kozhikode local

ലോക്കല്‍ ഫണ്ട് ഓഡിറ്റ് റിപോര്‍ട്; ഉള്ളിയേരി പഞ്ചായത്തില്‍ പുറമ്പോക്കുഭൂമിയുടെ വിവരമില്ല

കോഴിക്കോട്: പുറമ്പോക്കു ഭൂമിയുടെ ഉടമസ്ഥതയും വിനിയോഗവും സംബന്ധിച്ച് ഉള്ളിയേരി ഗ്രാമപ്പഞ്ചായത്തില്‍ കൃത്യമായ വിവരങ്ങളില്ലെന്ന് ലോക്കല്‍ ഫണ്ട് ഓഡിറ്റ് റിപോര്‍ട്. പഞ്ചായത്തിന്റെ ഉടമസ്ഥതയില്‍ ധാരാളം പുറമ്പോക്ക് ഭൂമിയുണ്ടെങ്കിലും അവയുടെ വിസ്തീര്‍ണം, കൈവശം എന്നിവ സംബന്ധിച്ച് കൃത്യമായ വിവരങ്ങളോ അവയുടെ ഉപയോഗത്തില്‍മേല്‍ ശരിയായ നിയന്ത്രണമോ ഇല്ലെന്നു 2012-13-14 കാലയളവിലെ ഓഡിറ്റ് റിപോര്‍ട് പറയുന്നു.
മുന്‍കാലങ്ങളില്‍ പാട്ടത്തിന് നല്‍കിയിരുന്ന പുറമ്പോക്കുഭൂമികള്‍ നിര്‍ദിഷ്ട ആവശ്യത്തിന് ഉപയോഗിക്കുന്നുണ്ടോ എന്നു പരിശോധിക്കാന്‍ പഞ്ചായത്ത് ഒരു സബ് കമ്മിറ്റി രൂപീകരിച്ചു. എന്നാല്‍ ഈ റിപോര്‍ട് പ്രകാരം തുടര്‍നടപടികള്‍ സ്വീകരിച്ചതിന്റെ വിവരങ്ങളില്ലെന്നും റിപോര്‍ട് കുറ്റപ്പെടുത്തുന്നു.
കുടിവെള്ള പദ്ധതിക്കായി വാട്ടര്‍ അതോറിറ്റിയില്‍ വലിയ തുക നിക്ഷേപിച്ചെങ്കിലും കരാര്‍ ഒപ്പിടാത്തതിനാല്‍ പൊതുജനങ്ങള്‍ക്ക് ഗുണം ചെയ്തില്ലെന്നു റിപോര്‍ട് കുറ്റപ്പെടുത്തുന്നു. കൃഷിയുടെയും അനുബന്ധ മേഖലകളുടെയും വികസനത്തിനു പദ്ധതികള്‍ തയ്യാറാക്കുമ്പോള്‍ തൊഴിലുറപ്പ് പദ്ധതിയുടെ സാധ്യതകള്‍ പ്രയോജനപ്പടുത്തിയില്ല. ബസ്റ്റാന്റില്‍ ഷോപ്പിങ് കോംപ്ലക്‌സിലെ 30 മുറികളും കൃഷി ഭവന്‍ കെട്ടിടത്തിലെ 10 മുറികളും ഗ്രാമപ്പഞ്ചായത്തിന് അനുബന്ധിച്ച കെട്ടിടത്തിലെ ഒരു മുറിയും ലേലം ചെയ്‌തെ—ങ്കിലും റജിസ്റ്ററില്‍ വ്യക്തമായ വിവരങ്ങളില്ല. ലേലം നടന്ന മുഴുവന്‍ ഇനങ്ങളുടെയും വിവരം റജിസ്റ്ററിലില്ല. പട്ടികജാതിക്കാര്‍ക്കായി നാലുലക്ഷത്തിലധികം രൂപ ചെലവ് ചെയ്ത് 29 സെന്റ് ഭൂമി വാങ്ങി, ഇത് നാലു സെന്റ് വീതമുള്ള പ്ലോട്ടുകളാക്കി. 27 പേര്‍ക്ക് ഭൂമി വാങ്ങാന്‍ സഹായം നല്‍കാന്‍ പട്ടിക തയ്യാറാക്കുകയും ചെയ്തു.
ആഗസ്റ്റ് 22ന് നടത്തിയ പരിശോധനയിലും മൂന്നു പേര്‍ക്കു മാത്രമേ വീടുവക്കാന്‍ സ്ഥലം നല്‍കിയിരുന്നുള്ളൂയെന്നു ഓഡിറ്റ് നിരീക്ഷിക്കുന്നു. എ കെ ജി വില്ല സംരക്ഷണം പ്രവൃത്തി പൂര്‍ത്തിയാക്കുന്നതില്‍ കാലതാമസം വരുത്തിയ സൊസൈറ്റിയില്‍ നിന്നും പിഴ ഈടാക്കാത്തതിനാല്‍ പഞ്ചായത്ത് ഫണ്ടിന് നഷ്ടം വന്ന 72758 രൂപ ഉത്തരവാദികളായ ഉദ്യോഗസ്ഥരില്‍ നിന്ന് ഈടാക്കണം. എരഞ്ഞോളിക്കണ്ടി കോളനി കുടിവെള്ള പദ്ധതിക്കു 2950000 രൂപ കെട്ടിവച്ചെങ്കിലും പ്രവൃത്തി ആരംഭിക്കാത്തതിനാല്‍ തുക തടസപ്പെടുത്തി.
നെടൂളി താഴെ കനാല്‍ റോഡ് നിര്‍മാണത്തില്‍ നിരവധി അപാകതകളാണ് കണ്ടെത്തിയത്. അധികം നല്‍കിയ 24772 രൂപ അസിസ്റ്റന്റ് എഞ്ചിനീയറില്‍ നിന്ന് ഈടാക്കണം. ജൈവവൈവിധ്യ റജിസ്റ്റര്‍ തയ്യാറാക്കിയെന്ന് പറഞ്ഞെങ്കിലും റജിസ്റ്ററിന്റെ വിവരമില്ലാത്തതിനാല്‍ 23500 രൂപ തടസത്തില്‍ വച്ചു. തൊഴില്‍ രഹിതര്‍ക്ക് തൊഴില്‍ ലഭ്യമാക്കാതെ തൊഴില്‍ രഹിത വേതനം നല്‍കുന്നുവെന്നും റിപോര്‍ട് വെളിപ്പെടുത്തി.
Next Story

RELATED STORIES

Share it