ലോകായുക്ത അഴിമതിക്കാരെ സംരക്ഷിക്കുന്നു: വിഎസ്

തിരുവനന്തപുരം: പൊതുപ്രവര്‍ത്തകരുടെയും സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെയും അഴിമതി പുറത്തുകൊണ്ടുവരുന്നതിനായി നിയോഗിക്കപ്പെട്ട ലോകായുക്ത അഴിമതിക്കാരെ സംരക്ഷിക്കുന്ന നടപടികളാണ് സ്വീകരിക്കുന്നതെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍.
പാറ്റൂര്‍ ഫഌറ്റ് നിര്‍മാണം സംബന്ധിച്ച കേസുമായി ബന്ധപ്പെട്ട സെക്രട്ടേറിയറ്റിലെ റവന്യൂവകുപ്പിന്റെ രണ്ടു ഫയലുകളുടെ പകര്‍പ്പ് വിവരാവകാശം വഴി റവന്യൂ വകുപ്പിന്റെ ഇന്‍ഫര്‍മേഷന്‍ ഓഫിസറോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഫയലുകള്‍ ലോകായുക്തയുടെ മുമ്പാകെ സമര്‍പ്പിച്ചിരിക്കുകയാണെന്നും ഫയലുകളുടെ പകര്‍പ്പുകള്‍ ഓഫിസില്‍ സൂക്ഷിച്ചിട്ടില്ലാത്തതിനാല്‍ നല്‍കാന്‍ കഴിയുകയില്ലെന്നും അറിയിച്ചു. ഇതുസംബന്ധിച്ച് മുഖ്യവിവരാവകാശ കമ്മീഷണര്‍ക്ക് അപ്പീല്‍ നല്‍കിയതിനെ തുടര്‍ന്ന് മുഖ്യവിവരാവകാശ കമ്മീഷണര്‍ ഫയലുകളുടെ പകര്‍പ്പ് പ്രതിപക്ഷനേതാവിന് നല്‍കുന്നതിന് ലോകായുക്തയുടെ ഓഫിസിലെ സ്‌റ്റേറ്റ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ക്ക് നിര്‍ദേശം നല്‍കി.
എന്നാല്‍, ലോകായുക്തയുടെ പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ ഈ ഫയലുകള്‍ കേസിന്റെ ഭാഗമായതിനാല്‍ പകര്‍പ്പ് നല്‍കാന്‍ കഴിയുകയില്ലെന്ന് കഴിഞ്ഞദിവസം അറിയിച്ചിരിക്കുകയാണ്. ഈ ഫയലുകളിലാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഫഌറ്റ് നിര്‍മാതാക്കള്‍ക്ക് അനുകൂലമായ ഉത്തരവ് ഇട്ടിട്ടുള്ളത്. ഇത് പുറത്തു വരുന്നതുമൂലമുണ്ടാവുന്ന ഭവിഷ്യത്ത് തടയുന്നതിനുവേണ്ടിയാണ് ഈ ഫയലിന്റെ പകര്‍പ്പ് പ്രതിപക്ഷനേതാവിന് നല്‍കാതിരുന്നത്. ഇത് ലോകായുക്ത പോലുള്ള സ്ഥാപനങ്ങളുടെ വിശ്വാസ്യത സംബന്ധിച്ച് പൊതുജനങ്ങളില്‍ ആശങ്കയുണ്ടാക്കുമെന്നും വിഎസ് വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.
Next Story

RELATED STORIES

Share it