ലോങ്ജംപില്‍ അനിയനെയും വീഴ്ത്തി വിജയ 'ശ്രീനാഥ'ന്‍...

കോഴിക്കോട്: കരിയറിലെ കന്നി സ്‌കൂള്‍ കായികമേളയിലെ പങ്കെടുത്ത ആദ്യ ഇനത്തില്‍ തന്നെ സ്വര്‍ണമെഡല്‍. അതും മീറ്റ് റെക്കോഡോടെ. ഫൈനലില്‍ അനിയനെയും മറികടന്ന് പ്രായത്തില്‍ മാത്രമല്ല മിടുക്കിലും താനാണ് കേമനെന്നു തെളിയിച്ചതിന്റെ ആഹ്ലാദത്തിലാണ് എം കെ ശ്രീനാഥ്. ജൂനിയര്‍ ആണ്‍കുട്ടികളുടെ ലോങ്ജംപിലാണ് 6.97 മീറ്റര്‍ ദൂരത്തേക്കു പറന്നിറങ്ങി ശ്രീനാഥ് വിജയക്കൊടി നാട്ടിയത്. മൂന്നു വര്‍ഷം മുമ്പ് എറണാകുളത്തിന്റെ തന്നെ ദേവുരാജ് സ്ഥാപിച്ച 6.95 മീറ്ററെന്ന റെക്കോഡാണ് ശ്രീനാഥിന്റെ ചാട്ടത്തില്‍ പിറകിലായിപ്പോയത്. മേളയില്‍ ഇനി രണ്ടിനങ്ങളില്‍ക്കൂടി താരം മല്‍സരിക്കാനിറങ്ങുന്നുണ്ട്. 100 മീറ്റര്‍, 400 മീറ്റര്‍ എന്നിവയിലാണ് ശ്രീനാഥിന് ഇനി മല്‍സരങ്ങളുള്ളത്. എറണാകുളം മാര്‍ബേസില്‍ എച്ച്എസ്എസിന്റെ പുതിയ കണ്ടുപിടുത്തമാണ് ഈ മിടുക്കന്‍. കഴിഞ്ഞ തവണ സെന്റ് പീറ്റേഴ്‌സ് എച്ച്എസ്എസ് കുറുമ്പനാട് സ്‌കൂളിലെ താരമായിരുന്ന ശ്രീനാഥിനെ ഈ വര്‍ഷമാണ് മുന്‍ ചാംപ്യന്‍ സ്‌കൂളായ മാര്‍ബേസില്‍ തങ്ങളുടെ കൂടാരത്തിലെത്തിച്ചത്.
കഴിഞ്ഞ സംസ്ഥാന മീറ്റില്‍ 4-100 മീറ്റര്‍ റിലേയില്‍ സ്വര്‍ണം നേടിയ സബ് ജൂനിയര്‍ ടീമില്‍ അംഗമായിരുന്നു താരം. എന്നാല്‍ വ്യക്തിഗത ഇനത്തിലെ കന്നി സ്വര്‍ണ പതക്കമാണ് ഇന്നലെ കഴുത്തിലണിഞ്ഞത്. അനിയര്‍ ശ്രീകാന്തും ഇന്നലെ ഫൈനലില്‍ തനിക്കൊപ്പം മല്‍സരിച്ചപ്പോള്‍ സമ്മര്‍ദ്ദങ്ങളൊന്നുമുണ്ടായിരുന്നില്ലെന്ന് ശ്രീനാഥ് പറഞ്ഞു. ചങ്ങനാശേരി കാലായില്‍പറമ്പില്‍ വീട്ടില്‍ മനോജ്- രേഖ ദമ്പതികളുടെ മകനാണ് ശ്രീനാഥ്.
Next Story

RELATED STORIES

Share it