ലോട്ടറി അച്ചടി: സ്വകാര്യ പ്രസിനെ ഏല്‍പിച്ചിട്ടില്ല: മുഖ്യമന്ത്രിയുടെ ഓഫിസ്

തിരുവനന്തപുരം: സര്‍ക്കാര്‍ പ്രസുകളെ ഒഴിവാക്കി സംസ്ഥാന ലോട്ടറി ടിക്കറ്റുകളുടെ അച്ചടി സ്വകാര്യ പ്രസിനെ ഏല്‍പിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ്. നിലവില്‍ ദിവസേന 60 ലക്ഷം ലോട്ടറി അച്ചടിക്കുന്നിടത്തുനിന്ന് 90 ലക്ഷമാക്കി ഉയര്‍ത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. എന്നാല്‍, സര്‍ക്കാര്‍ പ്രസുകളായ കെബിപിഎസിനും സിആപ്റ്റിനും 90 ലക്ഷം ടിക്കറ്റുകള്‍ അച്ചടിച്ചുനല്‍കാന്‍ സാധിക്കാത്ത സാഹചര്യത്തില്‍ പൊതുമേഖലാ സ്ഥാപനമായ സിഡ്‌കോയുടെ പങ്കാളിത്തമുള്ള മൂന്നാമതൊരു പ്രസിനെ കൂടി പരിഗണിക്കുന്ന കാര്യം തത്ത്വത്തില്‍ അംഗീകരിക്കുകയാണു ചെയ്തത്.
സാങ്കേതികവിദഗ്ധരുടെ മൂന്നംഗ കമ്മിറ്റിയെ ചുമതലപ്പെടുത്തുകയും അവരുടെ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മാത്രം തീരുമാനം എടുക്കാനുമാണ് ഉത്തരവ്. ഇവര്‍ പഠനം ആരംഭിക്കാനിരിക്കുന്നതേയുള്ളു. സിഡ്‌കോയുടെ പ്രസിന്റെ സുരക്ഷാസംവിധാനം, ടിക്കറ്റിന് നമ്പറിടാനുള്ള സംവിധാനം തുടങ്ങിയവയൊക്കെ ഉറപ്പുവരുത്തിയശേഷമേ തീരുമാനം എടുക്കൂവെന്നു മുഖ്യമന്ത്രിയുടെ ഓഫിസ് വ്യക്തമാക്കി.
സ്വകാര്യ പ്രസിനെ ലോട്ടറി അച്ചടി ഏല്‍പിച്ചത് നിയമവിരുദ്ധമാണെന്നും ഉടന്‍ റദ്ദാക്കണമെന്നും കെബിപിഎസ് എംഡി ടോമിന്‍ തച്ചങ്കരി നികുതി പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് നല്‍കിയ കത്തില്‍ ആവശ്യപ്പെട്ടു. മാര്‍ച്ച് 10നാണ് ഇതുസംബന്ധിച്ച് തച്ചങ്കരി കത്ത് നല്‍കിയത്. ലോട്ടറി ടിക്കറ്റ് സര്‍ക്കാര്‍ പ്രസിലോ അതീവസുരക്ഷയുള്ള പ്രസിലോ മാത്രമേ അച്ചടിക്കാന്‍ പാടുള്ളൂവെന്നും സ്വകാര്യസ്ഥാപനത്തെ ഏല്‍പിക്കാന്‍ പാടില്ലെന്നുമാണ് 2005ലെ കേരള പേപ്പര്‍ ലോട്ടറി (നിയന്ത്രണ) നിയമത്തില്‍ പറയുന്നത്. സിഡ്‌കോ നിയന്ത്രണത്തിലുള്ള പ്രസ് ഇന്നേവരെ ലോട്ടറി ടിക്കറ്റ് അച്ചടിച്ചിട്ടില്ല. കെബിപിഎസ് സമയത്ത് ടിക്കറ്റ് അച്ചടിച്ച് വിതരണം ചെയ്യുന്നില്ലെന്ന് സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നത് സത്യമല്ല. പറയുന്ന സമയത്തിനും മുമ്പേ ഇതുവരെ ടിക്കറ്റ് അച്ചടിച്ചുനല്‍കിയിട്ടുണ്ട്. ഒരു പരാതിയും ഇന്നേവരെ ഉണ്ടായിട്ടില്ല. അതിനാല്‍ സംസ്ഥാന ലോട്ടറിയുടെ മുഴുവന്‍ അച്ചടിയും കെബിപിഎസിനെ ഏല്‍പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
സര്‍ക്കാര്‍ നടപടി അഴിമതി ഉന്നംവച്ചുള്ളതും പേപ്പര്‍ ലോട്ടറി സംവിധാനത്തിന്റെ വിശ്വാസ്യത തകര്‍ക്കുന്നതുമാണെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ ആരോപിച്ചു. ആവശ്യമായ ടിക്കറ്റ് അടിക്കുന്നതിന് സിആപ്റ്റിനും കെബിപിഎസിനും സംവിധാനമില്ലെന്നു പറഞ്ഞാണ് ഈ ഉത്തരവിറക്കിയിരിക്കുന്നത്. കെബിപിഎസ് സിഎംഡി മാര്‍ച്ച് 10ന് സര്‍ക്കാരിനു നല്‍കിയ കത്തില്‍ ഇപ്പോള്‍ അച്ചടിക്കുന്നതിലും കൂടുതല്‍ ടിക്കറ്റ് അച്ചടിക്കാന്‍ പ്രസിന് സംവിധാനമുണ്ടെന്ന് അറിയിച്ചിരുന്നു. എന്നാല്‍, ഇതു കണക്കിലെടുക്കാതെയാണ് ഒരു പ്രൈവറ്റ് ലിമിറ്റഡ് കമ്പനിക്ക് അനുവാദം നല്‍കിയിരിക്കുന്നത്.
നടപടി അടിയന്തരമായി പിന്‍വലിച്ച് ലോട്ടറി ടിക്കറ്റ് അച്ചടി സര്‍ക്കാര്‍ പ്രസില്‍ തന്നെ നിലനിര്‍ത്താന്‍ നടപടി സ്വീകരിക്കണമെന്ന് വി എസ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it