ലോകോത്തര വിനോദസഞ്ചാരകേന്ദ്രത്തിനുള്ള അവാര്‍ഡ് തേക്കടിക്ക്

തിരുവനന്തപുരം: ലോകത്തില്‍ ഏറ്റവുമധികം വളര്‍ന്നു വികസിക്കുന്ന രണ്ടു വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായി കേരളത്തിലെ തേക്കടിയെ  പസഫിക് ഏഷ്യ ട്രാവല്‍ അസോസിയേഷന്‍ (പാറ്റാ) തിരഞ്ഞെടുത്തു. ഫിലിപ്പീന്‍സിലെ ആല്‍ബെയുമായാണു തേക്കടി അവാര്‍ഡ് പങ്കിട്ടത്. പ്രഥമ പസഫിക് ഏഷ്യ ട്രാവല്‍ അസോസിയേഷന്‍ സിഇഒ ചലഞ്ച് 2015ലെ രണ്ടും മൂന്നും വിഭാഗത്തില്‍പ്പെട്ട നഗരങ്ങളിലാണു തേക്കടി ടോപ് എമേര്‍ജിങ് ഡെസ്റ്റിനേഷന്‍ അവാര്‍ഡ് നേടിയത്. നഗരങ്ങളുടെ ഈ വിഭാഗത്തിനു മാത്രമേ അവാര്‍ഡ് ഉണ്ടായിരുന്നുള്ളൂ.

പ്രദേശം, ജില്ല, പ്രവിശ്യ വിഭാഗത്തിലാണ് ആല്‍ബെ അവാര്‍ഡ് നേടിയത്. ലോകത്തിലെ മറ്റു വിനോദസഞ്ചാര കേന്ദ്രങ്ങളെ പിന്തള്ളിയാണ് ബാങ്കോക്കില്‍ നടന്ന അവാര്‍ഡ് പ്രഖ്യാപനത്തില്‍ തേക്കടിയും ആല്‍ബെയും മുന്നിലെത്തിയത്.അടുത്തവര്‍ഷം സപ്തംബറില്‍ ജക്കാര്‍ത്തയില്‍ നടക്കുന്ന പാറ്റ ട്രാവല്‍ മാര്‍ട്ടില്‍ കേരള ടൂറിസത്തിനു സൗജന്യ പവലിയന്‍ ലഭിക്കുന്നതിനു പുറമേ അമേരിക്കന്‍ ദ്വീപായ ഗുവാമില്‍ അടുത്ത മേയില്‍ നടക്കുന്ന പാറ്റാ വാര്‍ഷിക ഉച്ചകോടിയില്‍ കേരളത്തിനു ക്ഷണവുമുണ്ടാവും.

ലണ്ടനില്‍ നടക്കുന്ന പാറ്റാ അലൈന്‍ഡ് അഡ്‌വോക്കസി ചടങ്ങില്‍ അവാര്‍ഡ് സമ്മാനിക്കും. ട്രാവല്‍- ടൂറിസം മേഖലയിലെ ലോകത്തെ മുന്‍നിര സ്ഥാപനങ്ങള്‍ പങ്കെടുക്കുന്ന പരിപാടിയില്‍ ഐക്യരാഷ്ട്രസഭയുടെ ആഗോള ടൂറിസം ഓര്‍ഗനൈസേഷന്‍ (യുഎന്‍ ഡബ്ല്യൂടിഒ) സെക്രട്ടറി ജനറല്‍ തലീബ് റിഫായ് അതിഥിയായിരിക്കും. തേക്കടി ലോകത്തിലെ മുന്‍നിര ടൂറിസം കേന്ദ്രമാണെന്ന ഈ അംഗീകാരം ഏറെ വിലപ്പെട്ടതാണെന്നും ഇതില്‍ നമ്മുടെ സംസ്ഥാനത്തിന് ഏറെ അഭിമാനിക്കാമെന്നും ടൂറിസം മന്ത്രി എ പി അനില്‍കുമാര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it