ലോക മീറ്റിന് യോഗ്യത; അധികൃതര്‍ കനിഞ്ഞാല്‍ അനില്‍കുമാര്‍ പെര്‍ത്തിലേക്ക്

പാലക്കാട്: പണമില്ലാത്തതിനാല്‍ അഞ്ചു തവണ ലോകമാസ്‌റ്റേഴ്‌സ് അത്‌ലറ്റിക് മീറ്റില്‍ പങ്കെടുക്കാന്‍ കഴിയാതിരുന്ന മുണ്ടൂരിലെ വി കെ അനില്‍ കുമാര്‍ ഇത്തവണയും മികച്ച സമയത്തോടെ യോഗ്യത നേടി. എന്നാല്‍ ആസ്‌ത്രേലിയയിലെ പെര്‍ത്തില്‍ വച്ചു നടക്കുന്ന മീറ്റില്‍ പങ്കെടുക്കണമെങ്കില്‍ ഇനി അധികൃതര്‍ കനിയണം.
കഴിഞ്ഞ മെയ് 2 മുതല്‍ 9 വരെ സിംഗപ്പൂരില്‍ നടന്ന 19ാമത് ഏഷ്യന്‍ മാസ്റ്റേഴ്‌സ് അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പില്‍ നിന്നാണ് മികച്ച സമയത്തോടെ അനില്‍കുമാര്‍ ലോക കായികമേളയ്ക്കു യോഗ്യത നേടിയത്. 2016 ഒക്ടോബര്‍ 26 മുതല്‍ നവംബര്‍ 6 വരെയാണ് പെര്‍ത്തില്‍ 22ാമത് വേള്‍ഡ് മാസ്റ്റേഴ്‌സ് അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പ് നടക്കുന്നത്. പണം ഒരു പ്രശ്‌നമാണെങ്കിലും മല്‍സരത്തില്‍ പങ്കെടുക്കാന്‍ കഴിയുമെന്ന വിശ്വാസത്തില്‍ അനില്‍കുമാറിപ്പോള്‍ കഠിന പരിശീലനത്തിലാണ്.
മീറ്റില്‍ പങ്കെടുക്കുന്നതിനായി പലരേയും സമീപിച്ചെങ്കിലും ഇതു വരെ സ്‌പോണ്‍സര്‍ഷിപ് ലഭിച്ചിട്ടില്ല.
2005 മുതല്‍ 2016 വരെ സംസ്ഥാന ക്രോസ് കണ്‍ട്രി (12 കിമീ) ചാംപ്യന്‍ഷിപ്പില്‍ ദേശീയ മല്‍സരത്തില്‍ പങ്കെടുക്കുകയും കേരളത്തെ നയിക്കുകയും ചെയ്തിരുന്നു. സംസ്ഥാന അമേച്ചര്‍ സീനിയര്‍ മീറ്റിലും ഇന്റര്‍കപ്പ് സീനിയര്‍ മീറ്റിലും 5000, 1000 മീറ്ററുകളില്‍ 15ഓളം സ്വര്‍ണവും എട്ട് വെള്ളിയും അഞ്ചു വെങ്കലവും നേടിയിട്ടുണ്ട്.
നേട്ടങ്ങള്‍ പലതുണ്ടെങ്കിലും സ്വന്തമായി ഒരു ജോലി എന്നത് അനില്‍കുമാറിനിപ്പോഴും സ്വപ്‌നം മാത്രമാണ്. എട്ടു വര്‍ഷമായി തളര്‍വാതം പിടിച്ചു കിടപ്പിലാണ് അനില്‍കുമാറിന്റെ പിതാവ്. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ക്കിടയിലാണ് സംസ്ഥാന ദേശീയ മീറ്റുകളില്‍ റെക്കോഡോടെ മികച്ച പ്രകടനം കാഴ്ച വയ്ക്കുന്നത്. ആസ്‌ത്രേലിയ ലോക മീറ്റിനു പോവാന്‍ എല്ലാ ചെലവും കൂടി രണ്ടു ലക്ഷം രൂപ വേണ്ടി വരും. കഴിഞ്ഞ ഏഷ്യന്‍ മീറ്റിന് പോവാനുള്ള ചെലവ് അമേരിക്കയിലെ ഒരു മലയാളി ഡോക്ടറും ബാങ്കും രാഷ്ട്രീയ സംഘടനകളുമാണ് പിരിവെടുത്തു നല്‍കിയത്.
ലോകതലത്തില്‍ നാടിനു വേണ്ടി സ്വര്‍ണം നേടുക എന്നത് ഒരു കായികതാരത്തിന്റെ ഏറ്റവും വലിയ സ്വപ്‌നമാണെന്നു അനില്‍കുമാര്‍ പറയുന്നു. അതിനാല്‍ സര്‍ക്കാരിന്റെയും കായിക തല്‍പരരായ അഭ്യുദയകാംക്ഷികളുടെയും സഹായത്തില്‍ പ്രതീക്ഷയര്‍പ്പിച്ച് മീറ്റിനുള്ള തയ്യാറെടുപ്പിലാണ് അനില്‍ കുമാര്‍.
Next Story

RELATED STORIES

Share it