ലോക്‌നാഥ് ബെഹ്‌റ സ്ഥാനമേറ്റു: ജിഷ വധക്കേസ് തെളിയിക്കുന്നതിന് പ്രഥമ പരിഗണന

തിരുവനന്തപുരം: സ്ഥാനമാറ്റം സംബന്ധിച്ച വിവാദങ്ങള്‍ക്കിടെ സംസ്ഥാന പോലിസ് മേധാവിയായി ലോക്‌നാഥ് ബെഹ്‌റ സ്ഥാനമേറ്റു. ഇന്നലെയാണ് ബെഹ്‌റയെ ഡിജിപിയായി നിയമിച്ചുള്ള സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങിയത്. ഉത്തരവ് വന്നതിന് പിന്നാലെ വൈകീട്ട് നാലോടെ ബെഹ്‌റ ചുമതലയേറ്റു. മുന്‍ ഡിജിപി ടി പി സെന്‍കുമാര്‍ അവധിയില്‍ പ്രവേശിച്ചതിനാല്‍ എഡിജിപി അനില്‍കാന്തില്‍ നിന്നാണ് ബെഹ്‌റ അധികാര ദണ്ഡ് ഏറ്റുവാങ്ങിയത്. പോലിസ് ആസ്ഥാനത്തെ രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പചക്രം സമര്‍പ്പിച്ചശേഷമാണ് ബെഹ്‌റ ചുമതലയേറ്റത്. തുടര്‍ന്ന് ഗാര്‍ഡ് ഓഫ് ഓണറും അദ്ദേഹം സ്വീകരിച്ചു.
ജിഷ വധക്കേസിലെ പ്രതിയെ കണ്ടെത്തുന്നതിനാണ് പ്രഥമ പരിഗണന നല്‍കുന്നതെന്ന് സ്ഥാനമേറ്റശേഷം ബെഹ്‌റ മാധ്യമങ്ങളോട് പറഞ്ഞു. ജിഷ വധക്കേസ് കേരള പോലിസിന് വെല്ലുവിളിയാണ്. കേസ് തെളിയിക്കും. തന്റെ ഔദ്യോഗിക ജീവിതത്തില്‍ ഇതുവരെ ഒരു കേസും തെളിയിക്കാതിരുന്നിട്ടില്ല. ജിഷ വധക്കേസ് സംബന്ധിച്ച് ജോമോന്‍ പുത്തന്‍പുരയ്ക്കലിന്റെ മൊഴിയെടുക്കും. ഇന്ന് പെരുമ്പാവൂര്‍ ട്രാഫിക് സ്റ്റേഷനിലെത്താന്‍ ജോമോന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കൊലപാതകിയെ കണ്ടുപിടിക്കാന്‍ ശാസ്ത്രീയ അന്വേഷണ രീതികളും പുത്തന്‍ സാങ്കേതികവിദ്യകളും സ്വീകരിക്കും. രണ്ടു ദിവസത്തിനകം ജിഷയുടെ കേസുമായി ബന്ധപ്പെട്ട് പുതിയ ചില വിവരങ്ങള്‍ പുറത്തുവരും. കേസില്‍ രാഷ്ട്രീയക്കാര്‍ക്ക് പങ്കുണ്ടെന്ന ആരോപണങ്ങളോട് ഡിജിപി പ്രതികരിച്ചില്ല. കുറ്റവാളികളെ കണ്ടെത്തുന്നതിനാണ് പ്രഥമ പരിഗണന, അതിനു ശേഷം മറ്റ് കാര്യങ്ങളെക്കുറിച്ച് ആലോചിക്കാമെന്നും അദ്ദേഹം പറഞ്ഞു.
ഇപ്പോള്‍ തെളിയിക്കപ്പെടാതെ കിടക്കുന്ന കേസുകള്‍ക്കും പ്രാധാന്യം നല്‍കേണ്ടതുണ്ട്. കേരള പോലിസിനെ ഒന്നാമതെത്തിക്കും. പോലിസ് സേനയെ സാങ്കേതികമായി ആധുനികവല്‍ക്കരിക്കും. നിലവിലുള്ള അന്വേഷണ രീതികളില്‍ മാറ്റം കൊണ്ടുവരുമെന്നു പറഞ്ഞ ഡിജിപി പോലിസ് സേനയില്‍ സിബിഐ മാതൃകതയില്‍ അന്വേഷണ സംവിധാനം പരീക്ഷിക്കുമെന്നും പറഞ്ഞു. സ്ത്രീസുരക്ഷയ്ക്ക് മുന്‍ഗണന നല്‍കും.
സര്‍ക്കാരിന്റെ നയങ്ങള്‍ അനുസരിക്കാന്‍ എല്ലാ ഉദ്യോഗസ്ഥരും ബാധ്യസ്ഥരാണെന്നും ചോദ്യത്തിന് മറുപടിയായി ബെഹ്‌റ പറഞ്ഞു. എന്നാല്‍, സ്ഥാനമൊഴിഞ്ഞ ഡിജിപി ടി പി സെന്‍കുമാറിന്റെ പരാമര്‍ശത്തെക്കുറിച്ച് അദ്ദേഹം പ്രതികരിച്ചില്ല.
Next Story

RELATED STORIES

Share it