Kozhikode

ലോക ക്വിസ് ചാംപ്യന്‍ഷിപ്പ് ഇന്നു മുതല്‍

കോഴിക്കോട്: ക്വിസിലെ ഔദ്യോഗിക ലോക ചാംപ്യനെ കണ്ടെത്തുന്നതിനും ലോക റാങ്കിംഗ് പ്രസിദ്ധീകരിക്കുന്നതിനുമായി ലണ്ടന്‍ ആസ്ഥാനമായ ഇന്റര്‍നാഷനല്‍ ക്വിസ്സിങ് അസോസിയേഷന്‍ (ഐക്യുഎ) വിവിധ രാജ്യങ്ങളിലെ നൂറോളം വേദികളിലായി സംഘടിപ്പിക്കുന്ന ലോക ക്വിസിങ് ചാംപ്യന്‍ഷിപ്പിന്റെ ഈ വര്‍ഷത്തെ മല്‍സരങ്ങള്‍ക്ക് ഇന്ന് തുടക്കമാവും. മലബാര്‍ ക്രിസ്ത്യന്‍ കോളജാണ് കേരളത്തിലെ വേദി.
പ്രായ—-വിദ്യാഭ്യാസ ഭേദമന്യേ ആര്‍ക്കും പങ്കെടുക്കാം. ചരിത്രം, സംസ്‌കാരം, ലോകം, ജീവിത ശൈലി, വിനോദം, ശാസ്ത്രം, മാധ്യമരംഗം, സ്‌പോര്‍ട്‌സ് എന്നിങ്ങനെ എട്ട് വിഷയങ്ങളിലായി 240 ചോദ്യങ്ങളടങ്ങുന്ന എഴുത്തു പരീക്ഷയുടെ മാതൃകയിലായിരിക്കും മല്‍സരം. ഇവിടെ നടക്കുന്ന മല്‍സരങ്ങളില്‍ ഏറ്റവുമധികം പോയന്റ് ലഭിക്കുന്ന വ്യക്തിക്ക് പുറമേ, സ്‌കൂള്‍, കോളേജ്, വനിതാ വിഭാഗങ്ങളിലും പ്രത്യേക സമ്മാനങ്ങള്‍ നല്‍കും.
ലോക ക്വിസ്സിനോടനുബന്ധിച്ച് ഫിലിം ഫെസ്റ്റിവലിന്റെ മാതൃകയില്‍ 12 ക്വിസ് മല്‍—സരങ്ങളടങ്ങിയ മൂന്നു ദിവസത്തെ റിവര്‍ബറേറ്റ് ക്വിസ് ഫെസ്റ്റിവലിന്റെ പത്താം എഡിഷനും ഇവിടെ അരങ്ങേറും.
കേരളത്തിലെ 14 ജില്ലകളില്‍ നിന്നുമുള്ളവര്‍ക്ക് പുറമേ ചെന്നൈ, ബാംഗ്ലൂര്‍, ഹൈദരാബാദ്, മുംബൈ എന്നിവിടങ്ങളില്‍ നിന്നുമുള്ളവരും മല്‍സരത്തില്‍ പങ്കെടുക്കുന്നതിനും നിയന്ത്രിക്കുന്നതിനുമായി എത്തിച്ചേരും.
ഇന്നു രാവിലെ 9.30ന് എട്ട് മുതല്‍ താഴെയുള്ള ക്ലാസ്സുകളിലെ കുട്ടികള്‍ക്കായി സബ്ജൂനിയര്‍ ക്വിസ് നടക്കും. ശേഷം പൊതുജനങ്ങള്‍ക്കുള്ള സയന്‍സ് ക്വിസ്, പ്ലസ് ടു വരെയുള്ള കുട്ടികള്‍ക്ക് ജൂനിയര്‍ ക്വിസ്, ഉച്ചക്ക് 3.30ന് ലോക ക്വിസിംഗ് ചാമ്പ്യന്‍ഷിപ്പ്, വൈകീട്ട് ഏഴിന് പൊതുജനങ്ങള്‍ക്കുള്ള സ്‌പോര്‍ട്‌സ് ക്വിസ് എന്നിങ്ങനെയാണ് മല്‍സരങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്. രമ്യ രോഷ്‌നി, പി ടി അരുണ്‍, ഡോ. ടി വി സുലൈമാന്‍, ടി വി സുല്യാബ് എന്നിവര്‍ മല്‍സരങ്ങള്‍ നിയന്ത്രിക്കും. നാളെ രാവിലെ 9.30 മുതല്‍ എക്‌സൈസ് അഡീഷനല്‍ കമ്മീഷണര്‍ ജീവന്‍ ബാബു നയിക്കുന്ന ഇന്ത്യ ക്വിസ്, ബാംഗ്ലൂരിലെ രാജേഷ് മോഹനന്‍ നയിക്കുന്ന ജനറല്‍ ക്വിസ്, ഡോ. ആല്‍ബി ജോണ്‍ നയിക്കുന്ന കേരള ക്വിസ്, സ്‌നേഹജ് ശ്രീനിവാസ് നയിക്കുന്ന വ്യക്തിഗത ക്വിസ് എന്നിവ നടക്കും.
തിങ്കളാഴ്ച രാവിലെ 9.30ന് ജില്ലാ കലക്ടര്‍ എന്‍ പ്രശാന്ത്, തിരൂര്‍ സബ് കലക്ടര്‍ അദീല അബ്ദുല്ല എന്നിവര്‍ ചേര്‍ന്ന് അവതരിപ്പിക്കുന്ന വനിതാ ക്വിസ്, 12 മണിക്ക് പ്രശസ്ത ട്രെയിനര്‍ എ ആര്‍ രഞ്ജിത്ത് നയിക്കുന്ന കപ്പ്ള്‍ ക്വിസ്, മൂന്നു മണിക്ക് ബിജു നാരായണന്‍ നയിക്കുന്ന കോളേജ് ക്വിസ്, അഞ്ചു മണിക്ക് മലയാള സിനിമയിലെ സ്ഥലങ്ങളുമായി ബന്ധപ്പെട്ട് കോഴിക്കോട് ഡെപ്യൂട്ടി കലക്ടര്‍ ഷാമിന്‍ സെബാസ്റ്റ്യന്‍, സ്‌നേഹജ് ശ്രീനിവാസ് എന്നിവര്‍ നയിക്കുന്ന അമേരിക്കന്‍ ജംഗ്ഷന്‍ ക്വിസ് എന്നിവ നടക്കും.വ്യക്തിഗത ക്വിസ് ഒഴികെയുള്ള മല്‍സരങ്ങള്‍ക്ക് രണ്ട് പേരടങ്ങുന്ന ടീമായി മല്‍സരിക്കാം. കപ്പ്ള്‍ ക്വിസില്‍ ഒരു പുരുഷനും ഒരു സ്ത്രീയും അടങ്ങുന്ന ടീമുകള്‍ക്ക് പങ്കെടുക്കാം. വിജയികള്‍ക്ക് മൂന്നു ലക്ഷം രൂപയുടെ സമ്മാനങ്ങള്‍ നല്‍കും. മലബാര്‍ കൃസ്ത്യന്‍ കോളേജിന്റെ സഹകരണത്തോടെ ജില്ലാ ഭരണകൂടവും ക്വിസ് കേരളയും സംയുക്തമായാണ് ക്വിസ് ചാംപ്യന്‍ഷിപ്പ് സംഘടിപ്പിക്കുന്നത്.
Next Story

RELATED STORIES

Share it