Most popular

ലോക ഫുട്‌ബോളറെ ഇന്നറിയാം

സൂറിച്ച്: നിലവില്‍ ലോകത്തെ ഏറ്റവും മികച്ച ഫുട്‌ബോളര്‍ ആരാണെന്ന ചോദ്യത്തിന് ഇന്ന് ഉത്തരമാവും. ലോക ഫുട്‌ബോളര്‍ക്ക് നല്‍കുന്ന ഫിഫ ബാലണ്‍ ഡിയോര്‍ പ്രഖ്യാപനവും പുരസ്‌കാര ദാന ചടങ്ങുകളും ഇന്ന് സൂറിച്ചില്‍ നടക്കും. ഇന്ത്യന്‍ സമയം ഇന്ന് രാത്രി 9.30 മുതലാണ് ചടങ്ങുകള്‍ ആരംഭിക്കുന്നത്. അന്തിമ ലിസ്റ്റില്‍ ഉള്‍പ്പെട്ട മൂന്ന് പേരാണ് ലോക ഫുട്‌ബോളറിനായി അങ്കംകുറിക്കുന്നത്. സൂപ്പര്‍ താരങ്ങളായ ലയണല്‍ മെസ്സി, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, നെയ്മര്‍ എന്നിവരാണ് അന്തിമ പട്ടികയില്‍.
കഴിഞ്ഞ രണ്ട് വര്‍ഷവും റയല്‍ മാഡ്രിഡിന്റെ പോര്‍ച്ചുഗീസ് സൂപ്പര്‍ താരം ക്രിസ്റ്റിയാനോയ്ക്കായിരുന്നു പുരസ്‌കാരം ലഭിച്ചത്. ഇത്തവണ ഹാട്രിക്ക് പുരസ്‌കാരം ലക്ഷ്യമിട്ടിറങ്ങുന്ന ക്രിസ്റ്റ്യാനോയ്ക്ക് ബാഴ്‌സലോണയുടെ അര്‍ജന്റൈന്‍ സൂപ്പര്‍ താരവും മുന്‍ ലോക ഫുട്‌ബോളറുമായ മെസ്സി കടുത്ത വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. ഇത്തവണ ഏറ്റവും സാധ്യത കല്‍പ്പിക്കപ്പെടുന്നതും മെസ്സിക്ക് തന്നെയാണ്.
എന്നാല്‍, കരിയറിലാദ്യമായാണ് ബാഴ്‌സലോണയുടെ ബ്രസീലിയന്‍ താരം നെയ്മര്‍ അവസാന മൂന്നംഗ പട്ടികയില്‍ ഇടം കണ്ടെത്തുന്നത്. കഴിഞ്ഞ സീസണില്‍ ബാഴ്‌സയ്ക്ക് നിരവധി കിരീടങ്ങള്‍ നേടിക്കൊടുക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചയാളാണ് മെസ്സി. അഞ്ച് കിരീടങ്ങളില്‍ കഴിഞ്ഞ സീസണില്‍ ബാഴ്‌സ മുത്തമിട്ടപ്പോള്‍ മെസ്സി അവിസ്മരണീയ പ്രടകനമാണ് കാഴ്ചവച്ചത്.
സ്പാനിഷ് ലീഗ്, സ്പാനിഷ് കിങ്‌സ് കപ്പ്, യുവേഫ ചാംപ്യന്‍സ് ലീഗ്, യൂവേഫ സൂപ്പര്‍ കപ്പ്, ഫിഫ ക്ലബ്ബ് ലോകകപ്പ് എന്നീ കിരീടങ്ങളാണ് മെസ്സിയുടെ മാസ്മരിക പ്രകടനത്തില്‍ ബാഴ്‌സ കൈക്കലാക്കിയത്. കോപ്പ അമേരിക്കയില്‍ അര്‍ജന്റീനയെ ഫൈനലിലെത്തിക്കാനും താരത്തിനായിരുന്നു. ഇതിനോടകം നാല് തവണ മെസ്സി ബാലണ്‍ ഡിയോര്‍ പുരസ്‌കാരം സ്വന്തമാക്കിയിട്ടുണ്ട്. 2009, 2010, 2011, 2012 വര്‍ഷങ്ങളിലാണ് മെസ്സി ലോക ഫുട്‌ബോളറുടെ സിംഹാസനത്തില്‍ അവരോധിക്കപ്പെട്ടത്. 56 മല്‍സരങ്ങളിലാണ് കഴിഞ്ഞ വര്‍ഷം മെസ്സി ബൂട്ടുകെട്ടിയത്. ഇതില്‍ 48 ഗോളുകള്‍ നേടുന്നതിനോടപ്പം 24 ഗോളുകള്‍ക്ക് വഴിയൊരുക്കാനും മെസ്സിക്ക് സാധിച്ചിരുന്നു.
അതേസമയം, ഗോളടി മികവ് കൊണ്ട് ശ്രദ്ധേയമായെങ്കിലും തന്റെ ടീമിനെ കഴിഞ്ഞ സീസണില്‍ ഒരു കിരീടം പോലും നേടിക്കൊടുക്കാന്‍ ക്രിസ്റ്റിയാനോയ്ക്ക് സാധിച്ചിരുന്നില്ല. എങ്കിലും വ്യക്തിപരമായ മികവ് ക്രിസ്റ്റ്യാനോയെ തുടര്‍ച്ചയായ അഞ്ചാം തവണയും അവസാന മൂന്നംഗ പട്ടികയില്‍ സ്ഥാനം നേടിക്കൊടുക്കുകയായിരുന്നു.
52 മല്‍സരങ്ങളാണ് താരം കഴിഞ്ഞ വര്‍ഷം കളിച്ചത്. 48 ഗോളുകള്‍ നേടിയ താരം 14 ഗോളുകള്‍ക്ക് വഴിയൊരുക്കുകയും ചെയ്തു. നാലാം ബലണ്‍ ഡിയോര്‍ പുരസ്‌കാരമാണ് ക്രിസ്റ്റ്യാനോ ലക്ഷ്യമിടുന്നത്. 2008, 2013, 2014 വര്‍ഷങ്ങളിലാണ് ക്രിസ്റ്റിയാനോ ലോക ഫുട്‌ബോളര്‍ക്കുള്ള പുരസ്‌കാരം കൈക്കലാക്കിയത്. എന്നാല്‍, കഴിഞ്ഞ വര്‍ഷം നടത്തിയ മിന്നുന്ന പ്രകടനമാണ് നെയ്മറിന് ബാലണ്‍ ഡിയോര്‍ പുരസ്‌കാര പട്ടികയില്‍ ഇടം നേടാന്‍ സഹായിച്ചത്. പരിക്കേറ്റ് മെസ്സി പുറത്തിരുന്നപ്പോഴും നെയ്മര്‍-ലൂയിസ് സുവാറസ് സഖ്യത്തിന്റെ മികവില്‍ ബാഴ്‌സ മികച്ച മുന്നേറ്റം നടത്തിയിരുന്നു. ബാഴ്‌സയുടെ കിരീട നേട്ടങ്ങളിലും നെയ്മര്‍ നിര്‍ണായക പങ്കുവഹിക്കുകയും ചെയ്തു.
59 മല്‍സരങ്ങളില്‍ നിന്ന് 45 ഗോളുകളാണ് നെയ്മര്‍ കഴിഞ്ഞ വര്‍ഷം നേടിയത്. 13 ഗോളുകള്‍ക്ക് വഴിമരുന്നിടാനും നെയ്മറിന് സാധിച്ചിരുന്നു. ബാലണ്‍ ഡിയോറിന് പുറമേ മികച്ച വനിതാ താരം, ഗോള്‍കീപ്പര്‍, പരിശീലകന്‍ തുടങ്ങിയ പുരസ്‌കാരങ്ങളും ഇന്നത്തെ ചടങ്ങില്‍ വിതരണം ചെയ്യും.
Next Story

RELATED STORIES

Share it