Gulf

ലോക പ്രശസ്ത ഡീജെ ടീസ്‌റ്റോ അടുത്ത മാസം ഖത്തറില്‍

ദോഹ: ലോകത്തെ അറിയപ്പെടുന്ന ഡീജെകളില്‍ ഒരാളായ ഡച്ച് ഇലക്ട്രോണിക് സംഗീത വിദഗ്ധന്‍ ടീസ്റ്റോ വീണ്ടും ഖത്തറിലെത്തുന്നു. അടുത്ത മാസം ഷെറാട്ടണ്‍ ഹോട്ടലില്‍ നടക്കുന്ന പരിപാടിയിലാണ് അദ്ദേഹം പങ്കെടുക്കുന്നത്. ഫെബ്രുവരി 25ന് നടക്കുന്ന സംഗീത മേള മേഖയില്‍ ഈ വര്‍ഷം ടീസ്റ്റോ അവതരിപ്പിക്കുന്ന വിവിധ പരിപാടികളില്‍ ആദ്യത്തേതാണ്. തിജ്‌സ് മിച്ചിയല്‍ വെര്‍വെസ്റ്റ് ആണ് വേദികളില്‍ ടീസ്റ്റോ എന്നപേരില്‍ അറിയപ്പെടുന്നത്. 2001ലാണ് അദ്ദേഹം ആദ്യമായി ശ്രദ്ധിക്കപ്പെടുന്നത്. തുടര്‍ന്നങ്ങോട്ട് ലോകത്തെ ആദ്യ മൂന്നു ഡീജെകളില്‍ എപ്പോഴും ടീസ്‌റ്റോയുടെ പേരുണ്ടായിരുന്നു. ഒളിംപിക്‌സില്‍ ലൈവ് പരിപാടി അവതരിപ്പിച്ച ആദ്യ ഡീജെയും കൂടിയാണ് ടീസ്റ്റോ. 2004ല്‍ ഏഥന്‍സ് ഒളിംപിക്‌സിലായിരുന്നു ടീസ്റ്റോയുടെ മാസ്മരിക പ്രകടനം. കഴിഞ്ഞ വര്‍ഷം ഗ്രാമി പുരസ്‌കാരവും ടീസ്റ്റോ സ്വന്തമാക്കിയിരുന്നു.
ഐക്കോണിക് ഇവന്റ്‌സാണ് ദോഹയിലെ പരിപാടി സംഘടിപ്പിക്കുന്നത്. സ്‌പെഷ്യല്‍ ഇഫക്ടുകളും കരിമരുന്നു പ്രയോഗവും ഉള്‍പ്പെടെ വിസ്മയിപ്പിക്കുന്ന പരിപാടിയാണ് ദോഹയില്‍ ഒരുക്കുന്നതെന്ന് ഐക്കോണിക്‌സിന്റെ ഡയറക്ടര്‍ ജാറെദ് മക്കുല്ലോ ദോഹ ന്യൂസിനോട് പറഞ്ഞു. കൂറ്റന്‍ എല്‍ഇഡി സ്‌ക്രീനുകള്‍, 200 ലൈറ്റുകള്‍ ഉള്‍പ്പെടെയുള്ള കൂറ്റന്‍ സ്റ്റേജ്, ഖത്തറില്‍ ഇതുവരെ കാണാത്തത്ര വലിയ ശബ്ദ സംവിധാനം എന്നിവയൊക്കെ ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2009-2010ല്‍ ആണ് ആദ്യമായി ടീസ്റ്റോ ഖത്തറിലെത്തിയത്. അതിന് ശേഷം അദ്ദേഹത്തെ ഖത്തറിലേക്ക് കൊണ്ടു വരുന്നതിന് നിരവധി ശ്രമങ്ങള്‍ നടന്നെങ്കിലും തിരക്കുകള്‍ കാരണം വിഫലമാവുകയായിരുന്നുവെന്ന് സംഘാടകര്‍ പറഞ്ഞു. ടിക്കറ്റുകളുടെ വില്‍പ്പന ഉടന്‍ ആരംഭിക്കും. 300 റിയാലാണ് ഒരാള്‍ക്കുള്ള ടിക്കറ്റിന് വില.
Next Story

RELATED STORIES

Share it