ലോക്പാല്‍: അധ്യക്ഷ സ്ഥാനത്തേക്ക് മൂന്ന് മുന്‍ സുപ്രിംകോടതി ജഡ്ജിമാര്‍

ന്യൂഡല്‍ഹി: ലോക്പാല്‍ അധ്യക്ഷ പദവിയിലേക്കുള്ള അപേക്ഷകരില്‍ സുപ്രിംകോടതിയില്‍നിന്നു വിരമിച്ച മൂന്നു ജഡ്ജിമാരും. ആകെ 16 പേരാണ് അധ്യക്ഷ സ്ഥാനത്തേക്ക് അപേക്ഷിച്ചത്. വിവരാവകാശ കമ്മീഷണര്‍ സുധീര്‍ ഭാര്‍ഗവയുടെ ഉത്തരവനുസരിച്ച് കേന്ദ്ര ഉദ്യോഗസ്ഥ മന്ത്രാലയം വെളിപ്പെടുത്തിയതാണ് ഈ വിവരം. സുഭാഷ് അഗര്‍വാള്‍ സമര്‍പ്പിച്ച വിവരാവകാശ ഹരജിയെത്തുടര്‍ന്നാണ് പട്ടിക പുറത്തുവിട്ടത്.
സുപ്രിംകോടതിയില്‍നിന്നു വിരമിച്ച ജസ്റ്റിസുമാരായ ജ്ഞ്യാന്‍ സുധ മിശ്ര, സി കെ പ്രസാദ്, ബല്‍ബീര്‍ സിങ് ചൗഹാ ന്‍ എന്നിവരുടെ പേരുകള്‍ സുപ്രിംകോടതി നാമനിര്‍ദേശം ചെയ്തതാണ്. ജാര്‍ഖണ്ഡ് ഹൈക്കോടതി റിട്ട. ചീഫ് ജസ്റ്റിസ് എം കല്‍പക വിനായകം, മു ന്‍ യുജിസി അംഗവും വിവരാവകാശ കമ്മീഷണറുമായിരുന്ന എം എം അന്‍സാരി, വിവരാവകാശ കമ്മീഷണര്‍ ശ്രീധര്‍ ആചാര്യലു എന്നിവരും നേരിട്ട് അപേക്ഷ നല്‍കിയവരില്‍പ്പെടും. അധ്യാപകരും സാമൂഹികപ്രവര്‍ത്തകരും പത്രപ്രവര്‍ത്തകരും അഭിഭാഷകരും ഉരുക്കു കമ്പനി തൊഴിലാളിയും ആത്മീയ പ്രഭാഷകരും വിരമിച്ച ഐഎഎസുകാരും ഐപിഎസുകാരുമാണ് മറ്റപേക്ഷകരെന്നും മന്ത്രാലയം പുറത്തുവിട്ട രേഖയി ല്‍ പറയുന്നു.
സര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരേയുള്ള അഴിമതിക്കേസുകള്‍ അന്വേഷിക്കുന്ന കേന്ദ്രത്തിലെയും സംസ്ഥാന ലോകായുക്തകളുടെയും പ്രവര്‍ത്തനം വിലയിരുത്തുന്ന ലോക്പാലിലെ അംഗങ്ങളെ തിരഞ്ഞെടുക്കുന്ന നടപടി സുതാര്യമാക്കുന്നതിന്റെ ഭാഗമായാണ് വിവരങ്ങള്‍ പുറത്തുവിടുന്നതെന്ന് സുധീര്‍ ഭാര്‍ഗവ പറഞ്ഞു. ലോക്പാലി ല്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം നേടിയെടുക്കാന്‍ ഇതാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
ലോക്പാലിലെ ചെയര്‍മാന്‍ സ്ഥാനത്തേക്കും ഒഴിവുള്ള എട്ടു അംഗങ്ങളുടെ സ്ഥാനത്തേക്കും നിയമനം നടത്തുന്നതിന് കേന്ദ്ര ഉദ്യോഗസ്ഥ മന്ത്രാലയം 2014ല്‍ അപേക്ഷകള്‍ ക്ഷണിച്ചിരുന്നു.
ന്യായാധിപ തസ്തികയിലുള്ള നാല് അംഗങ്ങളുടെയും മറ്റു വിഭാഗത്തില്‍നിന്നുള്ള നാല് അംഗങ്ങളുടെയും ഒഴിവുകളാണുണ്ടായിരുന്നത്.
Next Story

RELATED STORIES

Share it