ലോട്ടറിയെ മാര്‍ട്ടിന്‍ ലോട്ടറിയാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നു: എം വി ജയരാജന്‍



തിരുവനന്തപുരം: കേരള ലോട്ടറിയെ മാര്‍ട്ടിന്‍ ലോട്ടറിയാക്കാനാണ് യുഡിഎഫ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നു സിപിഎം നേതാവ് എം വി ജയരാജന്‍. ലോട്ടറി ടിക്കറ്റിന്റെ അച്ചടി സ്വകാര്യ പ്രസിനെ ഏല്‍പ്പിക്കാനുള്ള തീരുമാനം അഴിമതിയും ചൂതാട്ടവും വര്‍ധിപ്പിക്കാനാണ്. സര്‍ക്കാര്‍ പ്രസില്‍ മാത്രമേ ലോട്ടറി അച്ചടിക്കാവൂ എന്ന കേന്ദ്ര ലോട്ടറി നിയമത്തിലെ വ്യവസ്ഥകള്‍ അവഗണിച്ചാണു പൊതുമേഖലാ സ്ഥാപനമായ സിഡ്‌കോയെ ഏല്‍പിച്ചത്.
എന്നാല്‍ ലോട്ടറിയുടെ അച്ചടി സ്വന്തമായി പ്രസ് പോലുമില്ലാത്ത സിഡ്‌കോ ഇതു സ്വകാര്യ പ്രസിനെ ഏല്‍പ്പിക്കുകയാണു ചെയ്തത്. ഇതു ബിനാമി ഏര്‍പ്പാടാണ്.
സര്‍ക്കാരിനു നിയമമല്ല കാശാണ് പ്രധാനം. കോണ്‍ഗ്രസ്സിന്റെ തിരഞ്ഞടുപ്പ് ഫണ്ടിലേക്കു ലോട്ടറി മാഫിയാ സംഘം കോടികള്‍ സംഭാവന നല്‍കുമെന്ന ധാരണയെ തുടര്‍ന്നാണു പെരുമാറ്റച്ചട്ടം നിലവില്‍ വന്നിട്ടും സര്‍ക്കാര്‍ നിയമവിരുദ്ധമായി ഉത്തരവിറക്കിയത്. ഈ തീരുമാനത്തില്‍ നിന്നു സര്‍ക്കാര്‍ അടിയന്തരമായി പിന്തിരിയണം. ചട്ടം ലംഘിച്ചു പുറപ്പെടുവിച്ച ഉത്തരവു പിന്‍വലിക്കണമെന്നാവശ്യപ്പെട്ടു തിരഞ്ഞെടുപ്പ് കമ്മീഷനു പരാതി നല്‍കുമെന്നും ജയരാജന്‍ പറഞ്ഞു.
സംസ്ഥാന ലോട്ടറി ടിക്കറ്റുകളുടെ അച്ചടി സിഡ്‌കോയുടെ മറവിലെത്തിയ സ്വകാര്യ പ്രസിനെ ഏല്‍പിച്ചു സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു.
നിലവില്‍ ടിക്കറ്റ് അച്ചടിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങളൊ ഒഴിവാക്കിയാണ് പുതിയ ലോട്ടറിളുടെ അച്ചടി മണ്‍വിളയിലെ സ്വകാര്യ പ്രസിനെ ഏല്‍പ്പിച്ചത്. സര്‍ക്കാര്‍ പ്രസില്‍ മാത്രമേ ലോട്ടറി ടിക്കറ്റ് അച്ചടിക്കാവൂ എന്ന ലോട്ടറി നിയന്ത്രണ ചട്ടത്തിലെ വ്യവസ്ഥകള്‍ ഡയറക്ടര്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഈ അഭിപ്രായം കണക്കിലെടുക്കാതെയാണ് ടിക്കറ്റുകളുടെ അച്ചടി സ്വകാര്യ പ്രസിന് നല്‍കിയത്.
Next Story

RELATED STORIES

Share it