ലോക വ്യാപാര കേന്ദ്രം തകര്‍ക്കാന്‍ ലാദിന് പ്രചോദനമായത് 1999ലെ വിമാനാപകടം

ബെയ്‌റൂത്ത്: ലോകത്തെ ഞെട്ടിച്ച യുഎസിലെ ലോക വ്യാപാര കേന്ദ്രത്തിനു നേരെയുണ്ടായ ആക്രമണത്തിന് ഉസാമാ ബിന്‍ലാദിനു പ്രചോദനമായത് 1999ല്‍ ഉണ്ടായ വിമാനാപകടത്തില്‍ നിന്നാണെന്ന് അല്‍ഖാഇദ. ഈജിപ്ഷ്യന്‍ എയര്‍ലൈന്‍ പൈലറ്റ് വിമാനം മനപ്പൂര്‍വം അറ്റ്‌ലാന്റിക് സമുദ്രത്തില്‍ ഇടിച്ചിറക്കിയാണ് അന്ന് ദുരന്തം വിതച്ചത്.
സപ്തംബര്‍ 11 ആക്രമണം-പറയപ്പെടാത്ത കഥ എന്ന തലക്കെട്ടില്‍ അല്‍മസ്‌റയില്‍ ദൈ്വവാരികയില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് അല്‍ഖാഇദ ഇതുസംബന്ധിച്ച അവകാശവാദം ഉന്നയിക്കുന്നത്. യുഎസിലെ ലോസാഞ്ചല്‍സില്‍ നിന്നും കെയ്‌റോയിലേക്ക് പുറപ്പെട്ട ഈജിപ്ത് എയര്‍ വിമാനം സഹപൈലറ്റ് ഗാമില്‍ അല്‍ ബത്തൗത്തി അറ്റ്‌ലാന്റിക് സമുദ്രത്തില്‍ മനപ്പൂര്‍വം ഇടിച്ചിറക്കിയിരുന്നു. 100 യുഎസ് പൗരന്മാരടക്കം 217 പേരാണ് അന്ന് കൊല്ലപ്പെട്ടത്. ഇതിനെക്കുറിച്ചുള്ള ചര്‍ച്ചയില്‍നിന്നാണ് അല്‍ഖാഇദ സപ്തംബര്‍ 11ലേക്ക് കുരുക്കെറിഞ്ഞത്.
ഈജിപ്ഷ്യന്‍ വിമാനാപകടത്തിന്റെ ദുരൂഹത ഇപ്പോഴും ചുരുളഴിഞ്ഞിട്ടില്ല. സായുധാക്രമണമാണെന്നു കരുതുന്നുണ്ടെങ്കിലും ഇതിലേക്ക് വിരല്‍ചൂണ്ടുന്ന തെളിവുകളൊന്നും ലഭ്യമല്ല. മാത്രമല്ല, സഹപൈലറ്റായ അല്‍ ബത്തൗത്തി കടുത്ത മതവിശ്വാസിയായിരുന്നില്ലെന്നു കുടുംബം വ്യക്തമാക്കുന്നു. അച്ചടക്ക നടപടിക്ക് ശിക്ഷിച്ച വിമാനക്കമ്പനിയോടുള്ള പ്രതികാരമോ ആത്മഹത്യയോ ആകാമെന്നും അവര്‍ വിശേഷിപ്പിക്കുന്നു.
സപ്തംബര്‍ 11ലെ ആക്രമണത്തിന്റെ മുഖ്യ ആസൂത്രകനെന്നു വിശേഷിപ്പിക്കപ്പെടുന്ന ഖാലിദ് ശെയ്ഖ് യുഎസ് വിമാനം റാഞ്ചുന്നതിനെ കുറിച്ചുള്ള പദ്ധതി ലാദിന് മുമ്പില്‍ അവതരിപ്പിച്ചിരുന്നു. റാഞ്ചുന്ന വിമാനം കൊണ്ട് 12 വിമാനങ്ങള്‍ തകര്‍ക്കുന്നതായിരുന്നു ഖാലിദ് ശെയ്ഖിന്റെ പദ്ധതി.
എന്നാല്‍, ലാദിന്റെ നിര്‍ദേശാനുസരണം പദ്ധതി മാറ്റുകയും വിമാനം കെട്ടിടത്തില്‍ ഇടിക്കാനുള്ള തീരുമാനത്തില്‍ എത്തിച്ചേരുകയുമായിരുന്നുവെന്നു മാഗസിന്‍ പറയുന്നു. അല്‍ഖാഇദയുമായി കൂറുപുലര്‍ത്തുന്ന അന്‍സാര്‍ അല്‍ ശരീഅയുടേതാണ് അല്‍ മസ്‌റ മാഗസിന്‍.
Next Story

RELATED STORIES

Share it