ലോക്‌സഭ മുന്‍ സ്പീക്കര്‍ സാങ്മ അന്തരിച്ചു

ന്യൂഡല്‍ഹി: ലോക്‌സഭ മുന്‍ സ്പീക്കറും മേഘാലയ മുഖ്യമന്ത്രിയുമായിരുന്ന പി എ സാങ്മ(68) അന്തരിച്ചു. ഡല്‍ഹിയിലെ രാംമനോഹര്‍ ലോഹ്യ ആശുപത്രിയിലായിരുന്നു അന്ത്യം. 1996-1998 കാലയളവില്‍ ലോക്‌സഭാ സ്പീക്കറായിരുന്ന സാങ്മ 1988-1990 കാലയളവില്‍ മേഘാലയ മുഖ്യമന്ത്രിയുമായി.
കോണ്‍ഗ്രസ്സിലായിരുന്ന സാങ്മ പിന്നീട് സോണിയഗാന്ധിയുടെ നേതൃത്വത്തില്‍ പ്രതിഷേധിച്ച് ശരത്പവാര്‍, താരിഖ് അന്‍വര്‍ എന്നിവരുമായി ചേര്‍ന്ന് 1999ല്‍ എന്‍സിപി രൂപീകരിച്ചു. 2012ല്‍ പാര്‍ട്ടിയില്‍നിന്ന് രാജിവച്ച് രാഷ്ട്രപതിസ്ഥാനത്തേക്ക് പ്രണബ് മുഖര്‍ജിക്കെതിരേ മല്‍സരിച്ചെങ്കിലും പരാജയപ്പെട്ടു.
പിന്നീട് 2013ല്‍ നാഷനല്‍ പീപ്പിള്‍സ് പാര്‍ട്ടി രൂപീകരിച്ചു. വിവിധ കേന്ദ്രമന്ത്രിസഭകളിലായി കല്‍ക്കരി, തൊഴില്‍, വാര്‍ത്താവിതരണം എന്നീ വകുപ്പുകള്‍ കൈകാര്യം ചെയ്തു.
എട്ടുതവണ അദ്ദേഹം ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 1947 സപ്തംബര്‍ ഒന്നിന് മേഘാലയയിലെ ചപഹാട്ടിയില്‍ ജനിച്ച സാങ്മ വടക്കുകിഴക്കന്‍ മേഖലയില്‍നിന്ന് ദേശീയരാഷ്ട്രീയത്തിലേക്ക് ഉയര്‍ന്നുവന്ന ചുരുക്കം ദേശീയനേതാക്കളില്‍ ഒരാളാണ്.
സാങ്മയുടെ നിര്യാണത്തില്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി, കോണ്‍ഗ്രസ് അധ്യക്ഷ സോണിയഗാന്ധി, രാഹുല്‍ഗാന്ധി അനുശോചിച്ചു.
Next Story

RELATED STORIES

Share it