.
അതേസമയം, കേസില്‍ പ്രതിയാക്കിയിട്ടും എംഡിയെ സംരക്ഷിക്കുന്ന വിദ്യാഭ്യാസമന്ത്രിയുടെ നിലപാടിനെതിരേ രൂക്ഷമായ വിമര്‍ശനമാണ് ഉയര്‍ന്നത്. മന്ത്രിസഭാ യോഗത്തിന്റെയും താന്‍ കൂടി പങ്കെടുത്ത അവലോകന യോഗങ്ങളുടെയും തീരുമാനം അനുസരിച്ചു മാത്രമാണ് എംഡി പ്രവര്‍ത്തിച്ചതെന്നായിരുന്നു മന്ത്രിയുടെ വിശദീകരണം. ഉന്നത വിദ്യാഭ്യാസവകുപ്പും ധനകാര്യ പരിശോധനാ വിഭാഗത്തിനും ചിലപ്പോള്‍ യഥാര്‍ഥ വസ്തുതകള്‍ അറിയില്ലായിരിക്കുമെന്നും വിദ്യാഭ്യാസമന്ത്രി പറഞ്ഞു.
എന്നാല്‍, ആഭ്യന്തര സെക്രട്ടറി നടത്തിയ അന്വേഷണത്തില്‍ സി ആപ്റ്റ് എംഡി കുറ്റക്കാരനാണെന്ന് കണ്ടെത്തി. തുടര്‍ന്നാണ് ആഭ്യന്തരമന്ത്രി സജിത് വിജയരാഘവനെ സസ്‌പെന്റ് ചെയ്യാന്‍ നിര്‍ദേശിച്ചത്.
അതേസമയം, വിദ്യാഭ്യാസ വകുപ്പിനെതിരേ ഉയര്‍ന്ന ആരോപണങ്ങള്‍ക്ക് മറുപടിയുമായി വിദ്യാഭ്യാസമന്ത്രിയുടെ ഓഫിസ് രംഗത്തെത്തി. സജിത് വിജയരാഘവനെതിരേ വിജിലന്‍സ് നടത്തിയ അന്വേഷണ റിപോര്‍ട്ടുകളൊന്നും വിദ്യാഭ്യാസ വകുപ്പിനു ലഭിച്ചിരുന്നില്ലെന്ന് മന്ത്രിയുടെ ഓഫിസ് വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.
Next Story

RELATED STORIES

Share it